18 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം സഹോദരിയുടെ വീട്ടിലെ ഫ്രീസറില്‍!

Posted on: February 17, 2019 9:31 pm | Last updated: February 17, 2019 at 10:27 pm

സഗ്രബ് (ക്രൊയേഷ്യ): 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം സഹോദരിയുടെ വീട്ടിലെ ഫ്രീസറില്‍ കണ്ടെത്തി. ക്രൊയേഷ്യയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 2000ല്‍ കാണാതായ 23-കാരി ജാസ്മിന ഡൊമിനിക്കിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

സഗ്രബില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് ജാസ്മിനയെ കാണാതായത്. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് സഹോദരിയുടെ വീട്ടിലെ ഫ്രീസറില്‍ മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും മൂന്ന് കുട്ടികളും കഴിഞ്ഞിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 45കാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. സഹോദരിയാണെന്ന് സൂചനയുണ്ട്.

പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്നാണ് പോലീസ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ ഉറപ്പിക്കാനാകൂവെന്ന് പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.