ദുബൈ പോലീസിന്റെ സഹായത്തോടെ സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ പദ്ധതി കേരളത്തിലും: മുഖ്യമന്ത്രി

Posted on: February 17, 2019 7:27 pm | Last updated: February 17, 2019 at 7:27 pm

ദുബൈ: സ്മാര്‍ട് പദ്ധതികളിലൂടെ കേരളാ പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ദുബൈ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ മധ്യ പൗരസ്ത്യ മേഖലാ സമ്മേളന സമാപന സദസില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബൈ പോലീസ് വിജയകരമായി നടപ്പില്‍ വരുത്തിയ സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ പദ്ധതി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് സ്മാര്‍ട് പദ്ധതികളുടെ പ്രവര്‍ത്തന രീതി മനസിലാക്കുന്നതിന് സന്ദര്‍ശനം നടത്തിയത്. ഇത്തരം പദ്ധതി കേരളത്തില്‍ സ്ഥാപിക്കുന്നതിന് ദുബൈ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഡി ജി പി, ഐ ടി സെക്രട്ടറി എന്നിവരോട് ഇതിന്റെ തുടര്‍ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രത്യേക അഭ്യര്‍ഥന പ്രകാരം മലയാള ഭാഷ ജുമൈറയിലെ സ്മാര്‍ട് പോലീസ് സ്റ്റേഷനില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ സര്‍ഗാത്മകതകള്‍ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതിന് ദുബൈ എമിറേറ്റില്‍ മലയാളികള്‍ക്കായി ഒരു സാംസ്‌കാരിക സംഘടന രൂപീകരിക്കുന്നതിന് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മലയാളി സമൂഹത്തില്‍ നിന്ന് വൈകാതെ സര്‍ഗ വൈഭവവും കലാ ചാരുതയുമുള്ളവരെ തിരഞ്ഞെടുത്തു സംഘടനക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ‘സി ഡി എ മേധാവിയെ കണ്ട്, അബുദാബി കെ എസ് സി മാതൃക ചൂണ്ടിക്കാട്ടി. ദുബൈയിലും ആകുമെന്ന് വാക്കാല്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇനി, തിരുവനന്തപുരത്ത് അപേക്ഷ തയാറാക്കണം. ലോക കേരള സഭ ദുബൈയില്‍ നടത്തുന്നതിനെതിരെ പാരയുണ്ടായിരുന്നു. അത് കൂട്ടാക്കാത്തതിന് നന്ദി പറയാന്‍ കൂടിയാണ് മേധാവിയെ കണ്ടത്.’ പ്രളയ കാലത്തു നേടിയെടുത്ത ഒത്തൊരുമ നശിപ്പിക്കാന്‍ വിധ്വംസക ശക്തികള്‍ പ്രയത്‌നിക്കുന്നുണ്ട്. അത്തരം ചിന്തകളെ ഒറ്റപ്പെടുത്തുന്ന വിധത്തില്‍ പ്രവാസികളടക്കമുള്ള മലയാളികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമ സഭാ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസ്, നോര്‍ക്ക ഡയറക്ടര്‍ ഇളങ്കോവന്‍ ഐ എ എസ്, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസഫലി, ഡി എം ഹെല്‍ത്ത് കെയര്‍ എം ഡി ഡോ. ആസാദ് മൂപ്പന്‍, ഡോ. രവി പിള്ള, കാരാട്ട് റസാഖ് എം എല്‍ എ, പാറക്കല്‍ അബ്ദുല്ല എം എല്‍ എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിവിധ ഉപസമിതികളുടെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ സമാപന സമ്മേളനത്തില്‍ പദ്ധതി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് മൊമെന്റോ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഫൈസല്‍ ചെന്ത്രാപ്പിന്നി