വംശീയ പരാമര്‍ശം; സര്‍ഫ്രാസ് അഹ്മദിന് നാല് കളികളില്‍ വിലക്ക്

Posted on: January 27, 2019 2:39 pm | Last updated: January 27, 2019 at 9:17 pm

ന്യുഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡില്‍ ഫെലുക് വോക്കെതിരെ വംശീയപരാമര്‍ശം നടത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സര്‍ഫ്രാസ്അഹ്മദിന് നാല് കളികളില്‍ വിലക്ക്. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക – പാകിസ്ഥാന്‍ രണ്ടാം ഏകദിന മത്സരത്തിലായിരുന്നു വിവാദ പരാമര്‍ശം. കൈപ്പിടിയിലൊതുങ്ങിയെന്നു കരുതിയ വിജയം വഴുതുന്ന ഘട്ടത്തിലാണ് പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ സര്‍ഫ്രാസ് അഹമ്മദിനു നിയന്ത്രണം നഷ്ടമായത്.

കറുത്ത മനുഷ്യാ..എന്ന് വിളിച്ചായിരുന്നു സര്‍ഫ്രാസ് പിറുപിറുത്തത്. ഭാഷ അറിയാത്തതിനാല്‍ ഫെലൂക്‌വായോ പ്രതികരിച്ചില്ല. എന്നാല്‍ സ്റ്റംപ് മൈക്ക് വാക്കുകള്‍ കൃത്യമായി പിടിച്ചെടുത്തു. സര്‍ഫ്രാസ് എന്താണ് പറഞ്ഞതെന്ന് കമന്ററി ബോക്‌സില്‍ മൈക്ക് ഹൈസ്മാന്‍ മുന്‍ പാകിസഥാന്‍ താരം കൂടിയായ റമീസ് രാജയോട് ആരാഞ്ഞെങ്കിലും, ‘വലിയ വാചകമായതിനാല്‍ പരിഭാഷപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്’ എന്നായിരുന്നു മറുപടി. എന്നാല്‍, സംഭവം പുറത്തായതോടെ പാക് താരത്തിെനതിരെ വന്‍പ്രതിഷേധം അലയടിച്ചു.
പാക് താരങ്ങള്‍ പോലും സര്‍ഫ്രാസിനെതിരെ രംഗത്തെത്തി. മുന്‍ താരം ശുഐബ് അക്തറും രൂക്ഷവിമര്‍ശനമുയര്‍ത്തി.

ഇതിനെല്ലാം പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഈ പരാമര്‍ശം തള്ളിക്കളഞ്ഞു. ഇതോടെ പ്രതിരോധത്തിലായ സര്‍ഫ്രാസ് ട്വിറ്ററിലൂടെയാണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സര്‍ഫ്രാസ് കുറിച്ചു.