Connect with us

Kozhikode

തീവ്രവാദ ആരോപണത്തിന്റെ പേരില്‍ 'സലഫി' പ്രയോഗം ഒഴിവാക്കാനാകില്ല മുജാഹിദ് സമ്മേളനം

Published

|

Last Updated

കോഴിക്കോട്: തീവ്രവാദത്തിന്റേയും ഐ എസ് റിക്രൂട്ട്മെന്റിന്റേയും പശ്ചാത്തലത്തില്‍ “സലഫി” പ്രയോഗം സംഘടനാതലത്തില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കെ എന്‍ എം സമ്മേളനം. ടി പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള മുജാഹിദ് സി ഡി ടവര്‍ വിഭാഗമാണ് സംഘടനാ തലത്തില്‍ നിന്ന് സലഫി എന്ന പ്രയോഗം ഒഴിവാക്കാനാകില്ലെന്ന് പ്രഖ്യാപിച്ചത്.
ഐ എസ് പോലുള്ള തീവ്രവാദ സംഘങ്ങള്‍ക്ക് ആശയഅടിത്തറ ഒരുക്കുന്ന സലഫിസം ആഗോള തലത്തില്‍ തന്നെ പ്രതിരോധത്തിലാണ്. തീവ്രവാദ സംഘങ്ങളില്‍ ചേരാന്‍ പലായനം ചെയ്തതായി അന്വേഷണ ഏജന്‍സികള്‍ പറയുന്ന മലയാളി യുവാക്കള്‍ സലഫി പശ്ചാത്തലത്തിലുള്ളവരുമായിരുന്നു. ഈ സാഹചര്യത്തില്‍ സലഫി എന്ന പ്രയോഗം ഒഴിവാക്കണമെന്നും മുജാഹിദ്, ഇസ്ലാഹീ തുടങ്ങിയ പേരുകള്‍ വ്യാപകമാക്കണമെന്നും ഇങ്ങനെ തീവ്രവാദ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നും സംഘടനക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. “”ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്ക് മാറ്റാനാവുന്നതല്ല നമ്മള്‍ കാലങ്ങളായി ഉപയോഗിക്കുന്ന ഈ നാമങ്ങള്‍. സലഫികള്‍ എന്ന പേരിലുള്ള മതഭ്രാന്തന്‍മാരാണ് ഐ എസ്. അവര്‍ക്ക് സലഫികളുമായി ബന്ധമില്ല. സലഫിസത്തേയും ഐ എസിനേയും കൂട്ടിക്കുഴക്കരുത്”” -അദ്ദേഹം പറഞ്ഞു.

നിലവില്‍ അബ്ദുല്ലക്കോയ മദനി ഗ്രൂപ്പിനൊപ്പമുള്ള ഹുസൈന്‍ മടവൂര്‍ നേരത്തെ “സലഫി” പ്രയോഗം പ്രോത്സാഹിപ്പിക്കേണ്ടതല്ലെന്ന അഭിപ്രായമുന്നയിക്കുകയും ഇത് സംബന്ധിച്ച് പുസ്തകമെഴുതുകയും ചെയ്തിരിക്കെ അദ്ദേഹത്തെ വേദിയിലിരുത്തിയാണ് അബ്ദുല്ലക്കോയ മദനി കെ എന്‍ എമ്മിന്റെ നയം തുറന്നടിച്ചത്. മടവൂരിന്റെ പഴയ കൂട്ടാളികളായ സി പി ഉമര്‍ സുല്ലമിയുടെ നേതൃത്വത്തിലുള്ള മര്‍കസുദ്ദഅ്വ വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ നവോത്ഥാന സമ്മേളനങ്ങളില്‍ വ്യാപകമായി ഇസ്ലാഹി എന്ന പ്രയോഗമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനെ വിമര്‍ശിക്കാന്‍ കൂടി വേണ്ടിയാണ് മദനി ഇന്നലത്തെ മുജാഹിദ് സമ്മേളനത്തില്‍ ഈ വിഷയമുയര്‍ത്തിയത്.
കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളിലൂടെയാണ് ഭീകരവാദ സംഘടനയായ ഐ എസിലേക്ക് വാതില്‍ തുറന്നതെന്ന തരത്തില്‍ അഫ്ഗാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ എസ് സംഘത്തിലെ മലയാളി നേതാവ് എന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.

ഐ എസിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫികളുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആദ്യം മടവൂര്‍, പിന്നെ കെ എന്‍ എം, പിന്നെ വിസ്ഡം പിന്നെ ദമ്മാജ് അങ്ങിനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐ എസില്‍ എത്തുകയെന്നും കാസര്‍കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ളവര്‍ ഇങ്ങിനെയാണെത്തിയെതെന്നും സന്ദേശത്തിലുണ്ടായിരുന്നു.
ഈ ഓഡിയോ സന്ദേശം കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്തരം പേരുകള്‍ സംഘടനാ തലത്തില്‍ നിന്ന് മാറ്റണമെന്നാവശ്യം മുജാഹിദ് പ്രസ്ഥാനങ്ങളില്‍ നിന്ന് ശക്തമായുയര്‍ന്നിട്ടുള്ളത്. അതേസമയം കെഎന്‍എം നവോത്ഥാന സമ്മേളന വേദിയില്‍ സ്ത്രീ സാന്നിധ്യമില്ലാത്തത് ശ്രദ്ധിക്കപ്പെട്ടു.