Connect with us

Articles

പരിമിതിക്കിടയിലെ പരിശ്രമം

Published

|

Last Updated

ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കുകയും നികുതി നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം ജി എസ് ടി കൗണ്‍സിലില്‍ നിക്ഷിപ്തമാക്കുകയും ചെയ്തതോടെ സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക അധികാരം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. അതുകൊണ്ടു തന്നെ സ്വന്തമായി വരുമാനം വര്‍ധിപ്പിക്കാനും അതുവഴി വികസന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുക എന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ച് ഏതാണ്ട് അസാധ്യമാണ്. അത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന ബജറ്റുകളെന്നത് ജി എസ് ടിയുടെ സംസ്ഥാന വിഹിതവും ഇതര കേന്ദ്ര ധന സഹായവും വായ്പയും ചേരുന്ന തുക കണക്കാക്കി അത് വിവിധ വകുപ്പുകള്‍ക്ക് വീതം വെക്കുക എന്നതില്‍ ചുരുങ്ങും സംസ്ഥാന ബജറ്റ്. പ്രളയം മൂലമുണ്ടായ അസാധാരണമായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ജി എസ് ടിക്ക് പുറമെ ഒരു ശതമാനം സെസ് ചുമത്താന്‍ ജി എസ് ടി കൗണ്‍സില്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ അതുപയോഗപ്പെടുത്തി വിഭവ സമാഹരണം നടത്താനുള്ള സ്വാതന്ത്ര്യം ഇക്കുറി ധനമന്ത്രി ടി എം തോമസ് ഐസക്കിനുണ്ടായിരുന്നു. നിത്യോപയോഗ സാധനങ്ങളൊഴികെ ഉത്പന്നങ്ങള്‍ക്കെല്ലാം ഒരു ശതമാനം സെസ് ചുമത്തുക വഴി 1,785 കോടി രൂപയുടെ അധിക വരുമാനം ധനമന്ത്രി പ്രതീക്ഷിക്കുന്നു. ജി എസ് ടി പ്രാബല്യത്തിലാക്കുന്നതിന് മുമ്പ് 2016 -17ല്‍ ഐസക് പുതുക്കി അവതരിപ്പിച്ച ബജറ്റില്‍ 805 കോടി രൂപയുടെ അധിക വിഭവസമാഹരണം ഉദ്ദേശിച്ചുള്ള നികുതി പരിഷ്‌കാരം മാത്രമാണ് നിര്‍ദേശിക്കപ്പെട്ടത് എന്നത് കണക്കിലെടുക്കുമ്പോള്‍ സെസ്സിന്റെ രൂപത്തില്‍ ചെറുതല്ലാത്ത ഭാരം ജനങ്ങള്‍ക്കുമേലുണ്ടാക്കുന്നുണ്ട് ഈ ബജറ്റ്. പ്രളയമുണ്ടാക്കിയ പുനര്‍ നിര്‍മാണ ബാധ്യത കണക്കിലെടുക്കുമ്പോള്‍ ഈ ഭാരം നമുക്ക് തത്കാലം പൊറുക്കാം.
അധിക വിഭവ സമാഹരണത്തിനുള്ള ചെറിയ അവസരമൊഴിവാക്കിയാല്‍ ലഭ്യമാകുന്ന പണത്തിന്റെ യുക്തിഭദ്രമായ വീതംവെപ്പ് മാത്രമാണ് ധനമന്ത്രിക്ക് ചെയ്യാനുള്ളത്. അത് അദ്ദേഹം തൃപ്തികരമായി ചെയ്തുവെന്ന് നിശ്ചയമായും പറയാം. പത്താമത്തെ ബജറ്റ് അവതരിപ്പിച്ച തോമസ് ഐസക്കിന് അത് അത്ര പ്രയാസമുള്ള കാര്യവുമല്ല. ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവുമാണ് കേരളം ഏറ്റവുമധികം ഊന്നല്‍ നല്‍കിക്കൊണ്ടിരുന്ന ഇനിയും ഊന്നല്‍ നല്‍കേണ്ട മേഖലകള്‍. അവകളിലേക്ക് വേണ്ട ധനമൊഴുക്ക് ഉറപ്പാക്കിയിരിക്കുന്നു ധനമന്ത്രി. 2016ല്‍ ഇടത് ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയശേഷം പുതുക്കി അവതരിപ്പിച്ച ബജറ്റില്‍, പരമ്പരാഗത രീതികള്‍ക്കപ്പുറത്ത് ധനസമാഹരണത്തിനുള്ള ഉപാധിയായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഡെവലപ്‌മെന്റ് ബോര്‍ഡിനെ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിയമം മൂലം അത് സാധ്യമാക്കുകയും അതുവഴി വിഭവ സമാഹരണത്തിന് ശ്രമിക്കുകയുമാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തോമസ് ഐസക് ചെയ്തത്. അതിന്റെ തുടര്‍ച്ച ഈ ബജറ്റിലുമുണ്ട്. സ്‌കൂളുകളുടെ നവീകരണം, ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം എന്ന് തുടങ്ങി പ്രഖ്യാപിച്ച വിവിധങ്ങളായ പദ്ധതികളിലേക്ക് പണമെത്തുക കിഫ്ബി വഴിയാകും. കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ കിഫ്ബി വഴി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളില്‍ 74 ശതമാനവും നിര്‍മാണത്തിന്റെ ഘട്ടത്തിലോ നിര്‍മാണം തുടങ്ങുന്ന ഘട്ടത്തിലോ ആണെന്നിരിക്കെ, ഇപ്പോള്‍ പ്രഖ്യാപിച്ചവയും ക്രമേണ നിര്‍മാണഘട്ടത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

