Connect with us

Kerala

വീടു വച്ചു നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന ആദിവാസികളുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മഞ്ജു വാര്യര്‍

Published

|

Last Updated

തൃശൂര്‍: വീടു വച്ചു നല്‍കാമെന്നു പറഞ്ഞ് പറ്റിച്ചുവെന്ന് ആദിവാസികള്‍ തനിക്കെതിരെ ഉന്നയിച്ച പരാതി അടിസ്ഥാന രഹിതമാണെന്ന് നടി മഞ്ജു വാര്യര്‍. പദ്ധതിക്കായി സര്‍വേ നടത്തിയപ്പോള്‍ ഒരു വ്യക്തിക്ക് മാത്രമായി ചെയ്തു തീര്‍ക്കാവുന്ന ദൗത്യമല്ല അതെന്ന് ബോധ്യപ്പെടുകയും ഈ വിവരം അപ്പോള്‍ തന്നെ സര്‍ക്കാറിനെ അറിയിച്ചിരുന്നതുമാണ്. ഏതെങ്കിലുമൊരു വ്യക്തിക്ക് പദ്ധതി നടപ്പിലാക്കാന്‍ നിയമം അനുവദിക്കുന്നുമില്ല. തനിക്കെതിരായ ആരോപണം പുറത്തു വന്നപ്പോള്‍ തന്നെ മന്ത്രി എ കെ ബാലനെ കണ്ട് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിയതാണ്.

തന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ മറ്റു വികസന പദ്ധതികളില്‍ നിന്ന് ആദിവാസികള്‍ ഒഴിവാക്കപ്പെട്ടതായുള്ള ആരോപണവും കെട്ടിച്ചമച്ചതാണെന്ന് മഞ്ജു പറഞ്ഞു. വയനാട്ടിലെ പരക്കുനി കോളനിയിലെ ആദിവാസികളാണ് മഞ്ജു വാര്യര്‍ വീട് നല്‍കാമെന്നു പറഞ്ഞു പറ്റിച്ചെന്ന് ആരോപണമുന്നയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് നടിയുടെ തൃശൂരിലെ വീടിനു മുന്നില്‍ ഫെബ്രുവരി 13ന് കുടില്‍ കെട്ടി സമരം ആരംഭിക്കുമെന്ന് ആദിവാസികള്‍ വയനാട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.