ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

Posted on: February 5, 2019 12:16 pm | Last updated: February 5, 2019 at 2:14 pm

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗം ഒഎം ജോര്‍ജാണ് കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ മുന്നിലായിരുന്നു കീഴടങ്ങല്‍. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് ജോര്‍ജ്. ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നി്ന്നും ജോര്‍ജിനെ പുറത്താക്കിയിരുന്നു.

ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഒഴിവ് ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കെത്താറുണ്ട്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ജോര്‍ജ് ബലാത്സംഗം ചെയ്തുവെന്നും പിന്നീട് ഭീഷണിപ്പെടുത്തി ഒന്നര വര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ ഫോണില്‍ ജോര്‍ജിന്റെ സംഭാഷണങ്ങള്‍ കേട്ട് മാതാപിതാക്കള്‍ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.