ടി എം സി എം എല്‍ എയെ വെടിവെച്ചു കൊന്ന സംഭവം: ബി ജെ പി നേതാവ് മുകുള്‍ റോയിക്കെതിരെ കേസ്

Posted on: February 10, 2019 9:34 am | Last updated: February 11, 2019 at 10:07 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ. സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെട്ട കേസില്‍ ബി ജെ പി നേതാവ് മുകുള്‍ റോയിക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ നാദിയ ജില്ലയിലെ മാജ്ദിയയില്‍ സരസ്വതി പൂജാ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം വേദിയില്‍ നിന്ന് ഇറങ്ങവേ ബിശ്വാസിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ ഉടന്‍ ഓടി രക്ഷപ്പെട്ടു. അക്രമി ഉപയോഗിച്ച ഇന്ത്യന്‍ നിര്‍മിത തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നുവെന്നും എസ് പി. രൂപേഷ് കുമാര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് ജില്ലയുടെ ചുമതലയുള്ള തൃണമൂല്‍ നേതാവ് അനുബ്രത മണ്ഡല്‍ വ്യക്തമാക്കി. മന്ത്രി രത്ന ഘോഷും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍, ബി ജെ പിക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്നും ബംഗാള്‍ പോലീസില്‍ വിശ്വാസമില്ലെന്നും പറഞ്ഞ ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോരിന്റെ ഭാഗമാണ് കൊലപാതകമെന്നും ആരോപിച്ചു.