Connect with us

Editorial

ബംഗാളിലെ അടി

Published

|

Last Updated

മോദി- മമതാ രാഷ്ട്രീയപ്പോര് സ്‌ഫോടനാത്മകമായ നിലയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ശാരദ, റോസ് വാലി കേസുകളിലെ ചില രേഖകള്‍ കാണാതായെന്ന ആരോപണത്തില്‍ കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ അറിവോ അനുവാദമോ ഇല്ലാതെ വന്നെത്തിയ സി ബി ഐ സംഘത്തെ പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും സി ബി ഐ കിഴക്കന്‍ മേഖല ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ ഓഫീസ് ഉള്‍പ്പെടുന്ന മേഖല പൊലീസ് വളയുകയും ചെയ്തു. തുടര്‍ന്ന് സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണത്തിനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇവിടെ സി ആര്‍ പി എഫിനെ വിന്യസിച്ചു.

ശാരദ, റോസ് വാലി തുടങ്ങിയ ചിട്ടി കേസുകള്‍ അന്വേഷിക്കാന്‍ 2013ല്‍ ബംഗാള്‍ സര്‍ക്കാര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയോഗിച്ചിരുന്നു. രാജീവ് കുമാറായിരുന്നു അന്വേഷണ സംഘത്തിന്റെ തലവന്‍. 2014ല്‍ കേസന്വേഷണം സുപ്രീം കോടതി സി ബി ഐയെ ഏല്‍പ്പിച്ചു. അതോടെ കേസുകളുമായി ബന്ധപ്പെട്ട പല രേഖകളും കാണുന്നില്ലെന്ന ആരോപണവുമായി സി ബി ഐ രാജ്കുമാറിനെ വേട്ടയാടാന്‍ തുടങ്ങി. ഇതേക്കുറിച്ച് ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സി ബി ഐ പല തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതുകൊണ്ടാണ് രാജീവ് കുമാറിനെ തേടി അദ്ദേഹത്തിന്റെ വസതിയില്‍ പോകേണ്ടി വന്നതെന്നാണ് സി ബി ഐ പറയുന്നത്. എന്നാല്‍ രാജ്കുമാറല്ല സി ബി ഐയുടെ യഥാര്‍ഥ ലക്ഷ്യം മമതാബാനര്‍ജിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കരുതുന്നത്.

സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കുന്നതിന് സി ബി ഐക്കുള്ള പൊതു അനുമതി എടുത്തുകളഞ്ഞ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് ഇവിടെ പ്രവേശിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വേണം. തങ്ങളുടെ അനുമതിയില്ലാതെയാണ് പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സി ബി ഐ സംഘമെത്തിയത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് മമതാ സര്‍ക്കാറിന്റെ നിലപാട്. അതേസമയം സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണമായതിനാല്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ലെന്നാണ് സി ബി ഐ പക്ഷം. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകുമ്പോള്‍ മാത്രമാണ് അനുമതിയില്ലാതെ പ്രവേശിക്കാന്‍ അധികാരം. ഈ കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലല്ലെന്ന് സംസ്ഥാന സര്‍ക്കാറും ചൂണ്ടിക്കാണിക്കുന്നു.

ശാരദ, റോസ് വാലി കേസില്‍ സി ബി ഐ സ്വീകരിച്ചുവരുന്ന നടപടികള്‍ പരിശോധിക്കുമ്പോള്‍ രാഷ്ട്രീയ പ്രേരിതമാണ് അവരുടെ ഇപ്പോഴത്തെ നീക്കമെന്ന് സംശയിക്കേണ്ടിവരും. 2014ലാണ് കേസ് സി ബി ഐ ഏറ്റെടുക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി അന്വേഷണം മന്ദഗതിയിലായിരുന്നു. ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ ഡിസംബറില്‍ നടത്തിയ രഥയാത്രക്കും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിനും ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് സി ബി ഐ പൊടുന്നനെ പോലീസ് കമ്മീഷണര്‍ രാജ്കുമാറിനെതിരെ നീങ്ങാന്‍ തുടങ്ങിയത്.

രാജീവ് കുമാറിനെതിരെയുള്ള നീക്കത്തില്‍ സി ബി ഐ നേതൃത്വത്തിനിടയില്‍ തന്നെ അഭിപ്രായഭിന്നതയുണ്ട്. നേരത്തേ സി ബി ഐ ഡയറക്ടറും മോദിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയായിരുന്നു ശാരദ, റോസ് വാലി തുടങ്ങിയ ചിട്ടി കേസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. നേരത്തേ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ കാലത്ത് സുപ്രധാനമായ പല തെളിവുകളും നശിപ്പിച്ചിട്ടുണ്ടെന്ന ആരോപണം ഉയരുന്നത് അസ്താനയും സംഘവും ഏറ്റെടുത്തതോടെയാണ്. തുടര്‍ന്നാണ് രാജീവ് കുമാര്‍, ഐ ജി വിനീത കുമാര്‍ ഗോയല്‍, എസ് പി പല്ലവ് കാന്തി ഘോഷ് എന്നിവരെ ചോദ്യം ചെയ്യാന്‍ സി ബി ഐ നോട്ടീസയച്ചത്. ഇതിനെതിരെ രാജീവ് കുമാര്‍ അന്നത്തെ സി ബി ഐ ഡയക്ടറായിരുന്ന അലോക് കുമാറിന് പരാതി നല്‍കുകയും ഒരു തെളിവുമില്ലാത്ത ആരോപണമുന്നയിച്ച് രാജീവ് കുമാറിനെയും കൊല്‍ക്കത്തയിലെ പോലീസ് ഉദ്യോഗസ്ഥരെയും വേട്ടയാടുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് അലോക് വര്‍മ, അസ്താനയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സി ബി ഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ കേന്ദ്രം നീക്കിയതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.

അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കോ ബാഹ്യസമ്മര്‍ദങ്ങള്‍ക്കോ വിധേയമാകാതെ നിഷ്പക്ഷമായി അന്വേഷണം നടത്തുകയാണ് സി ബി ഐയുടെ ധര്‍മം. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനുള്ള ആയുധമായി സി ബി ഐയെ ഉപയോഗപ്പെടുത്തുന്ന പ്രവണത അടുത്തായി വര്‍ധിച്ചിട്ടുണ്ട്. റെയ്ഡുകള്‍ക്കും കേസന്വേഷണങ്ങള്‍ക്കും സി ബി ഐക്ക് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാനുള്ള പൊതുസമ്മതം ആന്ധ്രാപ്രദേശും ബംഗാളും എടുത്തുകളഞ്ഞത് ഇതിന്റെ പശ്ചാത്തലത്തിലാണ്. പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മമതാ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെങ്കിലും ആത്യന്തികമായി ഇത് തൃണമൂല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാറിനും മോദിക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ദേശീയ രാഷ്ട്രീയത്തില്‍ മമതക്ക് വന്‍ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. സി ബി ഐയുടെ രാഷ്ട്രീയ പ്രേരിതമായ ഇടപെടലിനെതിരെ മമത നടത്തുന്ന സമരം ജനപിന്തുണ ഇനിയും വര്‍ധിപ്പിച്ചേക്കും. നിലവിലെ സംഭവവികാസങ്ങളില്‍ സി പി എം ഒഴികെയുള്ള മിക്ക പ്രതിപക്ഷ പാര്‍ട്ടികളും മമതയെ പിന്തുണച്ച് രംഗത്തുവന്നതും ശ്രദ്ധേയമാണ്.

---- facebook comment plugin here -----

Latest