മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം

Posted on: February 4, 2019 1:25 pm | Last updated: February 4, 2019 at 2:12 pm
യു എ ഇ സര്‍ക്കാര്‍ അബൂദബിയില്‍ സംഘടിപ്പിച്ച ലോക മതാന്തര സമ്മേളനത്തില്‍ പങ്കെടുത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു

അബൂദാബി: മതങ്ങളുടെയും വിശ്വാസ സംഹിതകളുടെയും സമാധാനപൂര്‍ണ്ണമായ ഇടപെടലുകള്‍ ലോക സമാധാനത്തിന് ഏറ്റവും അനിവാര്യമാണെന്നും സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് വിശ്വാസികള്‍ക്കിടയില്‍ സജീവമാകേണ്ടതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. യു എ ഇ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന ലോക മതാന്തര സമ്മേളനത്തില്‍ ആദ്യ ദിവസത്തെ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാന്‍സിന് മാര്‍പ്പാപ്പ മുഖ്യാതിഥിയാകുന്ന സമ്മേളനം യു എ ഇ സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. അറബ് ലോകത്തെ ഏറ്റവും വലിയ മതാന്തര സംഗമം എന്ന് വിശേഷിക്കപ്പെടുന്ന സമ്മേളനമാണിത്.

വിവിധ മത നേതാക്കള്‍ക്കിടയില്‍ കൂട്ടായ്മകളും സര്‍ഗാത്മക സംവാദങ്ങളും സാധ്യമാകുകയും വിശ്വാസികളെ പുതിയ ലോകത്ത് ഏറ്റവും ക്രിയാത്മകമായി നയിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുകയും വേണമെന്ന് കാന്തപുരം പറഞ്ഞു. മാനവ സൗഹൃദത്തിന്റെ തത്വങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിച്ച അദ്ദേഹം വിശുദ്ധ ഇസ്‌ലാമിന്റെ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ പത്തിന പദ്ധതികള്‍ അവതരിപ്പിച്ചു.

സമാധാനത്തിനായുള്ള ലോക രാജ്യങ്ങളുടെ ഇടപെടലുകള്‍ സജീവമാക്കുക, ന്യൂനപക്ഷ വിശ്വാസികളെ പ്രയാസത്തിലാക്കുന്ന മ്യാന്മര്‍ പോലുള്ള രാജ്യങ്ങള്‍ മനുഷ്യാവകാശം എല്ലാ പൗരന്മാര്‍ക്കും വകവെച്ചുനല്‍കുക, മത നേതാക്കള്‍ക്കിടയില്‍ സഹവര്‍ത്തിത്വ ചര്‍ച്ചകള്‍ തുടരുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അദ്ദേഹം വിവിധ മതനേതാക്കളുമായി പങ്കുവെച്ചു. യു എ ഇ ഭരണകൂടം നടത്തുന്ന സഹിഷ്ണുതാ പരിപാടികളും മതസൗഹൃദ സമ്മേളനങ്ങളും ലോകത്തിന് മാതൃകയാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

മൊറോക്കോയിലെ ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ മേധാവി ഡോ. സാമിര്‍ ബൗഡിനാര്‍, ബോസ്‌നിയയിലെ സ്‌കോളേഴ്‌സ് ചീഫ് ഡോ. മുസ്തഫ സിരിക്, ജറൂസലം നാച്ചുറയ് കര്‍ത്ത മേധാവി റബ്ബി മീര്‍ ഹിര്‍ഷ് എന്നിവര്‍ സെഷനില്‍ സംസാരിച്ചു.

ലോകത്തെ നൂറു രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട 600 പണ്ഡിതരാണ് ത്രിദിന സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. ഇന്ന് തുടരുന്ന സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സംസാരിക്കും.