ബജറ്റ് ബി ജെ പിയുടെ പ്രകടന പത്രിക പോലെ: കോണ്‍ഗ്രസ്

Posted on: February 1, 2019 5:12 pm | Last updated: February 1, 2019 at 10:43 pm

ന്യൂഡല്‍ഹി: ബി ജെ പിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രിക പോലെയാണ് കേന്ദ്ര ബജറ്റെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി വോട്ടര്‍മാരെ കൈയിലെടുക്കാനുള്ള തട്ടിപ്പ് മാത്രമാണ് ബജറ്റിലൂടെ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ പറഞ്ഞു.

വോട്ട് നേടുക മാത്രമാണ് ലക്ഷ്യം. തിഞ്ഞെടുപ്പിനു മുമ്പ് നടപ്പിലാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. മെയില്‍ കാലാവധി അവസാനിക്കുന്ന സര്‍ക്കാറാണ് നിലവിലുള്ളത്. ഏപ്രില്‍-മെയ് മാസത്തില്‍ പൊതു തിരഞ്ഞെടുപ്പു നടക്കും. ഈ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇത് വെറും പ്രകടന പത്രിക മാത്രമാണ്.

ബി ജെ പി ഭരണം രാജ്യത്തിന് എന്തു നേട്ടമാണുണ്ടാക്കിയതെന്ന് ബജറ്റ് അവതരണത്തിനിടെ പറയാന്‍ തയാറായിട്ടില്ല. 15 ലക്ഷം രൂപ ജനങ്ങളുടെ ബേങ്ക് അക്കൗണ്ടുകളില്‍ എത്തുമെന്ന് മോദി നല്‍കിയിരുന്ന വാഗ്ദാനത്തെ കുറിച്ചും മിണ്ടിയിട്ടില്ല. ഭരണ കാലയളവില്‍ പത്തുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തെ കുറിച്ചും ഇപ്പോള്‍ നിശ്ശബ്ദത പാലിക്കുന്നു. പാവപ്പെട്ടവര്‍ക്കു വേണ്ടി ബജറ്റില്‍ ഒന്നും നീക്കിവച്ചിട്ടില്ലെന്നും കാര്‍ഗെ കൂട്ടിച്ചേര്‍ത്തു.