വിവാഹ പാര്‍ട്ടിയെ ആശങ്കയിലാക്കി സ്വര്‍ണ വില

Posted on: January 28, 2019 3:32 pm | Last updated: January 28, 2019 at 3:32 pm

കൊച്ചി: സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍. വിലക്കയറ്റം വിവാഹ പാര്‍ട്ടികളെ ആശങ്കയിലാക്കി. അന്താരാഷട്ര വിപണിയില്‍ റബര്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ആഭ്യന്തര വിദേശ ഡിമാന്റ് ഏലക്ക വില ഉയര്‍ത്തി. വാങ്ങലുകാര്‍ ചുക്ക് വില വീണ്ടും ഉയര്‍ത്തി. വെളിച്ചെണ്ണ വില ഇടിഞ്ഞു.

കേരളത്തില്‍ സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍. 24,040 രൂപയില്‍ വ്യാപാരം തുടങ്ങിയ പവന്‍ വാരാന്ത്യം 24,200 ലെ മുന്‍ റെക്കോര്‍ഡ് മറികടന്ന് 24,400 രൂപയായി. ഒരു ഗ്രാമിന് വില 3005 ല്‍ നിന്ന് 3050 രൂപയിലേയ്ക്ക് കയറി. സ്വര്‍ണത്തിന്റെ വിലക്കയറ്റം വിവാഹ പാര്‍ട്ടികളെ അല്‍പ്പം പിരിമുറുക്കത്തിലാക്കി. പഴയ തലത്തിലേയ്ക്ക് പവന്‍ താഴുമോയെന്ന് ഒരു വിഭാഗം ഉറ്റ് നോക്കുമ്പോള്‍ മറ്റ് ഒരു കൂട്ടര്‍ നിരക്ക് ഇനിയും ഉയരുമോയെന്ന ഭീതിയില്‍ ഞായറാഴ്ച ആഭരണങ്ങള്‍ ശേഖരിക്കാന്‍ ഷോറുമുകള്‍ക്ക് മുന്നില്‍ രാവിലെ തന്നെ ഇടം കണ്ടത്തി.

ഡിസംബറില്‍ പവന്‍ 22,520 രൂപ വരെ താഴ്ന്ന് വ്യാപാരം നടന്നു. ചുരുങ്ങിയ ആഴ്ചകള്‍ക്കിടയില്‍ നിരക്ക് പവന് 1880 രൂപ കയറി. ഈ മാസം ആദ്യം പവന്‍ 23,440 രൂപയായിരുന്നു. ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയ്ക്ക് നേരിടുന്ന തളര്‍ച്ച കണക്കിലെടുത്താല്‍ ഇറക്കുമതി ചിലവ് വീണ്ടും ഉയരാന്‍ ഇടയുണ്ട്. വാരാവസാനം രൂപയുടെ മൂല്യം 70.89 ലാണ്. ഇത് 71.5072 റേഞ്ചിലേയ്ക്ക് നീങ്ങിയാല്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ സ്വര്‍ണ വില വീണ്ടും വര്‍ധിക്കാം.

ലണ്ടനില്‍ സ്വര്‍ണം 1281 ഡോളറില്‍ നിന്ന് 1300 ലെ പ്രതിരോധം തകര്‍ത്ത് 1304 ഡോളര്‍ വരെ കയറി. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ 1315 ഡോളര്‍ വരെ ഈവാരം ഉയരാം. ഈ തടസം മറികടന്നാല്‍ വീണ്ടും ഔണ്‍സിന് ഒമ്പത് ഡോളര്‍ കൂടി ഉയരാം. വിപണിക്ക് തിരിച്ചടിനേരിട്ടാല്‍ 1277 ഡോളറില്‍ താങ്ങുണ്ട്.

