വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായമേകാന്‍ സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രി

Posted on: February 15, 2019 7:16 pm | Last updated: February 15, 2019 at 9:50 pm

ശ്രീനഗര്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് പരമാവധി സഹായങ്ങളെത്തിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.

ഭീകര സംഘടനകള്‍ പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും (ഐ എസ് ഐ) മറ്റുമായി ഭീകര പ്രവര്‍ത്തന ഗൂഢാലോചനകളില്‍ പങ്കെടുക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ നിന്നും ഐ എസ് ഐയില്‍ നിന്നും പണം സ്വീകരിച്ച് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. കശ്മീരി ജനയുടെ, പ്രത്യേകിച്ച് യുവാക്കളുടെ ജീവിതവും ഭാവിയും കൊണ്ടാണ് അവര്‍ പന്താടുന്നത്- മന്ത്രി പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ സൈനിക വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്ത് മറ്റു വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ഇതുകാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതില്‍ ഖേദിക്കുന്നതായും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ ശ്രീനഗറിലെ ആര്‍മി ബേസ് ക്യാമ്പില്‍ ചെന്നു കണ്ട ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.