എല്ലാ പ്രതിമകളുടെയും ചെലവ് തിരിച്ചു പിടിക്കണം

Posted on: February 10, 2019 9:53 am | Last updated: February 10, 2019 at 9:53 am

ആനകളുടെ പ്രതിമ നിര്‍മിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവിട്ട പണം മായാവതി സ്വന്തം കൈയില്‍ നിന്ന് തിരിച്ചടക്കണമെന്ന സുപ്രീംകോടതി പരാമര്‍ശം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പൊതുധനം രാഷ്ട്രീയ ലക്ഷ്യത്തിനായി ചെലവഴിച്ചെന്ന് ചൂണ്ടിക്കാണിച്ച് അഭിഭാഷകനായ രവികാന്ത് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. ബി എസ് പിയുടെ പാര്‍ട്ടി ചിഹ്നമാണ് ആന. ഇതിന്റെ പ്രചാരണം ലക്ഷ്യമാക്കിയാണ് മായാവതി ലഖ്‌നോവിലും നോയിഡയിലും ആനകളുടെ പ്രതിമ സ്ഥാപിച്ചത്. കൂടാതെ പൊതു ഖജനാവിലെ പണം ചെലവാക്കി സ്വന്തം പ്രതിമകളും രാഷ്ട്രീയ ഗുരുവായ കന്‍ഷിറാമിന്റെ പ്രതിമകളും സ്ഥാപിച്ചിരുന്നു അവര്‍. 1,200 കോടിയാണ് പ്രതിമ നിര്‍മാണത്തിനായി മായാവതി ചെലവിട്ടത്. ഈ പ്രതിമകളുടെ സംരക്ഷണത്തിന് പ്രത്യേക പോലീസ് സേനയും രൂപവത്കരിച്ചിരുന്നു. സംസ്ഥാനത്തെ അഞ്ച് കോടി ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെയായിരിക്കെ ഇത്രയും പണം പ്രതിമാ നിര്‍മാണത്തിന് ചെലവിട്ടത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന എതിര്‍ കക്ഷിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പ്രതിമാ നിര്‍മാണം ഇപ്പോള്‍ രാഷ്ട്രീയ മേഖലയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഗുജറാത്തില്‍ നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സാധുബേട് ദ്വീപില്‍ നിര്‍മിച്ച, ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയും ഹിന്ദുത്വരുടെ ആരാധ്യപുരുഷനുമായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ കഴിഞ്ഞ ഒക്‌ടോബറില്‍ പ്രധാനമന്ത്രി ഉദ്്ഘാടനം ചെയ്യുകയുണ്ടായി. 33,000 ടണ്‍ ഉരുക്ക് ഉപയോഗിച്ച് 182 അടി ഉയരത്തില്‍ 3,000 കോടിയോളം ചെലവിട്ടാണ് ഇത് നിര്‍മിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ അറബിക്കടലില്‍ നിര്‍മിക്കുന്ന ഛത്രപതി ശിവജി പ്രതിമയുടെ പണി പാതിവഴിയിലാണ്. 3,643 കോടി രൂപ ചെലവിലാണ് ഇത് നിര്‍മിക്കുന്നത്. ഉത്തര്‍ പ്രദേശിലെ സരയൂ നദിക്കരയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 330 കോടി രൂപ ചെലവഴിച്ച് 221 മീറ്റര്‍ ഉയരത്തില്‍ പൂര്‍ണമായും ചെമ്പ് കൊണ്ടാണ് നിര്‍മാണം. പ്രതിമക്ക് 151 മീറ്ററും പീഠത്തിന് 50 മീറ്ററും ഉയരമുണ്ടാകും. 20 മീറ്റര്‍ ഉയരത്തില്‍ കുടയുമുണ്ടാകുമത്രേ. മഹാരാഷ്ട്രയില്‍ തന്നെ ദേവേന്ദ്ര ഫട്‌നാവിസും മോദിയും ചേര്‍ന്ന് തറക്കല്ലിട്ട ദാദറിലെ ഇന്ദു മില്‍സിലെ അംബേദ്കര്‍ സ്തൂപത്തിന് ബജറ്റില്‍ നീക്കിവെച്ചത് 425 കോടിയാണ്. ദേശവ്യാപകമായി ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ആദ്യഗഡുവായി 2016ലെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ 100 കോടി വകയിരുത്തിയിരുന്നു.

മായാവതിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ ഉത്തരവായതും പൊതുപണം വിനിയോഗിച്ചു നിര്‍മിച്ച മറ്റു പ്രതിമകള്‍ക്ക് ചെലവായ സംഖ്യ തിരിച്ചു പിടിക്കാനും കോടതികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വിനിയോഗിക്കാനുളളതാണ് പൊതു ഖജനാവിലെ പണം. പ്രതിമകള്‍ പക്ഷികള്‍ക്ക് കാഷ്ഠിക്കാന്‍ ഒരിടം എന്നതില്‍ കവിഞ്ഞു രാജ്യത്തിന് അതുകൊണ്ട് ഒരു നേട്ടവുമില്ല. മാത്രമല്ല, പലപ്പോഴും കവലകളിലും നിരത്തുകളിലും പൊതുസ്ഥലങ്ങളിലുമാണ് പ്രതിമകള്‍ സ്ഥാപിക്കുന്നതെന്നതിനാല്‍ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ജനങ്ങള്‍ക്ക് ശല്യമാകുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാറും സംസ്ഥാനങ്ങളും കടത്തില്‍ മുങ്ങിക്കുളിക്കുകയും ജനോപകാരപ്രദമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാകാതെ പ്രയാസപ്പെടുകയും ചെയ്യുമ്പോഴാണ് പ്രതിമാ നിര്‍മാണത്തിന് നികുതിപ്പണത്തില്‍ നിന്ന് സഹസ്രകോടികള്‍ വാരിയെറിയുന്നത്. രാജ്യത്തിന്റെ പൊതുകട ബാധ്യത 82 ലക്ഷം കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ മാസം ധനമന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതനുസരിച്ച് ഓരോ ഇന്ത്യന്‍ പൗരനും 63,000ത്തില്‍ പരം രൂപയുടെ കടക്കാരനാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കടം 54.90 ലക്ഷം കോടിയായിരുന്നു. നാലര വര്‍ഷം കൊണ്ടാണ് ഇത് 50 ശതമാനം വര്‍ധിച്ചത്. ഗുജറാത്തിന്റെ പൊതു കടം മൂന്ന് ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. 2017ല്‍ നിയമസഭയില്‍ വെച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയുടെ കടബാധ്യത 3.71 ലക്ഷം കോടി വരും. കടബാധ്യത മൂലം ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുകയാണ് മഹാരാഷ്ട്രയില്‍. സര്‍ക്കാര്‍ കണക്ക് പ്രകാരം ഒക്‌ടോബര്‍ 31 വരെ 2,414 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ ശിവജി പ്രതിമക്ക് ചെലവിടുന്ന 3,643 കോടി രൂപ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ വിനിയോഗിച്ചിരുന്നെങ്കില്‍ എത്ര പേരെ രക്ഷപ്പെടുത്താമായിരുന്നു.

മണ്‍മറഞ്ഞ നേതാക്കളുടെ സ്മരണക്കു വേണ്ടിയാണല്ലോ പ്രതിമകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ രാജ്യത്തിനോ ജനങ്ങള്‍ക്കോ ശ്രദ്ധേയമായ സേവനങ്ങള്‍ അര്‍പ്പിക്കുകയോ നേട്ടങ്ങളുണ്ടാക്കുകയോ ചെയ്തവരാണ് നേതാക്കളെങ്കില്‍ പ്രതിമകളില്ലെങ്കില്‍ തന്നെയും ജനഹൃദയങ്ങളില്‍ അവര്‍ക്കെന്നും സ്ഥാനമുണ്ടാകും. പ്രതിമകള്‍ കൊണ്ടല്ല കര്‍മങ്ങള്‍ വിലയിരുത്തിയാണ് ഒരു സ്മര്യപുരുഷന്റെ വ്യക്തിത്വവും മഹത്വവും പിന്‍തലമുറ അളക്കുന്നത്. ദേശീയ സമരത്തിലെ മുന്നണിപ്പോരാളികളായ അലി സഹോദരന്മാര്‍ക്ക് രാജ്യത്ത് പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല. എങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെ അവര്‍ നടത്തിയ ഐതിഹാസിക പോരാട്ടം ഇന്നും ഇന്ത്യന്‍ ജനത നന്ദിയോടെ സ്മരിക്കുന്നുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ജനങ്ങള്‍ ആദരവോടെ സ്മരിക്കുന്നത് അദ്ദേഹത്തിന്റെ പ്രതിമകള്‍ കണ്ടിട്ടല്ല. ബുദ്ധിശൂന്യമാണ് പ്രതിമാ സംസ്‌കാരം. അതിനുപയോഗിക്കുന്ന പണം ഉപകാരപ്രദമായ മേഖലകളില്‍ ചെലവിടുകയാണ് വിവേകം.