Connect with us

National

ചന്ദ്രബാബു നായിഡുവും തെലുഗുദേശം പാര്‍ട്ടിയും ആന്ധ്രയെ കട്ടുമുടിക്കുന്നു: മോദി

Published

|

Last Updated

ഗുണ്ടൂര്‍: ചന്ദ്രബാബു നായിഡുവും തെലുഗുദേശം പാര്‍ട്ടിയും ആന്ധ്രയെ കട്ടുമുടിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ പൊതു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് നായിഡുവിനെതിരെ മോദി രൂക്ഷമായ ആക്രമണം നടത്തിയത്.

പൊതു ഖജനാവിലെ പണം ചെലവിട്ടാണ് തെലുഗുദേശം പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ യാത്രകളും പരിപാടികളും സംഘടിപ്പിക്കുന്നത്. പൊതു പണം കൊള്ളയടിക്കുന്നതു മൂലം അദ്ദേഹത്തോട് ജനങ്ങള്‍ക്കുള്ള താത്പര്യം കുറയുകയാണ്. പിന്നില്‍ നിന്ന് കുത്തുന്നതിലും പുതിയ മുന്നണികള്‍ രൂപവത്കരിക്കുന്നതിലും ഏറെ മുന്‍പന്തിയിലാണ് അദ്ദേഹം. സ്വന്തം ഭാര്യാ പിതാവായ എന്‍ ടി രാമറാവുവിനെ പോലും നായിഡു പിന്നില്‍ നിന്ന് കുത്തിയത് ഇതു വ്യക്തമാക്കുന്നതായും മോദി പറഞ്ഞു.

ഇന്ന് രാവിലെ വിജയവാഡ വിമാനത്താവളത്തിലെത്തിയ പ്രധാന മന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമൊന്നും എത്തിയിരുന്നില്ല. ഗവര്‍ണറും സംസ്ഥാന ചീഫ് സെക്രട്ടറിയും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രധാന മന്ത്രിയുടെ വരവിന് മുന്നോടിയായി ഗുണ്ടൂരിലും വിജയവാഡയിലും മറ്റും പ്രതിഷേധ ബോര്‍ഡുകള്‍ ഉയര്‍ത്തപ്പെട്ടിരുന്നു. മോദിക്കു പ്രവേശനമില്ലെന്നും മോദിയെ ഇനി തിരഞ്ഞെടുക്കില്ലെന്നുമാണ് പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്.

Latest