തിരഞ്ഞെടുപ്പ് കഴിയുംവരെ രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെടില്ല: വിഎച്ച്പി

Posted on: February 6, 2019 2:53 pm | Last updated: February 6, 2019 at 4:21 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ രാമക്ഷേത്ര നിര്‍മാണമുന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. തിരഞ്ഞെടുപ്പിന് മുമ്പ് രാമജന്‍മഭൂമിക്ക് വേണ്ടിയും രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടിയും പ്രക്ഷോഭം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയമാണെന്ന് ജനങ്ങള്‍ ചിന്തിക്കും. വിഷയത്തെ രാഷ്ട്രീയത്തില്‍നിന്നും മാറ്റി നിര്‍ത്താനാണ് അടുത്ത നാല് മാസത്തേക്ക് വിഷയം ഉന്നയിക്കാതിരിക്കാന്‍ തീരുമാനിച്ചതെന്നും വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെടുകയും ഇതിനായി രാജ്യത്തുടനീളം ധര്‍മ സഭകള്‍ സംഘടിപ്പിക്കുയും ചെയ്തിരുന്ന സംഘടനയാണ് വിഎച്ച്പി. അയോധ്യയിലെ 67 ഏക്കര്‍ ഭൂമി രാമജന്‍മഭൂമി ന്യാസുള്‍പ്പെടെയുള്ളവര്‍ക്ക് തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍്ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിഎച്ച്പി പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.