Connect with us

International

പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍; ഭീകരരെ നേരിട്ടില്ലെങ്കില്‍ ഇടപെടും

Published

|

Last Updated

തെഹ്‌റാന്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ ഭീഷണി നേരിടുന്ന പാക്കിസ്ഥാന് ഇറാനില്‍ നിന്നും വെല്ലുവിളി. ഇറാന്‍ അതിര്‍ത്തിയില്‍ ജെയ്ഷുല്‍ അദല്‍ എന്ന തീവ്രസലഫിസ്റ്റ് സംഘടന നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ സായുധ സേനയായ ഐ ആര്‍ ജി സി രംഗത്തെത്തിയത്. ഇറാന്റെ ഭാഗത്ത് നിന്നുള്ള പ്രതികാര നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പാക്കിസ്ഥാന്‍ ജെയ്ഷുല്‍ അദല്‍ ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ ആര്‍ ജി സി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അലി ജഅ്ഫരി വ്യക്തമാക്കി. ഇതില്‍ എന്തെങ്കിലും വീഴ്ച പറ്റിയാല്‍ തീവ്രവാദികളെ തങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്റെ സഹോദര രാജ്യമായ ഇറാന്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്നലത്തേത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യമായിരുന്നു ഉന്നയിച്ചിരുന്നതെങ്കില്‍ ജഅ്ഫരിയുടെ പ്രസ്താവനയില്‍ ശക്തമായ താക്കീതുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍ വിശദീകരിക്കുന്നു.

ഇറാന്റെ പാരമ്പര്യ ശത്രുക്കളായ സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക്കിസ്ഥാനിലെത്തിയതിന് പിന്നാലെയാണ് ജഅ്ഫരിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. മുഹമ്മദ് രാജകുമാരന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായും പാക് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തു.
അമേരിക്കക്കും സിയോണിസ്റ്റ് ഭരണകൂടത്തിനുമൊപ്പം ചേര്‍ന്ന് സഊദിയും യു എ ഇയും ഭീകരാക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവും ജഅ്ഫരി ഉന്നയിച്ചിട്ടുണ്ട്. സഊദിയോടും യു എ ഇയോടും തങ്ങള്‍ കാണിച്ച ക്ഷമ കൂടുതല്‍ കാലം ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേവലം ആരോപണത്തിനപ്പുറത്തേക്ക് പാക്കിസ്ഥാന് നേരെയുള്ള മുന്നറിയിപ്പാണ് ജഅ്ഫരിയുടെ പ്രസ്താവനയെന്ന് തെഹ്‌റാനിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ബുധനാഴ്ചയാണ് ബലൂചിസ്ഥാനിലെ സിസ്താനില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനെതിരെ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ 13 സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. 2013 മുതല്‍ ഇറാന്‍ സൈന്യത്തിന് നേരെ ജെയ്ഷുല്‍ അദല്‍ ആക്രമണം നടത്തിവരുന്നുണ്ട്. ആക്രമണങ്ങളില്‍ ഇതുവരെ 14 സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അല്‍ഖാഇദ അടക്കമുള്ള സലഫിസ്റ്റ് ഭീകര സംഘടനയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ജെയ്ഷുല്‍ അദല്‍. അതിര്‍ത്തിയിലെ തീവ്രവാദി സംഘടനക്കെതിരെ ശക്തമായ ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

Latest