Connect with us

Articles

പാക്കിസ്ഥാനില്‍ ചേട്ടന് സുഖം തന്നെയാണ്

Published

|

Last Updated

വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ ഓഫീസ് റിവ്യൂവിനായി കാബൂളിലേക്ക് പോകണമെന്ന് പ്ലാനിട്ടിരുന്നെങ്കിലും അത് ജനുവരിയില്‍ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. ഡിസംബര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തി ഓഫീസിലെ കാര്യങ്ങള്‍ അടുക്കും ചിട്ടയുമായി ചെയ്തുവരുന്നതേയുള്ളൂ. അപ്പോഴാണ് കാബൂളിലെ വായു മലിനീകരണം അതിരുകടന്ന വാര്‍ത്ത വരുന്നത്.
കാഴ്ചയില്‍ ഒരു ഉത്തരേന്ത്യന്‍ നഗരം പോലെയാണ് കാബൂളും. മഞ്ഞുകാലത്ത് വായു മലിനീകരണവും മൂടല്‍മഞ്ഞും കൂടിച്ചേര്‍ന്ന് ജനജീവിതം ദുസ്സഹമാകും. ഇതിന് നിരവധി കാരണങ്ങളുണ്ട്. വാഹനങ്ങളുടെ ആധിക്യം, ഗതാഗതം പതുക്കെയായതിനാല്‍ വാഹനങ്ങള്‍ ചലിക്കാതിരിക്കുകയോ ചെറിയ വേഗതയില്‍ പോകുകയോ ചെയ്യുമ്പോഴുണ്ടാകുന്ന പുക, പഴയ വാഹനങ്ങളും മോശം ഇന്ധനവും ഉണ്ടാക്കുന്ന പൊടി, വീടുകളില്‍ ചൂടാക്കാനുള്ള സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്തതിനാല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളും പഴയ വസ്ത്രങ്ങള്‍ കത്തിക്കുന്ന പുകയുമടക്കമുള്ള പലതും വായുമലിനീകരണം കൂട്ടുന്നു. ഡല്‍ഹിയില്‍ ചെറുകിട വ്യവസായങ്ങള്‍, ഖരമാലിന്യത്തിലെ അഗ്‌നിബാധ, കര്‍ഷകര്‍ പാടത്ത് തീയിടുന്നത് എന്നിവയെല്ലാം വായു മലിനീകരണം കൂട്ടുന്നു എന്നാണ് വിലയിരുത്തുന്നത്. കാബൂളില്‍ കൃഷിയും വ്യവസായവും അധികമില്ലെങ്കിലും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍ മലിനീകരണം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കും. ഇതൊക്കെ എല്ലാ തണുപ്പുകാലത്തെയും വിശേഷങ്ങളാണ്.

ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം കൂടി കൈവിട്ടു പോയി. കഴിഞ്ഞയാഴ്ച ലോകത്തെ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള സ്ഥലം എന്ന റാങ്ക് കാബൂളിന് കിട്ടി. വിഷമിക്കേണ്ട, തൊട്ടു പിറകില്‍ തന്നെയുണ്ട് ഡല്‍ഹി. വായു മലിനീകരണത്തിന്റെ തോത് ആയിരത്തിനടുത്തായി. അഞ്ഞൂറിന് മുകളില്‍ സൂചിക പോയാല്‍ പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അത്യാവശ്യമുള്ളതൊഴിച്ച് മറ്റെല്ലാ സ്ഥാപനങ്ങളും നിര്‍ത്തിവെക്കണമെന്നും, ആളുകളോട് വീട്ടിലിരിക്കാന്‍ നിര്‍ദേശിക്കണമെന്നുമൊക്കെയാണ് ധാരണ. പക്ഷേ, ഇതൊന്നും കാബൂളിലെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ നടപ്പുള്ള കാര്യമല്ല. എന്നാല്‍ ഇന്റര്‍നെറ്റിന്റെ ലോകത്ത് നാട്ടുകാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയാം. കാബൂളിലെ സമൂഹമാധ്യമങ്ങളില്‍ മുഴുവന്‍ വായു മലിനീകരണത്തിന്റെ ചര്‍ച്ചയാണ് നടക്കുന്നത്. യു എന്നിന്റെ അകത്തുള്ള ആളുകളുടെ കാര്യവും വ്യത്യസ്തമല്ല.
ഈ സാഹചര്യത്തിലാണ് 1998ല്‍ ഇന്തോനേഷ്യയിലെ കാട്ടുതീ ഉണ്ടാക്കിയ വായുമലിനീകരണം കൈകാര്യം ചെയ്ത പരിചയം വെച്ച് ഉടന്‍ കാബൂളിലേക്ക് പോകാമെന്ന് ഞാന്‍ തീരുമാനിച്ചത്. ജനീവയില്‍ നിന്ന് വൈകിട്ട് ആറ് മണിക്ക് ടര്‍ക്കിഷ് എയര്‍വേയ്‌സിലാണ് കാബൂളിലേക്ക് പോകുന്നത്. 2004ല്‍ കാബൂളില്‍ പോകുന്ന സമയത്ത് സൈനിക വിമാനങ്ങളും യു എന്‍ വിമാനവും അല്ലാത്ത വിമാനങ്ങള്‍ അവിടെ ഇറങ്ങില്ല. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഇസ്താംബൂള്‍ വഴി ടര്‍ക്കിഷ്, ഇന്ത്യ വഴി ഇന്‍ഡിഗോ, ദുബൈ വഴി എമിറേറ്റ്‌സ്, ഷാര്‍ജയില്‍ നിന്നും പുറപ്പെടുന്ന ഫ്‌ളൈ ദൈബൈ എന്നിങ്ങനെ ദിവസം എത്രയോ വിമാന സര്‍വീസുകള്‍ അവിടേക്കുണ്ട്. രാത്രി പന്ത്രണ്ട് മണിക്ക് ഇസ്താംബൂളില്‍ നിന്ന് പുറപ്പെട്ട് രാവിലെ ആറ് മണിക്കാണ് കാബൂളില്‍ ഇറങ്ങേണ്ടത്. സുരക്ഷാകാരണങ്ങളാല്‍ ഏത് സമയത്ത് കാബൂളില്‍ ഇറങ്ങാം എന്നതിനൊക്കെ ഐക്യരാഷ്ട്ര സഭയുടെ കര്‍ശന നിര്‍ദേശങ്ങളുണ്ട്.

