Connect with us

Kerala

ശഫീഖ് ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കും

Published

|

Last Updated

തിരുവനന്തപുരം: 15 വയസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഇമാം കൗണ്‍സില്‍ മുന്‍ സംസ്ഥാന സമിതി അംഗം ശഫീഖ് അല്‍ ഖാസിമിക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പോക്‌സോ കേസ് ചുമത്തിയതിന് പിന്നാലെ ഇദ്ദേഹം ഒളിവില്‍ പോയ സാഹചര്യത്തിലാണിത്. അതേസമയം, കേസില്‍ പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കും. ലൈംഗിക പീഡനം സ്ഥിരീകരിക്കാനാണ് വൈദ്യ പരിശോധന. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ ശഫീഖ് അള്‍ ഖാസിമിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പോലീസിന് കൈമാറി.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നാല് ദിവസം കൗണ്‍സിലിംഗ് നടത്തിയിട്ടും പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടില്ലെന്നാണ് വിവരം. അതേസമയം, ഭീഷണി കൊണ്ടാകാം പെണ്‍കുട്ടി മൊഴി നല്‍കാത്തതെന്നാണ് പോലീസിന്റെ നിലപാട്. ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി പീഡന ആരോപണം നിഷേധിച്ചിരുന്നു.

ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യാനാകുമെന്നും നെടുമങ്ങാട് ഡി വൈ എസ് പി. ഡി അശോകന്‍ പറഞ്ഞു. ഖാസിമിക്കായി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ജന്മനാട്ടിലും ബന്ധുവീടുകളിലും കണ്ടെത്താനായില്ല. കീഴടങ്ങണമെന്ന് അഭിഭാഷകന്‍ വഴി ഷഫീഖ് അല്‍ ഖാസിമിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.