ശബരിമലയില്‍ അഞ്ച് സ്ത്രീകള്‍ കയറി; തെളിവുകളും ദൃശ്യങ്ങളും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടും: ബിന്ദു

Posted on: February 10, 2019 7:03 pm | Last updated: February 10, 2019 at 8:55 pm

മലപ്പുറം: ശബരിമലയില്‍ ഇതുവരെ അഞ്ച് യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ബിന്ദു. ഇത് സംബന്ധിച്ച തെളിവുകളും ദൃശ്യങ്ങളും തന്റെ കൈവശമുണ്ടെന്നും വാര്ത്ത സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ശബരിമലയില്‍ രണ്ട് യുവതികള്‍ മാത്രമെ കയറിയിട്ടുള്ളുവെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞതെന്ന് അറിയില്ല. നവോത്ഥാന കേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുള്‍പ്പെടെ അഞ്ച് സ്ത്രീകള്‍ ഇതുവരെ ശബരിമലയില്‍ കയറിയിട്ടുണ്ട്. ആവശ്യമുള്ളപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ബിന്ദു വ്യക്തമാക്കി.

സംഘപരിവാറില്‍നിന്നും ബിജെപിയില്‍നിന്നും ഭീഷണിയുണ്ടെന്ന് ബിന്ദുവിനൊപ്പം ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിനനെയും സംഘപരിവാറുകാര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തന്നെ കുടുംബത്തില്‍നിന്നും ഒറ്റപ്പെടുത്തുകയും വീട്ടില്‍നിന്നും പുറത്താക്കിക്കുകയുമാണ് ഇവരുടെ ലക്ഷ്യം. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും കനകദുര്‍ഗ പറഞ്ഞു.