ഉപയോഗിച്ചത് 350 കിലോ സ്‌ഫോടക വസ്തു; ചാവേറിനെ തിരിച്ചറിഞ്ഞു

Posted on: February 14, 2019 10:09 pm | Last updated: February 15, 2019 at 9:29 am

ശ്രീനഗര്‍: രാജ്യം നടുങ്ങിയ കാശ്മീര്‍ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് 350 കിലോ സ്‌ഫോടക വസ്തുക്കള്‍. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) നിറച്ച ട്രക്കാണ് സൈനിക കോണ്‍വോയിയിലേക്ക് ഇടിച്ചുകയറ്റിയത്. ചാവേര്‍ ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആദില്‍ അഹമ്മദ് ധര്‍ എന്ന ജെയ്‌ഷേ മുഹമ്മദ് ഭീകരനാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ഭീകര സംഘടനയില്‍ ചേര്‍ന്നത്. കാശ്മീരിലെ കാകപോറ സ്വദേശിയായ ഇയാള്‍ ഗുന്ദിബാഗ് വഗാസ് കാമന്‍ഡോ, ആദില്‍ അഹമ്മദ് തക്‌റന്‍വാല തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്.

ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഭീകരന്റെ വീഡിയോ ചിത്രം പുറത്തുവന്നു. താന്‍ ഒരു വര്‍ഷം മുമ്പാണ് സംഘടനയില്‍ ചേര്‍ന്നതെന്നും ഈ വീഡിയോ നിങ്ങളിലെത്തുമ്പോള്‍ താന്‍ സ്വര്‍ഗത്തിലായിരിക്കുമെന്നും വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. റൈഫിളുകളും കൈയില്‍ പിടിച്ച് നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ജമ്മു – ശ്രീനഗര്‍ ഹൈവേയില്‍ ഭീകരാക്രമണമുണ്ടായത്. 70 സൈനിക വാഹനങ്ങള്‍ കോണ്‍വോയ് ആയ് പോകുന്നതിനിടെയിലേക്ക് ചാവേര്‍ വാന്‍ ഇറ്റിച്ചുകയറ്റുകയായിരുന്നു. 40ല്‍ അധികം സൈനികര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.