കേന്ദ്ര സര്‍ക്കാറിന്റെ അനുവാദത്തോടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കടമെടുക്കുന്നതിന് പുറമെയാണ് കിഫ്ബി വഴിയുള്ള കടമെടുപ്പും പ്രവാസിചിട്ടിയടക്കമുള്ള മാര്‍ഗങ്ങളിലൂടെയുള്ള ധനസമാഹരണവും. ഇതില്‍ 80 ശതമാനത്തോളം തിരിച്ചടക്കേണ്ടി വരുന്നതാണ്. അതായത് സര്‍ക്കാര്‍ നേരിട്ടെടുക്കുന്നതിനൊപ്പം കിഫ്ബി വഴിയെത്തുന്ന തുകയുടെയും തിരിച്ചടവ് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടിവരും. ഇത് ഭാവിയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള ബാധ്യത ചെറുതല്ല. തിരിച്ചടവ് ഉറപ്പാക്കും വിധത്തില്‍ വരുമാനം സൃഷ്ടിക്കുന്നതല്ല കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളില്‍ ഏറെയും. അതുകൊണ്ടു തന്നെ കേരളത്തിന്റെ കടഭാരം വലിയ തോതില്‍ വര്‍ധിക്കുമെന്ന ആശങ്ക ധനമന്ത്രി സ്ഥാനത്ത് രണ്ടാമതെത്തിയ ശേഷം ഐസക് അവതരിപ്പിക്കുന്ന ബജറ്റുകള്‍ ശേഷിപ്പിക്കുന്നുണ്ട്. കടമെടുക്കുന്നതിനെ ഭയക്കേണ്ടതില്ല, കടമായി എടുക്കുന്ന പണം ഉത്പാനദക്ഷമമായി ചെലവഴിച്ചാല്‍ മതിയെന്നാണ് ഐസക്കിന്റെ പ്രഖ്യാപിത നിലപാട്. അടിസ്ഥാന സൗകര്യ വികസനത്തിന് കടമെടുത്ത പണം ചെലവിടുന്നത്, നേരിട്ട് സര്‍ക്കാറിലേക്ക് വരുമാനമെത്തിക്കില്ല, പക്ഷേ, പുതുതായുണ്ടാകുന്ന അടിസ്ഥാന സൗകര്യങ്ങളിലൂടെ പുതിയ വരുമാനമാര്‍ഗങ്ങള്‍ തുറന്നുവരികയും അത് സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുകയും വേണം. അതുണ്ടാകുന്നുണ്ടോ എന്ന സംശയമാണ് കട ബാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനം.
പ്രളയാനന്തരമുള്ള പുനര്‍ നിര്‍മാണത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഈ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്, പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ട് ഒക്കെയുള്ള പുനര്‍ നിര്‍മാണമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, അതിന് അടിസ്ഥാനമിടാന്‍ പാകത്തിലുള്ള കാഴ്ചപ്പാട് ഈ ബജറ്റിലില്ല എന്നത്, വലിയ പ്രളയത്തെ അതിജീവിച്ച ജനതയെ സംബന്ധിച്ച് നിരാശാജനകമാണ്. പ്രളയത്തില്‍ വീട് പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടവരെ സംബന്ധന്ധിച്ച് എത്രയും വേഗം പുനരധിവാസമുണ്ടാകുക എന്നതാണ് പ്രധാനം. അതിന് ഉതകും വിധത്തിലുള്ള നീക്കിയിരുപ്പ് ഒറ്റ നോട്ടത്തില്‍ ഈ ബജറ്റിലില്ല. പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന റോഡുകളാണ് പ്രളയബാധിത പ്രദേശങ്ങളിലൊക്കെ. ഇവ വേഗത്തില്‍ പൂര്‍വസ്ഥിതിയിലെത്തുക എന്നത് ആ പ്രദേശത്തുകാരുടെ അടിയന്തരാവശ്യമാണ്. അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, പൊതുമരാമത്തു വകുപ്പിന് സാധാരണ നിലക്കുള്ള വകയിരുത്തല്‍ നടത്തുകയാണ് ബജറ്റില്‍ ചെയ്തത്. പൊതുമരാമത്തുവകുപ്പ്, ഈ പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും പ്രളയ ബാധിത പ്രദേശത്തെ റോഡുകള്‍ പേരെടുത്ത് പരാമര്‍ശിച്ച് ബജറ്റില്‍ തുക വകയിരുത്തിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാകുമായിരുന്നു.
