Connect with us

National

രാജ്യത്ത് ഒരോ വര്‍ഷവും 23,900 പെണ്‍കുട്ടികള്‍ മരണപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്

Published

|

Last Updated

പാലക്കാട്: സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയില്‍ ongoഒരോ വര്‍ഷവും 23,900 പെണ്‍കുട്ടികള്‍ മരണപ്പെടുന്നതായി പഠനറിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും മരണസംഖ്യ വര്‍ധിക്കുമ്പോള്‍ കേരളത്തില്‍ മരണനിരക്ക് തുലോം കുറവാണ്. അതേസമയം കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മുന്‍കാലത്തേക്കാള്‍ അഞ്ചിരിട്ടി വര്‍ധിച്ചിട്ടുണ്ടെന്നാണ് ലിംഗവിവേചനത്തെക്കുറിച്ച് പഠനം നടത്തുന്ന ആസ്ട്രിയയില്‍ നിന്നുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അപ്ലൈഡ് സിസ്റ്റംസ് അനാലിസിസ് എന്ന സംഘടന നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്.

പെണ്‍ ഭ്രൂണഹത്യയെ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടികളോടുള്ള ലിംഗാധിഷ്ഠിത വിവേചനങ്ങള്‍ അവരെ ജനിപ്പിക്കാതിരിക്കുന്നിടത്ത് മാത്രമല്ല, അത് ജനിച്ചവരുടെ മരണത്തിന് മുന്‍തൂക്കം നല്‍കുന്നിടത്തുമുണ്ട്. വിദ്യാഭ്യാസ രംഗത്തോ, തൊഴില്‍ മേഖലയിലോ അല്ലെങ്കില്‍ രാഷ്ട്രീയ പ്രാതിനിധ്യത്തിലോ തുല്യ പ്രാതിനിധ്യം നല്‍കിയാല്‍ മാത്രം ലിംഗ നീതിയാകില്ല. അര്‍ഹിക്കുന്ന സംരക്ഷണവും, വാക്‌സിനേഷനും, പോഷകാഹാരവുംകൂടെ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നില്‍ രണ്ടു ഭാഗവും മരണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ്. ഉത്തര്‍പ്രദേശില്‍ 30.5 ശതമാനവും ബീഹാറില്‍ 28.5 ശതമാനവുമാണ് ഫീമെയില്‍ മോര്‍ട്ടാലിറ്റി. ഗ്രാമീണ കാര്‍ഷിക മേഖലകളിലും ഏറ്റവും താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ള സ്ഥലങ്ങളിലും ഉയര്‍ന്ന ജനസാന്ദ്രതയുള്ളിടത്തും കുറഞ്ഞ സാമൂഹിക സാമ്പത്തിക വികസനമുള്ള സംസ്ഥാനങ്ങളിലുമാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ഉള്ളതെന്ന് പഠനം വ്യക്തമാക്കുന്നു.

ഭക്ഷണത്തിലും ആരോഗ്യപരിചരണത്തിലും പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം കുറക്കുന്നതിനായി, ദാരിദ്ര്യവും ഏറ്റവും താഴ്ന്ന സാമൂഹിക വികസനവുമുള്ള, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ഇടപെടലുകള്‍ അനിവാര്യമെന്നും പഠനത്തില്‍ പറയുന്നു.

സ്ത്രീ സമത്വം വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും വാദിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിക്കുന്ന അതിക്രമങ്ങളും ഇതിനെ തുടര്‍ന്നുണ്ടാകുന്ന മരണവും രാജ്യത്തിന് തന്നെ ലജ്ജാവഹമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

Latest