ഗാന്ധിജിയെ കൊല്ല് !

പട്ടേലിനെ മോഷ്ടിച്ചതുപോലെ സംഘ്പരിവാറിന് ഗാന്ധിയെ മോഷ്ടിക്കാനാകാതെ പോകുന്നതിന്റെ പ്രധാന കാരണം ഗാന്ധി ഉയര്‍ത്തിയ ഹിന്ദു മുസ്‌ലിം മൈത്രി തന്നെയാണ്. നെഹ്‌റുവിനെ വേലികെട്ടി അകത്താക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല അവര്‍ക്ക്. എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ഗോവധം തടുക്കാനായിരുന്നു എന്ന് ഗാന്ധിക്കെതിരെ വിമര്‍ശനം ആരോപിക്കുന്നവരുണ്ടായിട്ടും, അംബേദ്കറുമായുള്ള ജാതിയെ സംബന്ധിച്ച സംവാദങ്ങള്‍ 'മനുസ്മൃതിയെ മഹത്തരമായി കണ്ട ഗാന്ധിയുടെ ഭക്തിയായിരുന്നു'വെന്ന് നിരീക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഗാന്ധി അവര്‍ക്ക് അനഭിമതനാകുന്നത് ഇന്ത്യയിലെ ബഹുസ്വരതയെ കുറിച്ചുള്ള ഗാന്ധിയുടെ സങ്കല്‍പ്പങ്ങള്‍ അവര്‍ക്ക് ബാധ്യതയാകുമെന്നതിനാലാണ്. ഗാന്ധിയെ മാത്രമല്ല ഗാന്ധിയുടെ ആശയങ്ങളെ കൂടി സംഘ്പരിവാര്‍ പേടിക്കുന്നുണ്ട് എന്നതാണ് പൂജ പാണ്ഡേയെ പോലുള്ളവരിലൂടെ നാം മനസ്സിലാക്കുന്നത്.
Posted on: February 5, 2019 9:00 am | Last updated: February 11, 2019 at 12:46 pm

ഗാന്ധിജിയെ വെടിവെച്ചുകൊന്നതിന്റെ 70 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അലിഗഢിലെ ഹിന്ദുമഹാസഭ കാര്യാലയത്തില്‍ പൂജ ശാഖോണ്‍ പാണ്ഡേയും അനുയായികളും ഗാന്ധിയുടെ രൂപം കെട്ടിയുണ്ടാക്കി അതിലേക്ക് നിറയൊഴിക്കുകയും നാഥൂറാം വിനായക് ഗോഡ്‌സെ ധീരനും ദേശസ്‌നേഹിയുമാണെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തതുകണ്ടിട്ട് എത്രപേര്‍ക്ക് അതിശയമുണ്ടായി? എനിക്കൊട്ടും ആശ്ചര്യം തോന്നിയില്ല. കാരണം ശൗര്യദിനമായി ജനുവരി 30 ആചരിക്കണമെന്ന് 2015ല്‍ പ്രധാനമന്ത്രിക്ക് അവര്‍ നിവേദനം കൊടുത്തു എന്നേയുള്ളൂ. അത് അങ്ങനെ കൊണ്ടാടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അംബാല ജയിലില്‍ ഗോഡ്‌സെയെ തൂക്കിക്കൊന്നതു മുതല്‍ അയാളുടെ ശേഷിപ്പുകള്‍ എടുത്ത് വെച്ച് പൂജിക്കുകയും ഗോഡ്‌സെയുടെ സ്വപ്‌നമായിരുന്ന ഹിന്ദു രാഷ്ട്രം സാക്ഷാത്കരിക്കാന്‍ ആ ചിത്രത്തിന് മുന്നില്‍ കത്തിച്ചു വെച്ച ദീപത്തില്‍ തൊട്ട് ശപഥം നടത്തുയും ചെയ്യുന്ന ചടങ്ങ് മുറതെറ്റാതെ അരങ്ങേറുമ്പോള്‍ ഇതിത്ര പരസ്യമായല്ലോ എന്നേയുള്ളൂ. ഗാന്ധിയെ കൊന്ന ഗോഡ്‌സെയെ മൂര്‍ത്തിയായി പ്രതിഷ്ഠിച്ച അമ്പലങ്ങളില്‍ ഗുജറാത്ത്, മുസാഫര്‍നഗര്‍ കലാപങ്ങളിലൂടെ ഹിന്ദുവിനെ ‘ഉണര്‍ത്തിയ’ മോദിയും യോഗിയും കാവല്‍ പ്രതിഷ്ഠകള്‍ കൂടിയാകുന്ന കാലത്ത് ഇതിത്ര വൈകിയല്ലോ എന്നതിലാണ് ആശ്ചര്യം കൊള്ളാനുള്ള വകയുള്ളത്. പൂജ പാണ്ഡെയുടെ ആക്രോശം കണ്ടിട്ട് കെ ആര്‍ മീര പേടിച്ചതുപോലെ വേറെ ആരും പേടിച്ചുകാണില്ല. ആസിഫാമാരും അഹ്മദ് ജുനൈദ്മാരും ക്രൂരമായി കൊലചെയ്യപ്പെട്ടിടത്ത് ഇടക്കിടക്ക് പേടിക്കുന്നതൊക്കെ വലിയ പ്രയാസമുള്ള കാര്യമാണ്; പേടിയൊക്കെ സ്ഥായിയായ കാലമാണ് ഇവിടത്തെ മുസ്‌ലിംകള്‍ക്ക്.

മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു എന്നതാണ് ഗാന്ധിയെ വധിക്കാന്‍ സംഘ്പരിവാറിനെ പ്രേരിപ്പിച്ചത്. പാക്കിസ്ഥാന് അടിയന്തരമായി നല്‍കാനുള്ള ഫണ്ട് കൊടുക്കാന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെ ശാസിച്ചതും കലാപ ഭൂമികളില്‍ മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയതും തുടങ്ങി കുറ്റപത്രം കുറെ നീണ്ടുപോയാല്‍ വിഭജനത്തിന് വിലങ്ങുതടിയായി നിന്നതും ഖിലാഫത് പ്രസ്ഥാനത്തിന് അധ്യക്ഷത വഹിച്ചതും അടക്കം വേറെയും കാണും കാരണങ്ങള്‍. 1937ല്‍ കോണ്‍ഗ്രസിന്റെ ഇടക്കാല മന്ത്രിസഭ രാജിെവച്ചതിന് ശേഷം മുസ്‌ലിം ലീഗും ഹിന്ദു മഹാസഭയും സഖ്യം ചേര്‍ന്ന് ഭരണം തുടര്‍ന്നപ്പോള്‍ തന്നെ ഗാന്ധിയും കോണ്‍ഗ്രസും ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ രാഷ്ട്രങ്ങളെന്ന് ആദ്യം ഹിന്ദു മഹാസഭയും പിന്നീട് മുസ്‌ലിം ലീഗും ആവശ്യപ്പെട്ടു തുടങ്ങിയ അപകടം മുന്നില്‍ കണ്ടിരുന്നു. പിന്നീട്, 1940ല്‍ മുസ്‌ലിം ലീഗ് ദ്വിരാഷ്ട്ര സങ്കല്‍പ്പം ഉയര്‍ത്തിയതോടെ അത് കൂടുതല്‍ വ്യക്തമായി. ആസാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിഭജനമെന്ന ആവശ്യത്തെ ശക്തിയുക്തം എതിര്‍ത്തു. ഒടുവില്‍ കോണ്‍ഗ്രസ് വിഭജനത്തിന് അനുകൂലമായി സഭയില്‍ വോട്ട് ചെയ്തതോടെ ഗാന്ധി തളര്‍ന്നു. സ്വാതന്ത്ര്യം വെറും അലങ്കാരമായിരിക്കുമെന്ന്, അതിലുമപ്പുറം അതൊരു വലിയ ബാധ്യതയാകാനിരിക്കുന്നുവെന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു.

