Connect with us

Kerala

ഹൈക്കമാന്‍ഡിന്റെ ആദ്യ പട്ടിക 25ന്; സിറ്റിംഗ് എം പിമാര്‍ക്ക് സീറ്റ് ഉറപ്പ്

Published

|

Last Updated

കൊച്ചി: ലോക്‌സഭാ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ മുറുകുന്നതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഈ മാസം 25ന് പുറത്തിറക്കും. ഹൈക്കമാന്‍ഡിന്റെ ആദ്യപട്ടികയില്‍ തന്നെ ചിലപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുകളും ഇടം പിടിച്ചേക്കും. കാര്യമായ പരാതികളും വിവാദങ്ങളുമൊന്നുമുണ്ടാകാത്ത രീതിയില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കി കൈമാറാന്‍ നേരത്തെ ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികള്‍ക്കായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ പല തലത്തിലായി നടന്നു കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിവരങ്ങള്‍ നേരത്തെ ദേശീയനേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന നേതൃത്വം നടത്തിയ സര്‍വേ പ്രകാരം ശേഖരിച്ച,വിവിധ സീറ്റുകളിലെ വിജയ സാധ്യത സംബന്ധിച്ച വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ദേശീയനേതൃത്വത്തിന് നല്‍കും.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര 28ന് സമാപിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് സര്‍വസജ്ജമാകണമെന്നാണ് നിര്‍ദേശം. അതേസമയം കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ സീറ്റിംഗ് എം പിമാരുടെ സീറ്റുകള്‍ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

സ്ഥാനാര്‍ഥികളുടെ പട്ടികയിലേക്ക് തുടക്കത്തില്‍ നിലവിലുള്ള എം എല്‍ എമാരെയും മുന്‍ എം എല്‍ എമാരെയും ആദ്യം പരിഗണിച്ചിരുന്നു. എന്നാല്‍ പുതുമുഖങ്ങള്‍ വന്നാല്‍ വിജയസാധ്യത കുറയുമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജയമാണ് പ്രധാനമെന്നും തോല്‍ക്കുന്നത് ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളില്‍ പലതിലും പുതുമുഖങ്ങളെ നിര്‍ത്താനും ഏകദേശ ധാരണയായിട്ടുണ്ട്. ഇടുക്കി,തൃശ്ശൂര്‍,ചാലക്കുടി, കണ്ണൂര്‍ സീറ്റുകള്‍ ഇക്കുറി എന്തായാലും പിടിച്ചെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

കണ്ണൂരില്‍ കെ സുധാകരനെയും ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയെയും തൃശ്ശൂരില്‍ വി എം സുധീരനെയും ചാലക്കുടിയില്‍ കെ പി ധനപാലനെയും മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ്സ് തയ്യാറാക്കിയ പ്രാഥമിക പട്ടികയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇവരിലാരെങ്കിലും വിസമ്മതം പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി സീറ്റ് വിട്ടു നല്‍കുകയുള്ളൂ.
തിരുവനന്തപുരം ശശി തരൂര്‍, ആലപ്പുഴ കെ സി വേണുഗോപാല്‍, പത്തനംതിട്ട ആന്റോ ആന്റണി, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം കെ വി തോമസ്, എന്നിവര്‍ തന്നെ സ്ഥാനാര്‍ത്ഥികളായേക്കും.

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ മറ്റൊരു മുതിര്‍ന്ന നേതാവിന് ഇവിടെ നറുക്കുവീഴും. ജയസാധ്യ ഉറപ്പുള്ള വയനാട്ടിലും വടകരയിലും പുതിയ സ്ഥാനാര്‍ഥികളുണ്ടാകും.കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍ വയനാടിനായും പിടിമുറുക്കിയിട്ടുണ്ട്.

Latest