റഫാല്‍: സി എ ജി റിപ്പോര്‍ട്ട് പൂര്‍ത്തിയായി, തിങ്കളാഴ്ച രാഷ്ട്രപതിക്കു സമര്‍പ്പിച്ചേക്കും

Posted on: February 10, 2019 6:03 pm | Last updated: February 10, 2019 at 7:36 pm

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി എ ജി റിപ്പോര്‍ട്ട് പൂര്‍ത്തിയായതായും തിങ്കളാഴ്ച രാഷ്ട്രപതിക്കു സമര്‍പ്പിക്കുമെന്നും സൂചന. തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാറിനു സി എ ജി കൈമാറും. രാഷ്ട്രപതിഭവനില്‍ നിന്ന് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും നല്‍കും. തുടര്‍ന്ന് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും വെക്കും.

ഇടപാടുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം കേന്ദ്ര സര്‍ക്കാറിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ഇരു സഭകളിലും വന്‍ വാദ പ്രതിവാദങ്ങള്‍ക്കു വഴിതുറക്കും.

പ്രധാന മന്ത്രിയുടെ ഓഫീസ് ഫ്രഞ്ചു കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയിരുന്നുവെന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത് നരേന്ദ്ര മോദി സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരുന്നു.