Connect with us

Ongoing News

വെല്ലിംഗ്ടണ്‍ വിലങ്ങിട്ടു; ആദ്യ ടി ട്വന്റിയില്‍ ഇന്ത്യക്ക് കനത്ത തോല്‍വി

Published

|

Last Updated

വെല്ലിംഗ്ടണ്‍: ടെസ്റ്റും തുടര്‍ന്ന് ഏകദിനവും നേടി ന്യൂസിലന്‍ഡിനെ നിഷ്പ്രഭമാക്കിയ ഇന്ത്യയുടെ നിഴല്‍ മാത്രമായിരുന്നു ഇന്ന് വെല്ലിംഗ്ടണില്‍ ഉണ്ടായിരുന്നത്. ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗിനെ പിച്ചിച്ചീന്തിയ ന്യൂസിലന്‍ഡ് നേടിയത് 80 റണ്‍സിന്റെ കൂറ്റന്‍ വിജയം. 220 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നിശ്ചിത ഓവറിലെ നാലു പന്തുകള്‍ ശേഷിക്കെ 139 റണ്‍സിന് ബാറ്റു വച്ച് കീഴടങ്ങി.

ടോസ് ലഭിച്ചിട്ടും കീവീസിനെ ബാറ്റിംഗിന് അയക്കാനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം. ഇത് തെറ്റിപ്പോയെന്ന് വ്യക്തമാക്കി ആതിഥേയര്‍ തുടക്കത്തിലേ പടുകൂറ്റന്‍ അടികളിലൂടെ സ്‌കോര്‍ അതിവേഗത്തില്‍ ചലിപ്പിച്ചു. 20 ഓവറും ക്രീസില്‍ നിന്ന അവരുടെ റണ്‍റേറ്റ് മന്ദഗതിയിലായ അവസരങ്ങള്‍ അപൂര്‍വമായിരുന്നു.

43 പന്തില്‍ 84ലേക്കു കുതികുതിച്ചെത്തിയ സെയ്‌ഫെര്‍ട്ടാണ് ന്യൂസിലന്‍ഡ് ടോട്ടലില്‍ നിര്‍ണായക സംഭാവന നല്‍കിയത്. ആറു സിക്‌സും ഏഴ് ബൗണ്ടറികളും സെയ്ഫര്‍ട്ടിന്റെ ബാറ്റില്‍ നിന്നു പിറന്നു. 20ല്‍ രണ്ടു വീതം സിക്‌സും ഫോറും നേടി 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും മികച്ച പ്രകടനം കാഴ്ചവച്ചു. 50 പന്തില്‍ നിന്ന് 86 റണ്‍സ് പിറന്ന ശേഷമാണ് ഇവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞത്. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ മണ്‍റോയാണ് പുറത്തായത്.

22 പന്തില്‍ 34 നേടിയ നായകന്‍ കെയ്ന്‍ വില്യംസണായിരുന്നു ആതിഥേയ ബാറ്റിംഗ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഡാരില്‍ മിച്ചല്‍ എട്ടും റോസ് ടെയ്‌ലര്‍ 23ഉം കോളിന്‍ ഗ്രാന്‍ഡ്‌ഹോം മൂന്നും റണ്‍സെടുത്ത് പുറത്തായി.

റണ്‍സ് വഴങ്ങുന്നതില്‍ ഹാര്‍ദിക് പാണ്ഡ്യയും ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറും മത്സരിക്കുകയായിരുന്നു. നാലോവറില്‍ പാണ്ഡ്യ വിട്ടുകൊടുത്തത് 51 റണ്‍സാണ്. ഖലീല്‍ 48ഉം ഭുവനേശ്വര്‍ 47ഉം വഴങ്ങി. യഥാക്രമം 37ഉം 35ഉം വിട്ടുകൊടുത്ത ക്രുനാലും ചാഹലും മാത്രമായിരുന്നു തമ്മില്‍ ഭേദം. വീഴ്ത്താനായ ആറു വിക്കറ്റുകളില്‍ രണ്ടെണ്ണം ഹാര്‍ദിക് സ്വന്തമാക്കി. ഭുവനേശ്വര്‍, ക്ലുനാല്‍, ഖലീല്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം നേടി.

പൊരുതാന്‍ ശേഷിയുള്ള ഇന്ത്യയുടെ കിടയറ്റ ബാറ്റിംഗ് നിര അതിന്റെ ചെറിയൊരംശം പോലും പുറത്തെടുത്തില്ല. ഒരു റണ്‍ മാത്രമെടുത്ത് നായകന്‍ രോഹിത് തന്നെയാണ് ആദ്യം പുറത്തായത്. ആ സമയത്ത് ഇന്ത്യയുടെ സ്‌കോര്‍ 18 മാത്രം. ശിഖര്‍ ധവാനും വിജയ് ശങ്കറും ശ്രമിച്ചു നോക്കിയെങ്കിലും അധിക സമയം നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. 29ല്‍ ധവാനും 27ല്‍ വിജയ്‌യും കളം വിട്ടു. ഋഷഭ് പന്ത് (നാല്), ദിനേശ് കാര്‍ത്തിക് (അഞ്ച്), ഹാര്‍ദിക് പാണ്ഡ്യ (നാല്), ഭുവനേശ്വര്‍ കുമാര്‍ (ഒന്ന്), യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ പൊരുതി നോക്കാന്‍ പോലുമാകാതെ കീഴടങ്ങി.

മഹേന്ദ്ര സിംഗ് ധോണി ഭേദപ്പെട്ട പ്രകടനം നടത്തി. 31 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും പറത്തിയ ധോണി 39 റണ്‍സെടുത്തു. ക്രുണാലുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ധോണിക്കായി.

Latest