മുങ്ങാനായി പൊങ്ങുന്ന ചിട്ടിക്കമ്പനികൾ

Posted on: February 18, 2019 6:02 am | Last updated: February 17, 2019 at 11:34 pm

നിക്ഷേപകരെ വഞ്ചിച്ചു ചിട്ടിക്കമ്പനി പൂട്ടുകയും ഉടമകൾ മുങ്ങുകയും ചയ്യുന്ന വാർത്തകൾ അടിക്കടി വന്നു കൊണ്ടിരിക്കയാണ്. രണ്ട് ദിവസം മുമ്പാണ് തൃശൂർ ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്നതും സംസ്ഥാനത്തൊട്ടാകെ നാൽപതോളം ശാഖകളുള്ളതുമായ ചിട്ടിക്കമ്പനിയുടെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ അടച്ചു പൂട്ടിയത്. ഏതാനും ദിവസങ്ങളായി സ്ഥാപന ഉടമകളെ സംബന്ധിച്ച് യാതൊരു വിവരവുമില്ലാതാകുകയും ഇടപാടുകൾക്കാവശ്യമായ പണം സ്ഥാപനത്തിൽ ഇല്ലാതാകുകയും ചെയ്തതോടെ അടച്ചുപൂട്ടാൻ ജീവനക്കാർ നിർബന്ധിതരാകുകയായിരുന്നു. ഈ ചിട്ടിക്കമ്പനിയുടെ മറ്റു പല ശാഖകളും അടുത്ത ദിവസങ്ങളിലായി ഇടപാടുകാരെ അറിയിക്കാതെ നിർത്തലാക്കിയിരുന്നു. തൃശൂർ കരുവന്നൂർ തേലപ്പിള്ളി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചുപൂട്ടി ഉടമകൾ സ്ഥലംവിട്ടത് നാല് ദിവസം മുമ്പാണ്. വിവിധ ജില്ലകളിലെ നാൽപതോളം ശാഖകളിലായി 5000 രൂപ മുതൽ 15 ലക്ഷം വരെ നിക്ഷേപമുള്ള പതിനായിരത്തിലധികം ഇടപാടുകാരുള്ള സ്ഥാപനമാണിത്. ഡയറക്ടർമാർക്കെതിരെ പോലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു അന്വേഷണം നടത്തി വരികയാണ്.

ഏഴ് മാസം മുമ്പാണ് കോട്ടയത്ത് സ്വകാര്യ ബേങ്ക്, ചിട്ടിക്കമ്പനി, ജ്വല്ലറി എന്നിവ നടത്തിയിരുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കോട്ടയം സബ് കോടതിയിൽ പാപ്പർ ഹരജി നൽകിയ ശേഷം മുങ്ങിയത്. വിവിധ ബേങ്കുകൾ, സ്വകാര്യ ബേങ്കുകൾ, വൻകിട ചിട്ടിക്കമ്പനികൾ എന്നിവരിൽ നിന്നെല്ലാം പണം വാങ്ങിയ ശേഷം ഭാര്യക്കൊപ്പം ഒളിവിൽ പോയിരുന്ന സ്ഥാപന ഉടമയെ പിന്നീട് പോലീസ് പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ അയാൾ കോട്ടയത്തെ ഒരു സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു. പോലിസിന്റെ കണ്ണ് വെട്ടിച്ച് ആറാം നിലയിൽ നിന്ന് ചാടുകയായിരുന്നു. 5100 നിക്ഷേപകരുടെ 35 കോടി രൂപയാണ് ഇതുവഴി നഷ്ടമായത്. എറണാകുളം ചിറ്റൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം, നായരമ്പലം ആസ്ഥാനമായുള്ള ചിട്ടിക്കമ്പനി, കേരളതമിഴ്‌നാട് അതിർത്തിയിൽ പളുകൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നത് തുടങ്ങി അടുത്ത മൂന്നുനാല് വർഷങ്ങൾക്കുള്ളിൽ അടച്ചുപൂട്ടിയ ചിട്ടിക്കമ്പനികൾ സംസ്ഥാനത്ത് നിരവധിയുണ്ട്.