വീടും റോഡും മാത്രമല്ല, ആയിരക്കണക്കിനാളുകളുടെ ഉപജീവനോപാധികളെയും പ്രളയം ബാധിച്ചിട്ടുണ്ട്. ഇവകളുടെ പുനഃസൃഷ്ടിക്ക് ബജറ്റ് തുക വകയിരുത്തുന്നുണ്ടെങ്കിലും അതിനൊരു മൂര്‍ത്തമായ പദ്ധതി നിര്‍ദേശിക്കപ്പെടുന്നില്ല. അത്തരം പദ്ധതികള്‍ അതാത് വകുപ്പുകള്‍ ഇനി ആവിഷ്‌കരിക്കേണ്ടിവരുമെന്ന് ചുരുക്കം. അതായത്, പുനര്‍ നിര്‍മാണമെന്നതിന്, പ്രഖ്യാപനത്തിനപ്പുറത്തുള്ള മൂര്‍ത്തരൂപം ബജറ്റ് രൂപവത്കരിക്കുന്ന ഘട്ടത്തില്‍ ഉണ്ടായിട്ടില്ലെന്ന് ചുരുക്കം. അത് ധനമന്ത്രിയുടെ മാത്രം തകരാറല്ല, മറിച്ച് സര്‍ക്കാറിന്റെയാകെ തകരാറാണ്. പ്രളയമുണ്ടാക്കിയ നാശനഷ്ടം 25,000 കോടിയുടേതാണെന്നാണ് കണക്ക്. 30,000 കോടി രൂപയിലധികം വേണ്ടിവരും പുനര്‍ നിര്‍മാണം പൂര്‍ത്തിയാകാനെന്നും കണക്കുണ്ട്. ഇത്രയും പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗം സര്‍ക്കാറിന് മുന്നില്‍ പരിമിതവുമാണ്. കേന്ദ്ര മാനദണ്ഡമനുസരിച്ച്, സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് നമുക്ക് ഒരു വര്‍ഷം കടമായി സ്വീകരിക്കാവുന്നത്. ഈ പരിധി 4.5 ശതമാനമായി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. പ്രളയ പുനര്‍ നിര്‍മാണത്തിനായി വിദേശ ധനകാര്യ ഏജന്‍സികളില്‍ നിന്ന് എടുക്കുന്ന കടം, പൊതുവില്‍ എടുക്കാവുന്ന കടത്തിന് പുറമെയാക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം അനുവദിച്ചിട്ടില്ല. അതായത് കടമെടുക്കാവുന്ന മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം തുക കൊണ്ട് പുനര്‍ നിര്‍മാണവും സാധ്യമാക്കേണ്ടി വരുമെന്ന് ചുരുക്കം. അതുകൊണ്ടാണ് വീടായാലും റോഡായാലും പുനര്‍ നിര്‍മാണ പദ്ധതി പ്രത്യേകമായി തന്നെ ബജറ്റില്‍ ഉള്‍ക്കൊള്ളേണ്ടതായിരുന്നുവെന്ന് പറയുന്നത്. അതില്ലാത്ത സാഹചര്യത്തില്‍ ഇത്തരം പുനര്‍ നിര്‍മാണങ്ങള്‍ പണമില്ലാതെ ഇഴയാനുള്ള സാധ്യത ഏറെയാണ്.
2018 – 19ല്‍ വായ്പയായി സ്വീകരിച്ച തുകയുടെ 56.03 ശതമാനവും റവന്യൂ ചെലവുകള്‍ക്കായി വിനിയോഗിക്കേണ്ടി വന്നുവെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്. 18-19 സാമ്പത്തിക വര്‍ഷത്തിലെ ബാക്കിയുള്ള ദിനങ്ങളുടെ കണക്ക് കൂടി ശേഖരിച്ച് കൃത്യമായി രേഖപ്പെടുത്തുമ്പോള്‍ റവന്യൂ ചെലവിലേക്ക് മാറ്റിവെച്ച കടത്തിന്റെ അളവ് ഇനിയും വര്‍ധിക്കാനാണിട. 2019 – 20 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂ ചെലവിലേക്ക് നീക്കിവെക്കുന്ന കടത്തിന്റെ ഓഹരി 33.4 ശതമാനമായി കുറക്കുമെന്ന് ധനമന്ത്രി വാഗ്ദാനംചെയ്യുന്നു. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് നിലവില്‍ ജി എസ് ടിയിലൂടെ ലഭിക്കുന്ന വരുമാനത്തിന് പത്ത് ശതമാനം വളര്‍ച്ചയാണുള്ളത്. അത് 30 ശതമാനമാക്കി ഉയര്‍ത്തുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. പത്തില്‍ നിന്ന് മുപ്പതിലേക്കുള്ളത് കുതിച്ചുചാട്ടമാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. അത് സാധ്യമാക്കാനുള്ള വഴികള്‍ അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ടെങ്കിലും അത് തികച്ചും അപ്രായോഗികമാണെന്നതില്‍ സംശയം വേണ്ട. ജി എസ് ടിയുടെ വളര്‍ച്ച പത്തില്‍ നിന്ന് പതിനഞ്ചോ പതിനെട്ടോ ആയി വളര്‍ന്നേക്കാം. എങ്കില്‍പ്പോലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റ് ഭരണച്ചെലവുകളും നിവൃത്തിക്കാനുള്ള പണം അതിലൂടെ ഖജനാവിലേക്ക് എത്തില്ല. അതായത് കടത്തില്‍ നിന്ന് റവന്യൂ ചെലവിലേക്ക് പോകുന്ന തുക 33.4 ശതമാനമായി കുറക്കുമെന്ന പ്രഖ്യാപനം നടപ്പാകാന്‍ പോകുന്നില്ല. മൂലധനച്ചെലവിലേക്ക് എടുക്കുന്ന കടം നിത്യനിദാനച്ചെലവിലേക്ക് മാറുമ്പോള്‍ നിര്‍മാണ – വികസന പ്രവൃത്തികളാണ് പ്രയാസത്തിലാകുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഏറ്റവുമധികം ബാധിക്കുക പ്രളയ പുനര്‍നിര്‍മാണത്തെയാണെന്നതില്‍ സംശയം വേണ്ട.

