കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചെന്ന് മുഖ്യമന്ത്രി

Posted on: February 1, 2019 10:42 pm | Last updated: February 2, 2019 at 9:48 am

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിനു ഒട്ടും പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബജറ്റായിട്ടു പോലും കേരളം അവഗണിക്കപ്പെട്ടു. സംസ്ഥാനത്തിനു നിലവില്‍ ലഭിച്ചുവരുന്ന വിഹിതം പോലും വെട്ടിക്കുറക്കുന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കേന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കു ലഭിക്കേണ്ട തുകയില്‍ 26,639 കോടി രൂപയുടെ കുറവാണ് വരുത്തിയിട്ടുള്ളത്.

പ്രളയം സൃഷ്ടിച്ച കെടുതികളെയും ദുരിതങ്ങളെയും അതിജീവിക്കാനുള്ള പാക്കേജുകളൊന്നും കേന്ദ്ര ബജറ്റിലില്ല. ജി എസ് ടി നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തിനു നികുതി വരുമാനത്തില്‍ കുറവുണ്ടായതിനു പുറമെ 38,265 കോടി രൂപ ജി എസ് ടി നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്തത് ഇരട്ട പ്രഹരമായി.

കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്ന എയിംസ് ഇത്തവണയും പരിഗണിക്കപ്പെട്ടില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും മൗനം പാലിച്ചു. റബര്‍ വില സ്ഥിരതാ ഫണ്ടിനെ കുറിച്ചും ബജറ്റില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇറക്കുമതി ചുങ്കങ്ങള്‍ക്ക് ഇനിയും ഇളവു നല്‍കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ കാര്‍ഷിക മേഖലക്കേറ്റ കനത്ത പ്രഹരമാണ്. തൊഴിലുറപ്പു പദ്ധതി സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തുന്നതിനുമുള്ള വിഹിതവും ബജറ്റിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.