മുന്‍തൂക്കം സൈനിക നടപടിക്ക് തന്നെ

Posted on: February 17, 2019 9:43 am | Last updated: February 17, 2019 at 3:04 pm

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണമടക്കമുള്ള സൈനിക നടപടികളുടെ സാധ്യതകളാണ് സൈന്യം പരിശോധിക്കുന്നതെന്നാണ് സൂചന. സുഖോയ് അടക്കമുള്ള യുദ്ധവിമാനങ്ങള്‍ വഴി ഇത് സാധ്യമാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ തിരിച്ചടിക്കാന്‍ സേനക്ക് എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കൂടാതെ, സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്നും ഭീകരര്‍ എവിടെയൊളിച്ചാലും സൈന്യം കനത്ത തിരിച്ചടി നല്‍കുമെന്നും മോദി, മഹാരാഷ്ട്രയിലെ പൊതുയോഗത്തില്‍ സംസാരിക്കവേ ആവര്‍ത്തിച്ചു. ശക്തമായ തിരിച്ചടി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഉണ്ടാകുമെന്ന സൂചന തന്നെയാണ് പ്രധാനമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.

അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ അമേരിക്കയുടെ പൂര്‍ണ പിന്തുണ ലഭിച്ചത് ഇന്ത്യ പ്രതീക്ഷയോടെയാണ് കാണുന്നത്. ഭീകരവാദികള്‍ക്ക് താവളമൊരുക്കുന്നതില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറണമെന്ന് അമേരിക്ക പ്രതികരിച്ചിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അംഗരാജ്യങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന യു എന്‍ രക്ഷാസമിതിയുടെ പ്രമേയത്തിലെ സുപ്രധാന വരികള്‍ അമേരിക്ക പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മുസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ, യു എന്‍ രക്ഷാസമിതിയിലെ രാജ്യങ്ങള്‍ക്ക് മുമ്പാകെ ആവര്‍ത്തിച്ചു.