ഇന്തോനേഷ്യയില്‍ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ വനിതക്ക് ആറുമാസം തടവ്

Posted on: February 6, 2019 8:56 pm | Last updated: February 6, 2019 at 8:56 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാലിയില്‍ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ ബ്രിട്ടീഷ് വനിതയെ കോടതി ആറു മാസം തടവിനു ശിക്ഷിച്ചു. ഓജി തഗദാസ് (43) എന്ന ബ്രിട്ടീഷ് വനിതയെയാണ് ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാലിയിലെ ഗുറാ റൈ വിമാനത്താവളത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞതായി കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ തടഞ്ഞതാണ് ഓജിയെ പ്രകോപിപ്പിച്ചത്.

യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയപ്പോള്‍ താന്‍ 4000 ഡോളര്‍ പിഴ അടച്ച് വിസ കാലാവധി നീട്ടിയിട്ടുള്ളതാണെന്ന് ഓജി പറഞ്ഞു. എന്നാല്‍ ഇത് അധികൃതര്‍ അംഗീകരിച്ചില്ല. വാദപ്രതിവാദങ്ങള്‍ക്കിടെ ഓജിക്കു യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം പോയി. ഇതോടെ രോഷാകുലയായ ഓജി ഉദ്യോഗസ്ഥനെ അടിക്കുകയായിരുന്നു.