അദ്ദേഹത്തിന്റെ ആശങ്കകളൊന്നും അസ്ഥാനത്തായിരുന്നില്ല. കിഴക്കു പടിഞ്ഞാറ് അതിര്‍ത്തികളില്‍ കലാപം കൊടുമ്പിരികൊണ്ടു. ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിറച്ചു. കബന്ധങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളിലൂടെ ‘രഘുപതി രാഘവ…’ പാടി ഗാന്ധി വേച്ചു വേച്ചു നടന്നു. ശരീരത്തിന്റെ മുറിവുകളും മനസ്സിന്റെ ക്ഷതങ്ങളും ശമിപ്പിക്കാതെ നവഭാരതം ഉണ്ടാകില്ലെന്ന് ഗാന്ധി ആരെയും ഓര്‍മിപ്പിച്ചതുപോലുമില്ല. അത്രക്ക് മടുത്തുപോയിരുന്നു ആ മനുഷ്യന്. ഗോഡ്‌സെ വെടിവെച്ചപ്പോള്‍ നിലച്ചത് ഗാന്ധിയുടെ ഹൃദയവും ഒപ്പം ഡല്‍ഹിയിലെയും അതിര്‍ത്തി ഗ്രാമങ്ങളിലെയും കലാപങ്ങളും കൂടിയായിരുന്നു. ഒരു കണക്കിന് രാഷ്ട്രീയവും അധികാരവും തോറ്റുപോയിടത്ത് ആത്മാവ് കൊടുത്ത് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമം ആയിരുന്നു അത്. ജീവിതം പോലെ മരണവും വലിയ ദൗത്യമായതുപോലെ.

ഗാന്ധിയെ വീണ്ടും വീണ്ടും കൊല്ലാനുള്ള പ്രേരണക്കു കാരണം ഗാന്ധിയുടെ ഹിന്ദു മതത്തോടുള്ള സംഘ്പരിവാറിന്റെ അമര്‍ഷമാണ്. ഗോഡ്‌സെ താന്‍ ചേയ്ത കൃത്യത്തില്‍ ‘അഭിമാനിച്ചിരുന്ന’ അതേ കാരണം തന്നെ. മുസ്‌ലിം എന്ന അപരനെ സൃഷ്ടിച്ചും ഭയം വിതച്ചും അവര്‍ കൊയ്യാനിരിക്കുന്ന ഹിന്ദുരാഷ്ട്രത്തിന് വിലങ്ങ് ഇപ്പോഴും ഗാന്ധി തന്നെയാണ്. ഗാന്ധി ഒരു ഹിന്ദുവായതും താന്‍ രാമഭക്തനായ ഹിന്ദുവാണെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നതും ഹിന്ദുവും മുസ്‌ലിമും ഒരുപോലെ സന്തോഷിക്കുന്നതില്‍ കുറഞ്ഞ ഒരു രാമരാജ്യവും തന്റെ രാഷ്ട്രസങ്കല്‍പ്പത്തിലില്ല എന്ന പ്രഖ്യാപനവും തകര്‍ക്കുന്നത് സംഘ്പരിവാറിന്റെ മുഴുവന്‍ പദ്ധതികളെയുമാണ്. ഗാന്ധി വിമര്‍ശകര്‍ പരിഹാസ രൂപേണ പറയുന്നതായാണെങ്കിലും, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ‘ആരാധിക്കപ്പെടുന്നത്’ പശുവല്ല, ഗാന്ധിയാണ് എന്നത് ഒരു സത്യമാണ്. സംഘ്പരിവാറിന് തീരെ ഇഷ്ടമല്ലാത്ത സത്യം.

ഭീരു പലതവണ മരിക്കുമെന്നുള്ളതുപോലെ ഭീരുക്കള്‍ പലവുരു കൊല്ലുമെന്നുകൂടി മനസ്സിലാക്കണം. എന്നാല്‍, ഇതൊക്കെ പരസ്യമാകുമ്പോള്‍ സംഘ്പരിവാറിനെ ജനം വെറുക്കില്ലേ എന്ന് നിഷ്‌കളങ്കപ്പെടുന്ന, ഗാന്ധിയെ എത്ര തവണ കൊന്നാലും ഗാന്ധിയുടെ ആദര്‍ശങ്ങള്‍ മരിക്കില്ല എന്ന് പ്രത്യാശപ്പെടുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്, ഇത്തവണ ഇതിങ്ങനെ പരസ്യപ്പെടുത്തിയത് ഇതൊക്കെ ഇഷ്ടപ്പെടുന്ന കോടിക്കണക്കിന് ഗോഡ്‌സെ ഭക്തരുടെ വോട്ടുറപ്പിക്കാനുള്ള എളിയ ശ്രമമാണ് എന്നതാണത്.

