Connect with us

Editorial

പ്രത്യാക്രമണം, രാഷ്ട്രീയ പരിഹാരവും

Published

|

Last Updated

കശ്മീര്‍ നയത്തില്‍ സര്‍ക്കാറിനെ പുനരാലോചനക്ക് പ്രേരിപ്പിക്കേണ്ടതാണ് വ്യാഴാഴ്ച പുല്‍വാമയിലുണ്ടായ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. 2001ന് ശേഷം കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ വിലപ്പെട്ട 40 സൈനിക ജീവനുകളാണ് നഷ്ടപ്പെട്ടത്. ജമ്മുവില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ സി ആര്‍പി എഫ് ജവാന്മാരുമായി ശ്രീനഗറിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിലേക്ക് തീവ്രവാദികള്‍ സ്‌ഫോടകവസ്തുനിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 3. 15 ഓടെയാണ് സംഭവം. സംഭവ സ്ഥലത്തിന്റെ പത്ത് കി.മീറ്റര്‍ ചുറ്റളവില്‍ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടിരുന്നുവെന്ന പ്രദേശവാസികളുടെ സാക്ഷ്യം അതിന്റെ തീവ്രതയിലേക്ക് വിരല്‍ ചൂണ്ടുന്നു. സലഫിസ്റ്റ് ആശയക്കാരായ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിലെ പുല്‍വാമ സ്വദേശി ആദില്‍ അഹ്മദ് എന്ന ചാവേറാണ് അക്രമണം നടത്തിയത്. സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമുണ്ട്.

സംഭവത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായും ഉത്തരവാദപ്പെട്ടവരില്‍ ചില അവഗണനകള്‍ ഇക്കാര്യത്തില്‍ ഉണ്ടായെന്നും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറയുന്നു. വീര്യമേറിയ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഫെബ്രുവരി എട്ടിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവത്രെ. ഈ മുന്നറിയിപ്പ് വേണ്ടത്ര ഗൗരവത്തോടെ എടുത്തിരുന്നെങ്കില്‍ ഒരു പരിശോധനയും കൂടാതെ ഭീകരവാദികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിക്കുമായിരുന്നോ? ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തുകയും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

സമീപ കാലത്തായി കശ്മീരില്‍ ഭീകര സംഘടനകളുടെ കരങ്ങളാല്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. 2014 നവംബറില്‍ കത്താറിലും 2015 മാര്‍ച്ചില്‍ കത്‌വയിലും നടന്ന ആക്രമണങ്ങളില്‍ സൈനികരടക്കം 18 പേരാണ് കൊല്ലപ്പെട്ടത്. 2016ല്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആറും ഉറിയില്‍ 17ഉം നഗ്രോഡിയില്‍ ഏഴും സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാന്മാര്‍ക്കു നേരെയുള്ള നിരന്തര ഭീകരാക്രമണവും മരണവും രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതു പോലെ രാജ്യത്തിനു വേണ്ടിയുള്ള അവരുടെ ത്യാഗവും ജീവാര്‍പ്പണവും ഒരിക്കലും വ്യര്‍ഥമാകില്ല. ജനങ്ങള്‍ ഒന്നടങ്കം അവരുടെ കുടുംബങ്ങളോടൊപ്പമുണ്ടാകും. ഈ രക്തസാക്ഷികള്‍ എന്നും അനുസ്മരിക്കപ്പെടുകയും ചെയ്യും. എങ്കിലും ജവാന്മാരെ ഇനിയും ഭീകരരുടെ തോക്കുകള്‍ക്ക് വിട്ടുകൊടുത്തു കൂടാ. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഭീകരത അവസാനിപ്പിക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടും ഭീകരവാദികളുടെ ശക്തി ക്ഷയിക്കുന്നില്ലെന്ന് മാത്രമല്ല, അവര്‍ കൂടുതല്‍ കരുത്തു നേടുകയാണെന്ന കാര്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഉറിയിലെ ഭീകരാക്രമണത്തിന് പ്രതികാരമായാണ് 2016 സെപ്തംബറില്‍ ഇന്ത്യന്‍ സൈനികര്‍ മിന്നലാക്രമണം നടത്തിയത്. ഇതോടെ ഭീകരാക്രമണങ്ങള്‍ക്ക് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആ ധാരണ അബദ്ധമാണെന്ന് “പുല്‍വാമ” പറയുന്നു. സൈനികശക്തി കൊണ്ടുള്ള പ്രതിരോധത്തെക്കാളേറെ രാഷ്ട്രീയമായ സമീപനമാണ് കശ്മീര്‍ ഭീകരാക്രമണത്തിന് കൂടുതല്‍ പ്രായോഗികമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ ഉള്‍പ്പെടെ ഭരണപക്ഷത്തെ തന്നെ പ്രമുഖരും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ പി ചിദംബരവും മറ്റും അഭിപ്രായപ്പെട്ടിരുന്നതാണ്. ദേശീയ സുരക്ഷയുടെ ചട്ടക്കൂടില്‍ മാത്രം നോക്കിക്കാണുന്ന സര്‍ക്കാറിന്റെ സമീപനവും ഇതൊരു രാഷ്ട്രീയ പ്രശ്‌നമായി കാണാന്‍ തയ്യാറാവാത്തതുമാണ് കശ്മീരിനെ സങ്കീര്‍ണവും രൂക്ഷവുമാക്കിയതെന്ന് പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് യശ്വന്ത്‌സിന്‍ഹ അഭിപ്രായപ്പെട്ടത്. വാജ്പയിയുടെ കാലത്ത് മാനവികതയുടെ തലത്തില്‍നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിന് നീക്കമുണ്ടായപ്പോള്‍ കശ്മീരികള്‍ അതിനെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന കാര്യവും സിന്‍ഹ ചൂണ്ടിക്കാട്ടി.

സലഫിസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ജെയ്‌ഷെ മുഹമദ്. അതിര്‍ത്തി മേഖല എന്നും സംഘര്‍ഷഭരിതമാക്കുന്ന ഇവരെ നിലക്കുനിര്‍ത്താന്‍ ശക്തമായ തിരിച്ചടി അനിവാര്യമാണ്. പുല്‍വാമ അക്രമത്തിന് ഭീകരര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത മറുപടി നല്‍കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രിയും വ്യക്തമാക്കി.
ആഗോള തലത്തിലും സംഭവം കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്ക പാക്കിസ്ഥാന് കടുത്ത താക്കീത് നല്‍കുകയും ഭീകരര്‍ക്കുള്ള എല്ലാ പിന്തുണയും ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍, സൈനികമായ മറുപടിക്കൊപ്പം യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടിയതു പോലെ കശ്മീരില്‍ രാഷ്ട്രീയ പരിഹാരവും പരീക്ഷിക്കാവുന്നതാണ്. സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും അതുവഴി തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കളുടെ ചേക്കേറ്റം തടയാനും സാധിച്ചേക്കും. കശ്മീരികളുടെ അസംതൃപ്തി ചൂഷണം ചെയ്താണ് ഭീകരവാദികള്‍ ശക്തിപ്രാപിക്കുന്നതെന്ന കാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്.