Connect with us

Ongoing News

സി കെ വിനീത് ആദ്യമായി ബ്ലാസ്‌റ്റേഴ്‌സിനെതിരെ; കൊച്ചിയില്‍ ഇന്ന് അവസാനക്കാരുടെ പോര്

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ അങ്കം.വൈകിട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന കിക്കോഫില്‍, കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ് സിയും തമ്മിലുള്ള സീസണിലെ രണ്ടാം സതേണ്‍ ഡെര്‍ബി ഇരു ടീമിനും അഭിമാന പോരാട്ടമാവും. 15 മത്സരങ്ങളില്‍ ഒരു ജയം മാത്രം സ്വന്തമാക്കാനായ ബ്ലാസ്‌റ്റേഴ്‌സ് 11 പോയിന്റുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. രണ്ട് ജയമുണ്ടെങ്കിലും എട്ട് പോയിന്റാണ് ചെന്നൈയിന്റെ സമ്പാദ്യം. പട്ടികയില്‍ അവസാന പടിയിലും.

ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്.സിയെ വിറപ്പിച്ചാണ് ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ 2-2ന് ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ തളച്ചിരുന്നു. ആദ്യ പകുതിയില്‍ 2-0ന് മുന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. അതേസമയം, സ്വന്തം തട്ടകത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കിയാണ് നിലവിലെ ചാമ്പ്യന്‍മാരുടെ വരവ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കഴിഞ്ഞ കളിയില്‍ ബെംഗളൂരിനെതിരെ ചെന്നൈയിന്റെ വിജയം. ഏഴ് മത്സരങ്ങള്‍ക്ക് ശേഷമുള്ള വിജയം ചെന്നൈയിന്റെ വീര്യം കൂട്ടുകയും ചെയ്തു. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ 14 മത്സരങ്ങളിലും ജയിക്കാനായിട്ടില്ല. എട്ടെണ്ണത്തില്‍ സമനില വഴങ്ങിയ ടീം ആറ് വട്ടം പരാജിതരായി.

ഇന്ന് വന്‍ മാര്‍ജിനില്‍ ചെന്നൈയിനോട് കൂടി തോറ്റാല്‍ ടീം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ജയിച്ചാല്‍ ഡല്‍ഹിയെ മറികടന്ന് ഒരു പടി മുന്നില്‍ കയറാം. സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. പ്ലേ ഓഫിനുള്ള വഴിയടഞ്ഞെങ്കിലും ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇതുവഴി സൂപ്പര്‍ കപ്പ് യോഗ്യതയിലേക്കാണ് നോട്ടം. അവസാന മത്സരങ്ങളിലെ വിജയം താരങ്ങളുടെ ആത്മവിശ്വാസം കൂട്ടൂമെന്നും വരും സീസണില്‍ ഇത് പ്രചോദനമാകുമെന്നും കോച്ച് നെലോ വിന്‍ഗാദയുടെ വാക്കുകള്‍. ഡേവിഡ് ജെയിംസിന് പകരക്കാരനായി എത്തിയ പോര്‍ച്ചുഗീസ് കോച്ചിനും വരും മത്സരങ്ങള്‍ നിര്‍ണായകമാണ്. ചുമതലയേറ്റ ശേഷമുള്ള മൂന്ന് മത്സരങ്ങളിലും വിന്‍ഗാദക്ക് ജയമില്ല.

പ്രതിരോധ താരം ലാസിച്ച് പെസിച്ചിന്റെ രണ്ട് മത്സരങ്ങളിലെ വിലക്ക് ടീമിനെ ബാധിച്ചേക്കും. ബെംഗളൂരുവിനെതിരായ മത്സരത്തിലെ അനിഷ്ടസംഭവങ്ങളെ തുടര്‍ന്നാണ് താരത്തിന് രണ്ട് മത്സരങ്ങളില്‍ വിലക്കും 300 ഡോളര്‍ പിഴയും എ എഫ് ഐ ചുമത്തിയത്.
ഏഷ്യാ കപ്പിനിടെ ഉണ്ടായ പരുക്കില്‍ നിന്ന് പൂര്‍ണമായും ഭേദമാകാത്ത അനസ് എടത്തൊടിക ഇന്ന് കളിക്കുന്ന കാര്യവും സംശയമാണ്. അനസ് പത്ത് ദിവസമായി ടീമിനൊപ്പം പരിശീലനത്തിനിറങ്ങുന്നുണ്ടെന്നും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നും കോച്ചിന്റെ വാക്കുകള്‍. പക്ഷേ, താരം ഇന്ന് കളിക്കുന്ന കാര്യത്തില്‍ കോച്ച് ഉറപ്പ് പറയുന്നില്ല. ഇരു താരങ്ങളുടെയും അസാനിധ്യത്തില്‍ പ്രതിരോധത്തില്‍ മികച്ച കോമ്പിനേഷന്‍ ഉണ്ടാക്കുകയെന്നതായിരിക്കും ഇന്ന് വിന്‍ഗാദയുടെ മുന്നിലെ വലിയ വെല്ലുവിളി.

ലീഗിന്റെ ഇടവേളക്കിടെ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറിയ മലയാളി താരം സി കെ വിനീതും ഹളിചരണ്‍ നര്‍സാരിയും ഇന്ന് ആദ്യ ഇലവനില്‍ തന്നെ കളിച്ചേക്കുമെന്നാണ് ചെന്നൈയിന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറി നല്‍കുന്ന സൂചന. പരിക്കിനെ തുടര്‍ന്ന് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന മൈല്‍സണ്‍ ആല്‍വ്‌സിന്റെയും റാള്‍ട്ടെയും തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യും.