ദേശീയ പശു കമ്മീഷന്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ആര്‍ എസ് എസ്

Posted on: February 1, 2019 5:31 pm | Last updated: February 1, 2019 at 5:31 pm

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ദേശീയ പശു കമ്മീഷന്‍ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ആര്‍ എസ് എസ്. ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച രാഷ്ട്രീയ കാമധേനു അയോഗ് പദ്ധതി മികച്ചതാണെന്ന് സംഘടനയുടെ ഗൗ സേവാ പ്രമുഖ് അജിത് മഹാപത്ര പറഞ്ഞു.

കമ്മീഷനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും പശു സംരക്ഷണത്തിന് ഒരു കമ്മീഷന്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്നതില്‍ സംശയമില്ല.
പശുസംരക്ഷണത്തില്‍ കര്‍ഷകരെ ബോധവത്കരിക്കാനുള്ള പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണം. ഗ്രാമം തോറും അഞ്ചു ശതമാനം പേര്‍ വീതമെങ്കിലും പശുക്കളെ സംരക്ഷിക്കണം.

പശു മൂത്രം, ചാണകം തുടങ്ങിയവയുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച് കഴിഞ്ഞ വര്‍ഷം ആര്‍ എസ് എസ് ഗൗ സേവാ സെല്‍ വിവിധ പ്രദേശങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായി അജിത് മഹാപത്ര പറഞ്ഞു.