വീരജവാന്‍ വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു

Posted on: February 16, 2019 3:33 pm | Last updated: February 16, 2019 at 7:22 pm
SHARE

മലപ്പുറം: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി വി വസന്തകുമാറിന്റെ (42) മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. സംസ്ഥാന ബഹുമതികളോടെ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ മൃതദേഹം ഏറ്റുവാങ്ങി.

കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, മന്ത്രിമാരായ ഇ പി ജയരാജന്‍, എകെ ശശീന്ദ്രന്‍, കെടി ജലീല്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മൃതദേഹം റോഡ് മാര്‍ഗം വയനാട്ടിലേക്ക് കൊണ്ടുപോകും. പോകും വഴി കോഴിക്കോട് തൊണ്ടയാട് രണ്ട് മിനുട്ട് നേരം മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ തൃക്കൈപറ്റയിലെ സമുദായ ശ്മശാനത്തില്‍ പൂര്‍ണ സൈനിക സംസ്ഥാന ബഹുമതികളോടെ ധീരജവാന് വിട നല്‍കും.

ലക്കിടി സ്വദേശിയായ വസന്തകുമാര്‍ വാഴക്കണ്ടി വീട്ടില്‍ പരേതനായ വാസുദേവന്റെയും ശാന്തയുടെയും മകനാണ്.
ഈ മാസം ഒമ്പതിനാണ് കുന്നത്തിടവക വാഴക്കണ്ടി വീട്ടില്‍ വസന്തകുമാര്‍ അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി മടങ്ങിയത്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ബറ്റാലിയന്‍ മാറാനുള്ള അഞ്ച് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കുക എന്ന ലക്ഷ്യവുമായാണ് നാട്ടിലെത്തിയത്. ഭാര്യ: ഷീന. മക്കള്‍: അനാമിക (എട്ട്) അമര്‍ദീപ് (അഞ്ച്). ഏക സഹോദരി: വസുമിത.

LEAVE A REPLY

Please enter your comment!
Please enter your name here