അമ്പലപ്പുഴയില്‍ മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

Posted on: February 18, 2019 10:05 am | Last updated: February 18, 2019 at 1:23 pm

അമ്പലപ്പുഴ: മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യന്‍(20)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി വാടക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമനെ(42) പോലീസ് അറസ്റ്റ് ചെയ്തു.

കുര്യന്‍ സോളമന്റെ മകളെ നിരന്തരം ശല്യം ചെയ്യുകയും പ്രേമാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് സോളമന്‍ നിരവധി തവണ താക്കീത് ചെയ്‌തെങ്കിലും കുര്യന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഞായറാഴ്ച ബൈബിള്‍ ക്ലാസ് കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടിയെ കുര്യന്‍ ശല്യം ചെയ്തു. ഇതറിഞ്ഞെത്തിയ സോളമന്‍ കുര്യനെ കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. വാടക്കല്‍ ദൈവജനമാത പള്ളിക്ക് സമീപമായിരുന്നു സംഭവം. കുര്യനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചോടെ മരിച്ചു.