നിയോ ലിബറല്‍ സമീപനങ്ങളില്‍ നിന്ന് മാറി നിന്നുകൊണ്ട് വികസനത്തിനൊപ്പം സാമൂഹികക്ഷേമവും മുന്‍ നിര്‍ത്തിയുള്ള ബജറ്റാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റേത് എന്ന് തോമസ് ഐസക് അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ ബജറ്റുകളും വിപണിയിലേക്ക് കൂടുതല്‍ പണമെത്തിക്കുക എന്നതാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത് എന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാകും. “സര്‍, സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ ചെലവ് ചുരുക്കാന്‍ ഉദ്ദേശിക്കുന്നില്ല” എന്ന് ബജറ്റ് പ്രസംഗത്തില്‍ ഐസക് പറയുന്നതിന്റെ അര്‍ഥമതാണ്. സര്‍ക്കാര്‍ കൂടുതല്‍ മുതല്‍ മുടക്കുക അല്ലെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ മുതല്‍ മുടക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കുക. അതുവഴി കമ്പോളത്തെ ചടുലമാക്കുകയും അതിലൂടെ ഖജനാവിലേക്കുള്ള വരുമാനം വര്‍ധിപ്പിക്കാനുമാണ് ഐസക് ശ്രമിക്കുന്നത്. ആ ശ്രമം തന്നെയാണ് ഇവിടെയുമുള്ളത്. രാജ്യം പിന്തുടരുന്ന സാമ്പത്തിക നയങ്ങളില്‍ നിന്ന് ഭിന്നമായൊന്ന് കേരളത്തിന് മാത്രമായി സ്വീകരിക്കാനാകില്ല. അതിനുള്ളില്‍ നിന്ന് സാമൂഹിക ക്ഷേമം മുന്‍ നിര്‍ത്തി ചിലത് ചെയ്യാനേ സാധിക്കൂ. അതിന് ധനമന്ത്രി ശ്രദ്ധിച്ചിട്ടുമുണ്ട്. പക്ഷേ, കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ അത്ര ആശാവഹമായ ചിത്രമല്ല ഐസക്കിന്റെ ബജറ്റ് വരച്ചിടുന്നത്. അത് ബജറ്റിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കുന്നതില്‍ നമ്മുടെ ഭരണ സംവിധാനം പരാജയപ്പെടുന്നതിന്റെ കൂടി പ്രശ്‌നമാണ്. പ്രാവര്‍ത്തികമാകുന്ന പദ്ധതികള്‍ തന്നെ, ഉദ്ദേശിച്ച വിധത്തില്‍ ഉത്പാദനക്ഷമമാകാത്തതിന്റെ പ്രശ്‌നവുമാണ്.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest