മെഡിക്കല്‍ കോളജിലേക്ക് എസ് വൈ എസ് സാന്ത്വനം കട്ടിലുകളും ബെഡുകളും സമര്‍പ്പിച്ചു

Posted on: January 26, 2019 5:07 pm | Last updated: January 26, 2019 at 5:07 pm
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് സമര്‍പ്പിക്കുന്ന ബാക്ക് റെസ്റ്റ് കട്ടിലുകളുടെ രേഖ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സാന്നിധ്യത്തില്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം സി കെ നായര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആന്‍ഡ്രൂസിന് കൈമാറുന്നു

തൃശൂര്‍: സമസ്ത കേരള സുന്നീ യുവജന സംഘത്തിന് കീഴില്‍ കേരളത്തിലുടനീളം നടന്നു കൊണ്ടിരിക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലേക്ക് എസ് വൈ എസ് സാന്ത്വനം മഹല്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിലേക്ക് സാന്ത്വനം മഹല്‍ സംഭാവന ചെയ്യുന്ന ബാക്ക് റെസ്റ്റ് കട്ടിലുകള്‍ സമര്‍പ്പിക്കുന്നതിന്റെ രേഖകള്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം കെ സി നായര്‍ മെഡിക്കല്‍ കോളജ് പ്രിസിപ്പാള്‍ ഡോക്ടര്‍ എം എ ആന്‍ഡ്രൂസിന് കൈമാറി.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആരോഗ്യസര്‍വകലാശാലക്ക് സമീപം പ്രവര്‍ത്തിക്കുന്ന എസ് വൈ എസ് സാന്ത്വനം മഹല്‍ വിപുലമായ സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സമസ്ത മുശാവറ പ്രസിഡന്റ് താഴപ്ര മുഹിയദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സാന്ത്വനം മഹല്‍ ചെയര്‍മാന്‍ ഡോക്ടര്‍ മുഹമ്മദ് ഖാസിം അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പികെ ബാവാദരിമി സാന്ത്വന സന്ദേശം പ്രഭാഷണം നടത്തി. ഡോക്ടര്‍ കരീം വെങ്കിടങ്ങ്, മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രന്റ് അജിത്ത് കുമാര്‍, ഇ എന്‍ ടി ഡോ. അജയന്‍, ഡോ. ഖാജ, എ എ ജാഫര്‍ ചേലക്കര പ്രസംഗിച്ചു. സാന്ത്വനം ജില്ലാ കോഡിനേറ്റര്‍ ബഷീര്‍ അശ്‌റഫി സ്വാഗതവും എസ് വൈ എസ് ജില്ലാസെക്രട്ടറി പി യു ഷമീര്‍ നന്ദിയും പറഞ്ഞു.