വര്‍ഗീയത അത്രകണ്ട് നമ്മുടെ സമൂഹത്തെ ഗ്രസിച്ചു കഴിഞ്ഞിട്ടുണ്ട്. എന്ന് കരുതി ഇനിയൊരു തിരിച്ചുവരവില്ല എന്നല്ല. അത്രപെട്ടെന്ന് നശിക്കുന്ന മൂല്യങ്ങളല്ലല്ലോ നമ്മുടേത്. അങ്ങനെയൊരു പ്രതീക്ഷയാണ് ഹിന്ദി/ഹിന്ദു ഭൂമിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഏറ്റവും ഒടുവില്‍ രാജസ്ഥാനിലെ രാംഗഢ് മണ്ഡലത്തില്‍ ജയിച്ച സഫിയ സുബൈര്‍ തകര്‍ത്തത് 79 ശതമാനം ഹിന്ദു വോട്ടുകളുള്ള മണ്ഡലത്തിലെ അതിശക്തമായ വര്‍ഗീയ പ്രചാരണങ്ങളെ കൂടിയാണ്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ മോഷ്ടിച്ചതുപോലെ സംഘ്പരിവാറിന് ഗാന്ധിയെ മോഷ്ടിക്കാനാകാതെ പോകുന്നതിന്റെ പ്രധാന കാരണം ഗാന്ധി ഉയര്‍ത്തിയ ഹിന്ദു മുസ്‌ലിം മൈത്രി തന്നെയാണ്. നെഹ്‌റുവിനെ വേലികെട്ടി അകത്താക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല അവര്‍ക്ക്. എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ഗോവധം തടുക്കാനായിരുന്നു എന്ന് ഗാന്ധിക്കെതിരെ വിമര്‍ശനം ആരോപിക്കുന്നവരുണ്ടായിട്ടും, അംബേദ്കറുമായുള്ള ജാതിയെ സംബന്ധിച്ച സംവാദങ്ങള്‍ ‘മനുസ്മൃതിയെ മഹത്തരമായി കണ്ട ഗാന്ധിയുടെ ഭക്തിയായിരുന്നു’വെന്ന് നിരീക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഗാന്ധി അവര്‍ക്ക് അനഭിമതനാകുന്നത് ഇന്ത്യയിലെ ബഹുസ്വരതയെ കുറിച്ചുള്ള ഗാന്ധിയുടെ സങ്കല്‍പ്പങ്ങള്‍ അവര്‍ക്ക് ബാധ്യതയാകുമെന്നതിനാലാണ്. ഗാന്ധിയെ മാത്രമല്ല ഗാന്ധിയുടെ ആശയങ്ങളെ കൂടി സംഘ്പരിവാര്‍ പേടിക്കുന്നുണ്ട് എന്നതാണ് പൂജ പാണ്ഡേയെ പോലുള്ളവരിലൂടെ നാം മനസ്സിലാക്കുന്നത്. സ്വച്ഛ് ഭാരതത്തിന്റെ പേരില്‍ ഗാന്ധിയോട് കാണിക്കുന്ന ആദരവിന്റെ നാടകങ്ങള്‍ അനേകായിരം ഗ്രാമങ്ങളിലേക്കുള്ള മോദി സര്‍ക്കാറിന്റെ പ്രവേശന പദ്ധതിയുടെ ഭാഗമാണ്. അപ്പോഴും ഗാന്ധി ‘കോണ്‍ഗ്രസു’കാരനാകാതിരിക്കാനാകണം മോദി സര്‍ക്കാര്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാനുറച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെയാണ് പരാജയമെന്നുകാട്ടി നിര്‍ത്താനോ, പ്രോത്സാഹിപ്പിക്കാതിരിക്കാനോ തീരുമാനിച്ചത്. എന്നാല്‍ ‘ജുംല’യിറക്കുന്ന എളുപ്പം ഭരിക്കാനില്ല എന്ന വൈകാതെ മനസ്സിലാക്കിയ മോദിക്ക് അത് തുടരാതെ നിവൃത്തിയില്ല എന്നായി. പോരാത്തതിന് പേരുമാറ്റാനല്ലാതെ വൃത്തിയായി ഒരു പരിപാടി കൊണ്ടുവരാന്‍ കെല്‍പ്പുള്ളവര്‍ ശാഖയിലോ തന്റെ പാളയത്തിലോ ഇല്ലെന്ന തിരിച്ചറിവുമുണ്ടായി മോദിക്ക്.

ഗാന്ധി മരിച്ചതല്ല, ഗാന്ധി ‘കൊല്ലപ്പെട്ട’തുമല്ല, ഗാന്ധിയെ സംഘ്പരിവാര്‍ കൊന്നതാണ്. അതങ്ങനെ ആവര്‍ത്തിക്കുന്നതാണ് വര്‍ത്തമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനം. ഗാന്ധിയെ കൊന്ന നാഥൂറാം വിനായക് ഗോഡ്‌സെ ആര്‍ എസ് എസുകാരനായിരുന്നു എന്ന് പ്രസംഗിച്ച രാഹുല്‍ ഗാന്ധിയെ കോടതിയില്‍ കയറ്റി വിരട്ടാമെന്ന് സംഘ്പരിവാര്‍ കണക്കുകൂട്ടിയിരുന്നു. പക്ഷേ, രാഹുല്‍ ഗാന്ധി താന്‍ പറഞ്ഞതില്‍ ഉറച്ചുനിന്നു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാരേക്കാള്‍ അപകടകാരികള്‍ രാജ്യത്തിനകത്തുള്ള വര്‍ഗീയവാദികളാണെന്നുള്ള 2009ലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പോലെ ആര്‍ എസ് എസിനെയും പരിവാരങ്ങളെയും ഏറ്റവും അലോസരപ്പെടുത്തിയ കാര്യമായി ഇത്. രാഷ്ട്രം അപകടത്തിലാണെന്നും ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും അട്ടിമറിക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്നും നിരന്തരം ഓര്‍മപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിയും ഇന്ത്യ വീണ്ടെടുക്കപ്പെടുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.

അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഗാന്ധിയുടെ ആശയം നിലനില്‍ക്കേണ്ടത് നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ കൂടി ആവശ്യമാണ്. ഗാന്ധിയെ വംശീയ വെറിയനാക്കാന്‍ തിടുക്കം കൂട്ടുന്ന അക്കാദമിക അംബേദ്കറിസ്റ്റുകള്‍ ഗാന്ധിയെ തൊഴിച്ചുപുറത്താക്കാന്‍ കോപ്പുകൂട്ടി കാത്തിരിക്കുന്ന സംഘ്പരിവാറിന് വേണ്ടി എളുപ്പപ്പണി നടത്തുകയാണ് ചെയ്യുന്നത് എന്നതിനൊപ്പം ജാതിയെ പറ്റി ഒരു സംവാദം സാധ്യമാക്കാനെങ്കിലും അന്ന് ഗാന്ധിയേ ഉണ്ടായിരുന്നാള്ളൂ എന്നത് കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഒക്‌ടോബര്‍ രണ്ടിനും ജനുവരി മുപ്പതിനുമല്ലാതെയും ഗാന്ധിയെ ഓര്‍ക്കുന്നതും വായിക്കുന്നതുമെല്ലാം ഒട്ടും അധികമാകില്ലെന്ന് കോണ്‍ഗ്രസുകാര്‍ക്കും ഓര്‍ക്കാം.

എന്‍ എസ് അബ്ദുല്‍ ഹമീദ്