Connect with us

Kozhikode

ബാബുഭായി പാടും; മുനീര്‍ എം എല്‍ എ സമ്മാനിച്ച ഹാര്‍മോണിയവുമായി

Published

|

Last Updated

തെരുവ് ഗായകരായ ബാബുഭായിയുടെ കുടുംബത്തിന് മലപ്പുറം ഫെസ്റ്റിൽ എം കെ മുനീർ എം എൽ എ ഹാർമോണിയം സമ്മാനിക്കുന്നു

മലപ്പുറം: എം കെ മുനീര്‍ എം എല്‍ എ സമ്മാനിച്ച ഹാര്‍മോണിയത്തില്‍ ഇനി തെരുവ് ഗായക കുടുംബം സംഗീതം പൊഴിക്കും. കോഴിക്കോട് മിഠായിത്തെരുവില്‍ നിന്ന് കുടിയിറക്കപ്പെട്ട ഗായകന്‍ ബാബുഭായിക്കും കുടുംബത്തിനും മൂന്ന് മാസം മുമ്പ് എം എ എല്‍ നല്‍കിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടത്. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മലപ്പുറം ഫെസ്റ്റ് വേദിയിലാണ് സംഗീത പ്രേമികളെ സാക്ഷിയാക്കി ഹാര്‍മോണിയം കൈമാറിയത്. എന്റെ ഹൃദയമാണ് ബാബുഭായിക്ക് നല്‍കുന്നതെന്ന് മുനീര്‍ പറഞ്ഞപ്പോള്‍ മുനീര്‍ സാര്‍ എനിക്കു തന്നത് ജീവിതമാണെന്നായിരുന്നു ബാബുഭായിയുടെ മറുപടി.

പുതിയ ഹാര്‍മോണിയത്തില്‍ ബാബുഭായിയുടെ ഭാര്യ ലതയുടെ കൈവരിലുകള്‍ സ്പര്‍ശിച്ചപ്പോള്‍ മുനീര്‍ ഗായകനായി മാറി. ബാബു ഭായിയും ഭാര്യയും മകളുമെല്ലാം പിന്നീട് വേദിയെ സംഗീതസാന്ദ്രമാക്കി മാറ്റി. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കോഴിക്കോട്ട് മിഠായിത്തെരുവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അധികൃതര്‍ ഇവരുടെ കുടുംബത്തെ ഒഴിപ്പിച്ചത്. മിഠായിത്തെരുവില്‍ ഇനി പാടരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍ പിന്തുണയുമായി എത്തിയ എം കെ മുനീര്‍ അന്ന് ഇവരോടൊപ്പം തെരുവില്‍ പാടി പ്രതിഷേധിച്ചു. ഇതോടെ ബാബുഭായിക്കും കുടുംബത്തിനും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വേദികള്‍ ലഭിക്കുകയും അവര്‍ ശ്രദ്ധേയരാവുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ മലപ്പുറം കിഴക്കേതലയില്‍ നടക്കുന്ന ഫെസ്റ്റില്‍ പാടാനെത്തിയത്. മലപ്പുറം ഫെസ്റ്റ് ഈമാസം ഇരുപത് വരെ തുടരും.

Latest