പകല്‍ താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ഉല്‍പാദകര്‍ റബര്‍ തോട്ടങ്ങളില്‍ നിന്ന് അകലുകയാണ്. ഇല പൊഴിച്ചില്‍ മൂലം റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് കുറഞ്ഞു. ഇനി ശിവരാത്രി വേളയിലെ വേനല്‍ മഴ തോട്ടങ്ങളെ സജീവമാക്കും. മുഖ്യ വിപണികളില്‍ പോയവാരം ഷിറ്റ് വരവ് കുറഞ്ഞ അളവിലായിരുന്നു. ടയര്‍ നിര്‍മ്മാതാക്കള്‍ തുടക്കത്തില്‍ നാലാം ഗ്രേഡ് റബര്‍ 12,500 രൂപയ്ക്ക് വാങ്ങിങ്കിലും പിന്നീട് നിരക്ക് 12,300 ലേയ്ക്ക് ഇടിച്ചു. ജപ്പാനില്‍ ടോക്കോം എക്‌സ്‌ചേഞ്ചില്‍ റബര്‍ വില കിലോ 190 യെന്നില്‍ നിന്ന് 205 യെന്നിലേയ്ക്ക് ഉയര്‍ന്നു.
രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 5350 ഡോളറാണ്. വിയറ്റ്‌നാം കുരുമുളക് ടണ്ണിന് 2500 ഡോളറിനും ബ്രസീലില്‍ ടണ്ണിന് 2000 ഡോളറിനും ഇന്തോനേഷ്യ 2800 ഡോളറിനും ക്വട്ടേഷന്‍ ഇറക്കി. ഇന്ത്യന്‍ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നതിനാല്‍ വാങ്ങലുകാര്‍ പുര്‍ണമായി വിട്ടു നിന്നു.

സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും കൊച്ചി മാര്‍ക്കറ്റിലേയ്ക്കുള്ള ചരക്ക് നീക്കം കുറച്ചു. ഇതോടെ വങ്ങലുകാര്‍ വില ഉയര്‍ത്തി ചരക്ക് എടുത്തു. തുടര്‍ച്ചയായ വില ഇടിവാണ് ചരക്ക് പിടിക്കാന്‍ കാര്‍ഷകരെ പ്രരിപ്പിച്ചത്. നാടന്‍ ചരക്ക് ശേഖരിക്കാന്‍ അന്തര്‍സംസ്ഥാന വ്യാപാരികള്‍ വാരത്തിന്റ്റ രണ്ടാം പകുതിയില്‍ നിരക്ക് ഉയര്‍ത്തി. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 34,800 രുപയില്‍ വ്യാപാരം നടന്നു.
ആഭ്യന്തര വിദേശ ഡിമാണ്ട് ചുക്ക് വിപണിയില്‍ ഉണര്‍വ് ഉളവാക്കി. ഇഞ്ചി വില ഉയര്‍ന്നത് ചുക്ക് സംസ്‌കരണത്തെ ബാധിച്ചു. ഇഞ്ചിക്ക് നേരിടുന്ന ക്ഷാമം കണക്കിലെടുത്താല്‍ ചുക്ക് വില വീണ്ടും ഉയരാന്‍ ഇടയുണ്ട്. ഇടത്തരം ചുക്ക് വില 23,500 ല്‍ നിന്ന് 25,000 രൂപയായി. ബെസ്റ്റ് ചുക്ക് വില 28,500 രൂപയാണ്.

പ്രദേശിക തലത്തില്‍ വെളിച്ചെണ്ണ വില്‍പ്പന കുറഞ്ഞു. മാസാരംഭം അടുത്ത സാഹചര്യത്തില്‍ വില്‍പ്പനതോത് ഉയരുമെന്ന കണക്ക് പ്രതീക്ഷയിലാണ് ഒരു വിഭാഗം വ്യാപാരികള്‍. കൊച്ചിയില്‍ വെളിച്ചെണ്ണ വില 16,900 രൂപയില്‍ നിന്ന് 16,500 രൂപയായി. കൊപ്ര വില 11,030 രൂപ.
കാലാവസ്ഥ വ്യതിയാനം ഏലക്ക ഉല്‍പാദനം ചുരുങ്ങാന്‍ കാരണമായി. ഹൈറേഞ്ചിലെ ലേല കേന്ദ്രങ്ങളില്‍ ലഭ്യത കുറഞ്ഞ അളവിലാണ്. യുറോപ്യന്‍ രാജ്യങ്ങള്‍ ഈസ്റ്റര്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഏലക്ക സംഭരണത്തിനുള്ള നീക്കത്തിലാണ്. ഏലക്കയുടെ ലഭ്യത ഉറപ്പിക്കാന്‍ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും രംഗത്ത് സീജവമാണ്. വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 1707 രൂപയില്‍ നിന്ന് 1940 രൂപ വരെ ഉയര്‍ന്നു.