കാബൂളിലെ ആറ് മണി എന്നാല്‍ ജനീവയിലെ രണ്ടര മണി. നന്നായി ഉറങ്ങുന്ന സമയം. പൈലറ്റിന്റെ അനൗണ്‍സ്‌മെന്റ് കേട്ടാണ് ഉണരുന്നത്. ഉറക്കച്ചടവില്‍ ഇസ്‌ലാമാബാദ് എന്ന് കേട്ടതായി തോന്നി. മിക്കവാറും പേര്‍ ഉറക്കമാണ്. സമയം നോക്കിയപ്പോള്‍ കാബൂളില്‍ ഏഴ് മണി. എന്നിട്ടും വിമാനം ആകാശത്ത് തന്നെയാണ്. ടി വി യില്‍ ഫ്‌ലൈറ്റ് പാത്ത് നോക്കി. ശരിയാണ്. വിമാനം ഇസ്‌ലാമാബാദിനു ചുറ്റും കറങ്ങുകയാണ്.
കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണിയുണ്ടാകുന്നതും വെടിവെപ്പ് ഉണ്ടാകുന്നതും, വിമാനത്താവളം അടച്ചിടുന്നതുമൊന്നും അപൂര്‍വമല്ല. അങ്ങനെയെന്തോ ആണെന്നാണ് ആദ്യം കരുതിയത്. അമേരിക്കന്‍ സെനറ്റിന്റെ സ്പീക്കര്‍ നാന്‍സി പാലോസി കാബൂള്‍ സന്ദര്‍ശിക്കാന്‍ പരിപാടിയിട്ടിട്ടുണ്ടെന്ന് വേറൊരു വാര്‍ത്തയും കേട്ടിരുന്നു. സാധാരണ പരമ രഹസ്യമായാണ് ഇത്തരം യാത്രകള്‍. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് ആകാശാതിര്‍ത്തി കടന്ന ശേഷമേ വിവരം പുറത്തു പറയുകയുള്ളൂ. പക്ഷേ, അമേരിക്കയില്‍ ഇപ്പോള്‍ പ്രസിഡന്റും സെനറ്റും തമ്മില്‍ നടക്കുന്ന വടംവലി കാരണം പാലോസിയുടെ യാത്രയുടെ കാര്യം പ്രസിഡന്റ് പുറത്തു വിട്ടിരുന്നു. ഇനി അവരെങ്ങാനും ഇതേ സമയത്ത് വിമാനമിറങ്ങുന്നുണ്ടോ എന്നതായി അടുത്ത സംശയം. എന്തായാലും ക്യാപ്റ്റന്‍ ഒന്നും പറഞ്ഞില്ല. വിമാനം ഇസ്‌ലാമാബാദ് വിമാനത്താവളത്തിലിറക്കി. വിമാനത്തിന് ചുറ്റും സുരക്ഷാഭടന്മാര്‍ വരുന്നുണ്ട്. പക്ഷേ, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല, ഭക്ഷണം ഇല്ല, വെള്ളം പോലുമില്ല. ആളുകള്‍ അക്ഷമരായി. കുട്ടികള്‍ കരഞ്ഞുതുടങ്ങി, സ്ത്രീകളില്‍ ചിലര്‍ ശബ്ദമുയര്‍ത്തി.
സാധാരണഗതിയില്‍ ഒരു വിമാനം മറ്റൊരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതൊന്നും വലിയ സംഭവമല്ല. ആളുകള്‍ക്ക് പുറത്തിറങ്ങാം, വിമാനത്താവളത്തിനകത്ത് നിന്ന് ഭക്ഷണവും കഴിക്കാം. എന്നാല്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാനം പാക്കിസ്ഥാനില്‍ ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പാക്കിസ്ഥാനിലിറങ്ങാന്‍ ഇഷ്ടമില്ലാത്ത പലരും അഫ്ഗാനിസ്ഥാനില്‍ ഉണ്ട്. പാക്കിസ്ഥാനില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അഫ്ഗാനികളില്‍ ചിലരും വിമാനത്തിലുണ്ട്. അവരും മറ്റു യാത്രക്കാരും തമ്മില്‍ ചര്‍ച്ചയായി. അവരെല്ലാം കൂടി വിമാനജോലിക്കാരുമായി ചര്‍ച്ച നടത്തി.
വാസ്തവത്തില്‍ എനിക്ക് അല്‍പ്പം ആകാംക്ഷ കൂടുതലുണ്ട്. ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ കിട്ടുന്ന ഒന്നല്ല പാക്കിസ്ഥാനി വിസ. ആദ്യമായാണ് പാക്കിസ്ഥാന്റെ മണ്ണില്‍ കാലുകുത്താന്‍ പോകുന്നത്. അതിന്റെ സന്തോഷമുണ്ട്. പക്ഷേ, ഇന്ത്യക്കാരന്‍ ആയതിനാല്‍ പുറത്തിറങ്ങാന്‍ പറ്റുമോ എന്ന പ്രശ്‌നവുമുണ്ട്. യു എന്‍ പാസ് പോര്‍ട്ടുള്ളതിനാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെങ്കിലും അത് എമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് മാത്രം മനസ്സിലാകുന്ന കാര്യമാണ്. പക്ഷേ, ഞാന്‍ അതൊന്നും പുറത്തു കാണിക്കുന്നില്ല. ഒടുവില്‍ ആരുടെയും ബോര്‍ഡിംഗ് പാസ് പരിശോധിക്കില്ലെന്നും എല്ലാവര്‍ക്കും ഒരു നമ്പര്‍ മാത്രമെഴുതിയ ബോര്‍ഡിംഗ് പാസ് നല്‍കാമെന്നുമുള്ള ഉറപ്പിന്മേല്‍ ആളുകള്‍ പുറത്തിറങ്ങി.

ഡല്‍ഹിയുടെ അത്രയും വരില്ലെങ്കിലും പുതിയതും വലുതുമാണ് ഇസ്‌ലാമാബാദിലെ വിമാനത്താവളം. തിരക്ക് തീരെയില്ല. ടെര്‍മിനലിന്റെ ഒരു മൂലയിലുള്ള ഹാളില്‍ ഞങ്ങളെ ഇരുത്തി. ചുറ്റും യൂനിഫോമിട്ടതും അല്ലാത്തതുമായ സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. വീണ്ടും രണ്ട് മണിക്കൂര്‍ ലൗഞ്ചില്‍ ഇരുന്നിട്ടും ഭക്ഷണം കിട്ടിയില്ല. കുട്ടികള്‍ വീണ്ടും കരഞ്ഞുതുടങ്ങി. പ്രായമായവരും ബുദ്ധിമുട്ടിലായി. ഞാന്‍ കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് പാക്കറ്റ് തുറന്ന് പുറത്തുവെച്ചു. എല്ലാവരും ഒന്നും രണ്ടുമെടുത്ത് കഴിച്ചു. സമയം പിന്നെയും കഴിഞ്ഞു. ക്ഷീണം കൊണ്ട് ഞാന്‍ ഉറങ്ങിപ്പോയി. “ചേട്ടാ” എന്നാരോ വിളിക്കുന്നത് കേട്ടാണുണര്‍ന്നത്. ആദ്യം കരുതി സ്വപ്‌നമാണെന്ന്. കണ്ണ് തുറക്കുമ്പോള്‍ എയര്‍ലൈന്‍ സ്റ്റാഫ് എന്റെ മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്. ചുറ്റും യൂനിഫോമിട്ട കുറച്ചു സെക്യൂരിറ്റി ഉദ്യോഗസ്ഥരും.
“ചേട്ടാ, സുഖമല്ലേ?” എന്ന് ഒരു പാകിസ്ഥാനി ഉദ്യോഗസ്ഥന്‍. ഞാന്‍ അതിശയിച്ചു.
“ഇന്ത്യ?” അദ്ദേഹം ചോദിച്ചു.
“yes”
“സൗത്ത് ഇന്ത്യ?”
“Yes”
“കേരളം?”
“Yes”
“കേരളത്തില്‍ എവിടെ?
You know Kerala? ഞാന്‍ ചോദിച്ചു.
Yes, അദ്ദേഹം പറഞ്ഞു.
“I am from Kochi.” എന്ന് ഞാന്‍
“Nedumbassery?” എന്ന് എന്നെ വീണ്ടും അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം.
അദ്ദേഹത്തിന്റെ സംസാരം തുടരുകയാണ്.
“ഞാന്‍ ദുബൈയില്‍ എയര്‍ ലൈനില്‍ ജോലി ചെയ്തതാണ്. എനിക്ക് ധാരാളം മലയാളി സുഹൃത്തുക്കളുണ്ട്. അവരാണ് മലയാളം പഠിപ്പിച്ചത്. വിമാനജോലിയുടെ ഭാഗമായി കൊച്ചിയില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ആണ്.”
എനിക്ക് ചെറിയ സന്തോഷമായി.
“വിമാനം വഴിതിരിച്ചു വിട്ടതിലും ഭക്ഷണം തരാന്‍ വൈകിയതിലും വലിയ സോറി കേട്ടോ. ഇത് ഞങ്ങളുടെ നാടാണ്. ഇന്ത്യക്കാര്‍ ഞങ്ങള്‍ക്ക് സഹോദരന്മാരെ പോലെയാണ്. ശത്രുത രാഷ്ട്രീയത്തില്‍ മാത്രം. ഭക്ഷണം റെഡിയാണ്. അത് കഴിഞ്ഞ് ഞങ്ങളുടെ ടെര്‍മിനല്‍ ഒന്ന് നടന്നു കാണൂ. ഒന്നും പേടിക്കേണ്ട. ഇവിടെ എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളായിരിക്കും.”

“Yes, you are our guest. Have food and then please walk around and see the place.” എന്ന് കൂടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസറും പറഞ്ഞു.
പാക്കിസ്ഥാനില്‍ പോയിട്ടുള്ള അനവധിയാളുകള്‍ പറഞ്ഞിട്ടുള്ള കഥയാണ്. വളരെ പെട്ടെന്ന് അവര്‍ നമ്മളെ സുഹൃത്തുക്കളാക്കിക്കളയും. അവരുടെ രാജ്യത്ത് നമ്മെ അതിഥികളായി കാണുകയും ചെയ്യും. പാക്കിസ്ഥാനിലെ ഭക്ഷണം അടിപൊളിയാണ്. ഇന്ത്യന്‍ ഫുഡ് എന്ന് നമ്മള്‍ പറയുന്ന പലതും ബിരിയാണിയും തന്തൂരിയും ഉള്‍പ്പെടെ, അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഇപ്പോഴത്തെ പാക്കിസ്ഥാന്‍ വഴി ഇന്ത്യയില്‍ എത്തിയതാണ്. അത് കഴിച്ച ശേഷം ഞാന്‍ ടെര്‍മിനല്‍ ചുറ്റിനടന്ന് കണ്ടു.
“ഇന്ന് വിമാനം പോയില്ലെങ്കില്‍ നമുക്ക് പുറത്തുപോയി താമസിക്കാം. നഗരം കാണുകയും ചെയ്യാം.” എന്റെ പുതിയ സുഹൃത്ത് പറഞ്ഞു.
എന്റെ കഷ്ടകാലത്തിന് വൈകീട്ട് ഏഴായപ്പോള്‍ കാബൂളിലേക്ക് പോകാന്‍ വിമാനം റെഡി. എനിക്ക് സത്യത്തില്‍ വിഷമമായി.
സാരമില്ല, ഒരു വരവ് കൂടി വരേണ്ടിവരും

………………….

മുരളി തുമ്മാരുകുടി.
(യു എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവനായ ലേഖകന്‍ എഫ് ബിയില്‍ എഴുതിയത്)

Latest