ഐക്യറാലിക്കെത്തിയ നേതാക്കള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത് മമത തന്നെ; കൈയടിച്ച് സോഷ്യല്‍ മീഡിയ

Posted on: January 21, 2019 4:03 pm | Last updated: January 21, 2019 at 4:03 pm

കൊല്‍ക്കത്ത: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ തുടരാന്‍ അനുവദിക്കില്ലെന്ന ഉറച്ച മുദ്രാവാക്യമുയര്‍ത്തി കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിപക്ഷ ഐക്യ റാലി വന്‍ വിജയമായിരുന്നു. റാലിക്കെത്തിയ പ്രതിപക്ഷ നേതാക്കള്‍ക്ക് മമത നല്‍കിയ സ്വീകരണം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗുജറാത്തില്‍നിന്നുള്ള പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ക്ക് മമത ഭക്ഷണം വിളമ്പി നല്‍കുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ തികച്ചും സാധാരണക്കാരിയായി ഭക്ഷണം വിളമ്പി നല്‍കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയത്. എംകെ സ്്റ്റാലിന്‍, ശരത് പവാര്‍ തുടങ്ങിയ നേതാക്കളും തൊട്ടടുത്ത് ഇരിക്കുന്നതും ചിത്രത്തില്‍ കാണം.

റാലിയില്‍ പങ്കെടുക്കാനെത്തിയ 23 പ്രതിപക്ഷ കക്ഷി നേതാക്കള്‍ എല്ലാവരും ഒന്നിച്ചാണ് ലഘുഭക്ഷണം കഴിച്ചത്. യോഗത്തിനുശേഷം റാലി നടന്ന വേദിക്ക് സമീപത്തെ നാഷണല്‍ ലൈബ്രറിയിലായിരുന്നു ചായ സത്കാരം. ബിഹാര്‍ വിഭവം ലിട്ടി ചോക്ക, മസാല ദോശ, മീന്‍ ഫ്രൈ, ലുച്ചി ആലു ഡോം, നോളന്‍ ഗുരെര്‍ പതിഷപ്ത, ചിക്കന്‍ ടിക്ക, ഗുലാബ് ജാമുന്‍, ഡാര്‍ജലിംഗ് ചായ എന്നിവയായിരുന്നു നേതാക്കള്‍ക്കായി മമത ഒരുക്കിയത്.

മുഖ്യമന്ത്രിമാരായ എച്ച് ഡി കുമാരസ്വാമി (കര്‍ണാടക), ചന്ദ്രബാബു നായിഡു (ആന്ധ്രാപ്രദേശ്), അരവിന്ദ് കെജ്‌രിവാള്‍ (ഡല്‍ഹി) എന്നിവരും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് മനു സിംഗ്‌വി, വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ എം കെ സ്റ്റാലിന്‍ (ഡി എം കെ), അഖിലേഷ് യാദവ് (എസ് പി), തേജസ്വി യാദവ് (ആര്‍ ജെ ഡി), ശരത് പവാര്‍ (എന്‍ സി പി), ശരത് യാദവ് (ലോക് താന്ത്രിക് ജനതാദള്‍), ഉമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല (എന്‍ സി), ഹേമന്ത് സോറന്‍ (ജെ എം എം), ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, ബി ജെ പി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ, മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ലെങ്കിലും പിന്തുണ അറിയിച്ചിരുന്നു.