തന്റെ സമരം ഉപയോഗപ്പെടുത്തിയാണ് ബി ജെ പി അധികാരത്തിലെത്തിയതെന്ന് ഹസാരെ

Posted on: February 4, 2019 6:47 pm | Last updated: February 4, 2019 at 9:31 pm

മുംബൈ: ലോക്പാലിനായുള്ള തന്റെ സമരം ഉപയോഗപ്പെടുത്തിയാണ് 2014ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി കേന്ദ്രത്തിലും ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലും അധികാരത്തിലെത്തിയതെന്ന് അണ്ണാ ഹസാരെ. വിവിധ ആവശ്യങ്ങളുന്നയിച്ച് മുംബൈയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെയാണ് ഹസാരെ ഈ പ്രതികരണം നടത്തിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി എന്നെ ഉപയോഗപ്പെടുത്തി. എന്നാല്‍ അവരുമായി നിലവില്‍ യാതൊരു ബന്ധവുമില്ല. ജനങ്ങളെ കബളിപ്പിക്കുന്ന മോദി സര്‍ക്കാര്‍ ഇന്ത്യയെ ഒരു ഏകാധിപത്യ രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്.

മഹാരാഷ്ട്രയില്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഈ രീതിയില്‍ എത്രകാലം മുന്നോട്ടു പോകാനാകുമെന്നും ഹസാരെ ചോദിച്ചു. തന്റെ ആവശ്യങ്ങള്‍ അനാവശ്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, താനുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തുമെന്നു പറയുന്നതും അവര്‍ തന്നെയാണ്. ഇത് കബളിപ്പിക്കലല്ലാതെ മറ്റെന്താണ്.

മുന്‍ സഹപ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാളിനെ തന്റെ പ്രക്ഷോഭത്തില്‍ പങ്കാളിയാകാന്‍ ക്ഷണിക്കുന്നുവെന്നും എന്നാല്‍, തന്നോടൊപ്പം വേദി പങ്കിടാന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.