ഗെയില്‍ പൈപ്പ് ലൈന്‍ മംഗലാപുരം പൈപ്പുമായി ബന്ധിപ്പിക്കും

Posted on: February 3, 2019 1:14 pm | Last updated: February 3, 2019 at 1:14 pm

കൊച്ചി: ഗെയില്‍ പൈപ്പ് പദ്ധതി അടുത്തമാസത്തോടെ മംഗലാപുരം പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുമെന്ന് എന്‍ എന്‍ ജി പെട്രോനൈറ്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പ്രഭാത് സിങ്. എന്നാല്‍ ഗെയില്‍ പൈപ്പ് ലൈന്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ബെംഗളൂര്‍ പൈപ്പുമായി ബന്ധിപ്പിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ എന്‍ ജി വിതരണത്തിന് മംഗലാപുരത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള ഗെയില്‍ പൈപ്പ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ പെട്രോനെറ്റ് ഉല്‍പ്പാദനം ഇരട്ടിക്കും. പ്രകൃതിവാതകത്തിന്റെ(എല്‍ എന്‍ ജി) ഗ്യാസിന്റെ വരവ് രാജ്യത്ത് പുതിയൊരു ഗ്യാസ് ഇന്ധന വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് കൂടുതല്‍ എല്‍ എന്‍ ജി പ്ലാന്റുകള്‍ വികസിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളേക്കാള്‍ വില കുറവാണെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

എല്‍ എന്‍ ജി ഉപയോഗം വ്യാപിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി-തിരുവനന്തപുരം 4000 കിലോമീറ്റര്‍ ദേശീയ പാതയില്‍ എല്‍ എന്‍ ജി സ്റ്റേഷനുകള്‍ സ്ഥാപിക്കും. കൂടാതെ ഈ വര്‍ഷം തന്നെ ചെലവ് കുറഞ്ഞ രീതിയില്‍ തിരുവനന്തപുരം, എറണാകുളം,എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി എല്‍ എന്‍ ജി റീടെയ്ല്‍ ഔട്ലെറ്റുകള്‍ തുറക്കും. എല്‍ എന്‍ ജി ഉപയോഗിച്ചുള്ള ബസുകളും ട്രക്കുകളും സംസ്ഥാനത്ത് ജൂണ്‍ മുതല്‍ ഓടിത്തുടങ്ങും. എല്‍ എന്‍ ജി വ്യാപകമാകുന്നതോടെ ഇന്ധന ഇറക്കുമതി ചെലവ് 40 ശതമാനം കുറയുമെന്നും അദ്ദേഹം അറിയിച്ചു.

ഗ്യാസ് തുച്ഛമായ വിലയ്ക്ക് വിദേശ രാജ്യങ്ങളിലെ ഉല്‍പ്പാദന സ്രോതസുകളില്‍ ലഭിക്കും. ഇന്ത്യയ്ക്ക് വിതരണ അടിസ്ഥാന സൗകര്യം ഉണ്ടാക്കിയാല്‍ മതി. പൈപ്പ് ലൈന്‍ എത്താത്ത ഭാഗങ്ങളില്‍ മറ്റു മാര്‍ഗത്തില്‍ ഗ്യാസ് എത്തിക്കും. മറ്റ് ഏജന്‍സികള്‍ക്ക് ഗ്യാസ്വിതരണ അനുമതി കൊടുക്കുന്നകാര്യം പരിഗണനയിലാണ്.2016 ല്‍ തിരുവനന്തപുരത്തു തുടങ്ങിയ പരീക്ഷണം വിജയമായിരുന്നു. അതിന്റെ ഭാഗമായി മല്‍സ്യഫെഡും, സിഫ്നെറ്റുമായി സഹകരിച്ച് മത്സ്യബന്ധന മേഖലയില്‍ എല്‍ എന്‍ ജി ഘടിപ്പിച്ച ബോട്ടുകള്‍ നിര്‍മിക്കും. വീടുകളില്‍ എല്‍ എന്‍ ജി വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതിക്കുള്ള ടെണ്ടര്‍ ഫെബ്രുവരി അഞ്ചിന് തുറക്കും. പതിനഞ്ച് തലമുറയ്ക്ക് ഉപയോഗിക്കാവുന്ന വാതക ഊര്‍ജത്തെ കൃതൃമായ രീതിയില്‍ സംരക്ഷിച്ച് പുതിയ ഉല്‍പാദന രീതികള്‍ രൂപപ്പെടുത്തണമെന്നും പ്രഭാത് സിംഗ് പറഞ്ഞു.