Connect with us

National

മമത ബാനര്‍ജിക്ക് തിരിച്ചടി; സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി. ബംഗാള്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

ബംഗാള്‍ ഡിജിപി, ചീഫ് സെക്രട്ടറി, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കെതിരായ സിബിഐയുടെ കോടതിയലക്ഷ്യഹരജികളില്‍ നോട്ടീസ് അയച്ചു. ഇതിന് മൂന്ന് പേരും മറുപടി നല്‍കാനായി ഫെബ്രവരി 19ന് ഹാജരാകണം. ഷില്ലോങില്‍ വെച്ചുവേണം കമ്മീഷണറെ ചോദ്യം ചെയ്യാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ ഞായറാഴ്ച രാത്രി ധര്‍ണയാരംഭിച്ചിരുന്നു.