കൂണു പോലെ ചിട്ടിസ്ഥാപനങ്ങൾ തുടങ്ങലും ആകർഷകമായ പരസ്യങ്ങളിലൂടെയും പ്രചാരണ പ്രവർത്തനങ്ങളിലൂടെയും ആയിരക്കണക്കിന് നിക്ഷേപകരെ സമ്പാദിച്ച ശേഷം പൂട്ടലും സംസ്ഥാനത്തും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സാധാരണമാണ്. നിക്ഷേപകരിൽ നിന്ന് പണം തട്ടി മുങ്ങിയതിന് 164 ചിട്ടിക്കമ്പനികൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലാണെന്നാണ് രണ്ട് വർഷം മുമ്പ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയിൽ വെളിപ്പെടുത്തിയത്. കേസ് കേന്ദ്ര ഏജൻസികളിലെത്താത്ത നൂറുക്കണക്കിനു സംഭവങ്ങൾ വേറെയുമുണ്ട്. ചെറുതും വലുതുമായി ആയിരക്കണക്കിനു ചിട്ടിസ്ഥാപനങ്ങളുണ്ട് കേരളത്തിൽ മാത്രം. പ്രതിവർഷം കുറഞ്ഞത് 650 കോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട് ഈ മേഖലക്ക്. തൃശൂരാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രധാനകേന്ദ്രം. ജില്ലയിൽ 6000 ൽ പരം കമ്പനികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
സംസ്ഥാനത്ത് മൾട്ടിലവൽ മാർക്കറ്റിംഗ് കമ്പനികളുടെ പ്രവർത്തനം നിലച്ചതോടെയാണ് ചിട്ടിക്കമ്പനികൾ കൂടുതലായി ഉയർന്നുവരാൻ തുടങ്ങിയത്. ഇടപാടുകാരെ ലഭിക്കാൻ ഇവർ പല തന്ത്രവും പ്രയോഗിക്കും. ക്രൈസ്തവർ കൂടുതലുള്ള മധ്യതിരുവിതാംകൂറിൽ ആളുകളെ ആകർഷിക്കാനായി വൈദികരെ സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാറുണ്ട്. പുതുതായി ഉടലെടുക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെയും ചിട്ടിക്കമ്പനികളുടെയും തുടക്കത്തിലുള്ള ഇടപാടുകൾ വളരെ കൃത്യമായിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളേതിനേക്കാൾ ഉയർന്ന പലിശ നിരക്കും ഇവർ പ്രഖ്യാപിക്കും. ഇതേതുടർന്നു ധാരാളം പേർ ചിട്ടിയിൽ ചേരുകയും സ്ഥാപനത്തിൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. നിക്ഷേപം ദശകോടികളോ ശതകോടികളോ എത്തുമ്പോഴാണ് ഉടമകൾ സ്ഥലം വിടുന്നത്. ഇവരിൽ ചിലർ ഒരു ബിസിനസ് സംരഭമെന്ന നിലയിൽ സ്ഥാപനം തുടങ്ങി പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴാണ് മുങ്ങുന്നതെങ്കിൽ വേറൊരു വിഭാഗം നിക്ഷേപകരെ വഞ്ചിച്ചു മുങ്ങണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് സ്ഥാപനം ആരംഭിക്കുന്നത്.
നിക്ഷേപകരെ കബളിപ്പിക്കുന്നത് വർധിച്ചതോടെ 1982ൽ കേന്ദ്ര സർക്കാറും 2012ൽ കേരള സർക്കാറും ചിട്ടി നിയമം പാസാക്കിയിട്ടുണ്ട്. തട്ടിപ്പും വെട്ടിപ്പും പിന്നെയും തുടർന്നതിനെ തുടർന്നു കേന്ദ്ര സർക്കാർ പുതിയ ചില വ്യവസ്ഥകൾ കൂടി ചേർത്തു കഴിഞ്ഞ വർഷം ‘ദി ബാനിംഗ് ഓഫ് അൺറഗുലേറ്റഡ് ഡെപ്പോസിറ്റ് ബിൽ-2018’ എന്ന പേരിൽ 1982-ലെ ചിട്ടി നിയമം ഒന്നുകൂടി കർക്കശമാക്കിയിട്ടുണ്ട്. അനധികൃത ഇപാട് നടത്തുന്നവർക്കും നിക്ഷേപിച്ച പണം തിരിച്ചു കൊടുക്കുന്നതിൽ മുടക്കം വരുത്തുന്നവർക്കും കടുത്ത ശിക്ഷ നിർദേശിക്കുന്ന ഈ നിയമം കർക്കശമായി നടപ്പാക്കിയാൽ ചിട്ടിത്തട്ടിപ്പ് വിലയൊരവോളം നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ, തട്ടിപ്പ് തടയുന്നതിന് മുൻകൈയെടുക്കേണ്ട നിയമപാലകരും ഉദ്യോഗസ്ഥ വിഭാഗവും പലപ്പോഴും തട്ടിപ്പുകാർക്ക് ഒത്താശ ചെയ്യുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തുണ്ട്. ഇതാണ് അധികൃതരുടെ കൺവെട്ടത്തു പോലൂം അനധികൃത സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനും ഇടപാടുകാരെ വഞ്ചിച്ചു മുങ്ങാനും ധൈര്യമേകുന്നത്.