മരിച്ച മകന്‍ തിരിച്ചുവരുന്നതും കാത്ത് കുഴിമാടത്തിനരികില്‍ 38 ദിവസം!

Posted on: January 27, 2019 12:21 pm | Last updated: January 27, 2019 at 12:22 pm

വിജയവാഡ: മരിച്ചുപോയ മകനെ തിരിച്ചുകിട്ടാന്‍ അവന്റെ കുഴിമാടത്തിനടുത്ത് പിതാവ് കാവലിരുന്നത് 38 ദിവസം. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം. 56 വയസ്സുകാരനായ തുപ്പകുളു രാമുവാണ് സെമിത്തേരിയിലെ മകന്റെ കുഴിമാടത്തിനരികില്‍ ഊണും ഉറക്കവും ഒഴിച്ച് കാത്തിരുന്നത്. മകനെ തിരിച്ചുകിട്ടാന്‍ ഒരു മന്ത്രവാദി നിര്‍ദേശിച്ചതാണത്രെ ഈ വിദ്യ. അതിന് മന്ത്രവാദിക്ക് ഇയാള്‍ നല്‍കിയതാകട്ടെ ഏഴ് ലക്ഷം രൂപയും!

ദിവസങ്ങളായി കുഴിമാടത്തിനരികില്‍ ഇയാള്‍ കഴിച്ചുകൂട്ടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പറഞ്ഞുമനസ്സിലാക്കി സെമിത്തേരിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

പന്നിപ്പനി ബാധിച്ചാണ് രാമുവിന്റെ 26കാരനായ മകന്‍ ശ്രീനിവാസുലു മരിച്ചത്. കുവൈത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു ശ്രീനിവാസുലു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അവന്‍. മകന്‍ മരിച്ചതോടെ മാനസിക നില തെറ്റിയ രാമുവിന് മന്ത്രവാദിയാണ് മകനെ തിരിച്ചുകിട്ടാനുള്ള വഴി പറഞ്ഞുകൊടുത്തത്. 41 ദിവസം കുഴിമാടത്തിനരുകില്‍ കാവല്‍ നിന്നാല്‍ മകന്‍ തിരിച്ചുവരുമെന്നാണ് രാമുവിനെ ഇയാള്‍ പറഞ്ഞുവിശ്വസിപ്പിച്ചത്. സംഭവത്തില്‍ മന്ത്രവാദിക്കെതിരെ പരാതി നല്‍കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല.