ഉപതിരഞ്ഞെടുപ്പ്: കാവനൂരില്‍ ലീഗിന് ഇരട്ടവിമത ഭീഷണി

Posted on: February 4, 2019 11:22 am | Last updated: February 4, 2019 at 11:22 am

അരീക്കോട്: കാവനൂര്‍ പഞ്ചായത്തിലെ ഇളയൂര്‍ 16ാം വാര്‍ഡില്‍ 14ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് ഇരട്ടവിമതകളും എല്‍ ഡി എഫും ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുന്നു. പഞ്ചായത്തിലെ ഒരു വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് പഞ്ചായത്ത് അംഗമായിരുന്ന ഫാത്വിമ ഉമ്മറിന്റെ രാജിക്ക് കാരണമായത്.

മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും രാജിക്ക് കാരണമായിട്ടുണ്ട്. കാലങ്ങളായി ഇരുമുന്നണികളുടെയും വികസന അവഗണനക്ക് ഫാത്വിമയെ പ്രസിഡന്റാക്കി പരിഹാരമുണ്ടാക്കണമെന്നും യു ഡി എഫിന്റെ പ്രസിഡന്റായി 15ാം വാര്‍ഡിന് എക്കാലവും സംവരണം ചെയ്ത് വെച്ചതല്ലെന്നുള്ള വാദമാണ് പ്രധാനമായും വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രധാനമായും ആരോപണമായി പാര്‍ട്ടിയില്‍ ഉന്നയിച്ചിരുന്നത്. പ്രധാന വിമത സ്ഥാനാര്‍ഥിയായി വാര്‍ഡ് മുസ്‌ലിം ലീഗ് സെക്രട്ടറിയായിരുന്ന റിയാസിന്റെ ഭാര്യ ഷാഹിനയായതും ലീഗിന് വന്‍ ഭീഷണിയായി തുടരുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം സ്വന്തം വാര്‍ഡിലെ പ്രവര്‍ത്തകരുടെ കുറവും നിസ്സഹകരണവും കാരണം മറ്റു വാര്‍ഡുകളിലെ പ്രവര്‍ത്തകരെയും കൂടെ കൊണ്ടുവരുമ്പോഴാണ് പാര്‍ട്ടിയെ അത്ഭുതപ്പെടുത്തുന്നത്.

പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാവും മുജാഹിദ് വിസ്ഡം ഗ്രൂപ്പ് മണ്ഡലം നേതാവിന്റെ ഭാര്യ ഉമ്മു ഹബീബയുടെ രംഗപ്രവേശനം കാലങ്ങളായി കാവനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗിലെ സുന്നി-മുജാഹിദ് തര്‍ക്കത്തിന്റെ ഭാഗമായിട്ടാണ് പലരും ഇതിനെ വിലയിരുത്തുന്നത്. ഈ ഉപതിരഞ്ഞെടുപ്പും പാര്‍ട്ടിയിലെയും പഞ്ചായത്തിലെ ഭരണ പ്രതിസന്ധിക്കും എല്ലാം പ്രധാന കാരണമായത് പാര്‍ട്ടിയിലെ ചിലരുടെ വ്യക്തി താത്പര്യവും ചിലരെ പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള അജണ്ടയുമായാണ് അണികള്‍ വിലയിരുത്തുന്നത്. ഇത്തരം പ്രധിസന്ധിയുള്ള സഹചര്യത്തിലാണ് ഇരട്ട വിമതരെയും പാര്‍ട്ടിക്ക് നേരിടേണ്ടിവരുന്നത്. എട്ട് പേരാണ് ഇവിടെ മത്സര രംഗത്തുള്ളത്. ഇടതിനും വലതിനും വിമത ഭീഷണിയുമുണ്ട്.

ഖാഇദേ മില്ലത്ത് ഫോറമാണ് ലീഗിന് ഏറെ ഭീഷണി. ഫാത്വിമയുടെ രാജിയോടെ ഇരു കക്ഷികള്‍ക്കും ഒമ്പത് വീതം അംഗങ്ങളാണുള്ളത്. പ്രചാരണത്തിനായി ഇരുമുന്നണികളുടെയും ജില്ലാ സംസ്ഥാന നേതാക്കള്‍ ഇവിടെ എത്തുന്നുണ്ട്. ഖാഇദേ മില്ലത്തിന്റെ പ്രചാരണത്തിനായി പഞ്ചായത്തില്‍ പ്രത്യേക സംഘവുമുണ്ട്.