ഗതാഗതം പുന:സ്ഥാപിക്കണം, പൊതുസ്ഥാപനങ്ങള്‍ തുറക്കണം, പരീക്ഷകള്‍ നടക്കണം; ഹര്‍ത്താലിനെതിരെ ഹൈക്കോടതി

Posted on: February 18, 2019 1:02 pm | Last updated: February 18, 2019 at 4:22 pm

കൊച്ചി: മിന്നല്‍ ഹര്‍ത്താലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ നിര്‍ദേശം. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന് കോടതിയലക്ഷ്യ നോട്ടീസയക്കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കി. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ക്കും നോട്ടീസയക്കാനും നിര്‍ദേശിച്ചു. ഇരുവരോടും വെള്ളിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാകാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഐസിഎസ് സി പരീക്ഷകള്‍ ദേശീയ തലത്തില്‍ നടക്കുന്നതാണെന്നും മാറ്റിവെക്കുന്നത് അപ്രായോഗികമായതുകൊണ്ട് വിദ്യാര്ഥികള്‍ക്ക് സുരക്ഷിതമായി പരീക്ഷക്ക് ഹാജരാകാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പൊതുഗതാഗതം പുനസ്ഥാപിക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള പൊതു സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ടെങ്കില്‍ തുറക്കണമെന്നും അടച്ചിട്ടുണ്ടെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കോടതി ഓര്‍മിപ്പിച്ചു.