അമിതമായാല്‍ ശബ്ദവും…

അമിത ശബ്ദം കൊണ്ടുള്ള പ്രശ്‌നം പ്രധാനമായും കേള്‍വിയുടെ അവയവവും ആസ്ഥാന കേന്ദ്രവുമെന്ന് പറയാവുന്ന കോക്ലിയയിലെ കേള്‍വി കോശത്തിന്റെ ഹൈപിച്ചുകളില്‍ നാശം സംഭവിക്കുന്നു എന്നതാണ്. ഇങ്ങനെ കേള്‍വി കോശങ്ങള്‍ക്ക് നാശമുണ്ടായാല്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു മരുന്നുകൊണ്ടും വീണ്ടും വളര്‍ത്താന്‍ സാധ്യമല്ല.
ആരോഗ്യം
indoaustralianhearingcentre @gmail.com
Posted on: January 20, 2019 8:15 pm | Last updated: January 20, 2019 at 8:24 pm

നൂറ്റാണ്ടില്‍ യുവതലമുറ അനുഭവിക്കാന്‍ പോകുന്ന കേള്‍വിക്കുറവ് പ്രധാനമായും അമിതശബ്ദം കൊണ്ടുള്ളതായിരിക്കും. ഹെഡ്‌സെറ്റിലൂടെ മണിക്കൂറുകളാണ് ചെറുപ്പക്കാര്‍ സംസാരിക്കുന്നതും പാട്ടുകേള്‍ക്കുന്നതും. ബസ്, ട്രെയിന്‍ യാത്രകളിലെല്ലാം ഇത് കാണാം. 100 മുതല്‍ 120 വരെ ഡെസിബെല്‍ പശ്ചാത്തല ശബ്ദത്തില്‍ പാട്ടുകേള്‍ക്കുമ്പോള്‍ ശബ്ദം വലുതായാല്‍ മാത്രമേ വ്യക്തതയുണ്ടാകുകയുള്ളൂ.

ആസ്‌ത്രേലിയയിലെ സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ അകൗസ്റ്റിക് ലബോറട്ടറീസി (എന്‍ എ എല്‍)ന്റെ പഠനമനുസരിച്ച് 85 ഡെസിബെലില്‍ കൂടിയ ശബ്ദമെല്ലാം കേള്‍വിക്ക് ദോഷമുണ്ടാക്കുന്നതാണ്. കേരളീയ സാഹചര്യമനുസരിച്ച് പല പൊതുപരിപാടികളിലെയും ശബ്ദം 85 ഡെസിബെല്ലിനേക്കാള്‍ അധികമാണ്. കണ്‍വെന്‍ഷന്‍ സെന്ററുകളിലും ആരാധനാലയങ്ങളിലുമെല്ലാം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ലോഗരിതമിക് സ്‌കെയിലില്‍ ആണ് ഡെസിബെല്‍ എന്നതിനാല്‍ ഓരോ മൂന്ന് ഡെസിബെല്‍ കൂടുന്നതിനനുസരിച്ച് ശബ്ദത്തിന്റെ കാഠിന്യവും ഇരട്ടിയാകും. നാഷനല്‍ അകൗസ്റ്റിക് ലബോറട്ടറീസിന്റെ പഠനമനുസരിച്ച് 85 ഡെസിബെല്ലില്‍ കൂടിയ ശബ്ദമുള്ള സ്ഥലങ്ങളില്‍ നമ്മള്‍ ഇയര്‍ പ്ലഗ്/ ഇയര്‍ മഫ് വെക്കണം. സാധാരണ ഇയര്‍ പ്ലഗ് യഥാവിധം ചെവിയില്‍ വെക്കുകയാണെങ്കില്‍ 20 മുതല്‍ 40 ഡെസിബെല്‍ വരെ കുറവ് ശബ്ദമേ കേള്‍ക്കുകയുള്ളൂ.

അമിത ശബ്ദം കൊണ്ടുള്ള പ്രശ്‌നം പ്രധാനമായും കേള്‍വിയുടെ അവയവവും ആസ്ഥാന കേന്ദ്രവുമെന്ന് പറയാവുന്ന കോക്ലിയയിലെ കേള്‍വി കോശത്തിന്റെ ഹൈപിച്ചുകളില്‍ നാശം സംഭവിക്കുന്നു എന്നതാണ്. ഇങ്ങനെ കേള്‍വി കോശങ്ങള്‍ക്ക് നാശമുണ്ടായാല്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു മരുന്നുകൊണ്ടും വീണ്ടും വളര്‍ത്താന്‍ സാധ്യമല്ല. ശ്രവണ സഹായി വെക്കുക മാത്രമാണ് പരിഹാരം. സാധാരണ ശ്രവണ സഹായി കേള്‍ക്കാന്‍ സാധിക്കാത്ത പിച്ചുകളിലെ ശബ്ദം കൂട്ടിത്തരികയും ഹൈ പിച്ച് ശബ്ദങ്ങള്‍ ശ്രവണയോഗ്യമാക്കുകയുമാണ് ചെയ്യുന്നത്.

നമ്മള്‍ എങ്ങനെയാണ് ശബ്ദം കേള്‍ക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. പുറമെ നിന്നുള്ള ശബ്ദം ചെവിയില്‍ തട്ടി പ്രതിഫലിച്ച് മൂന്ന് ഡെസിബെല്‍ കൂടി നമ്മുടെ ചെവിദ്വാരത്തിലൂടെ കടന്ന് കര്‍ണപുടത്തില്‍ മാറ്റൊലി ഉണ്ടാക്കുന്നു. ഈ മാറ്റൊലി ചെവിയുടെ മധ്യഭാഗത്തുള്ള ചങ്ങല പോലെ ബന്ധിച്ച മൂന്ന് അസ്ഥികളിലൂടെ കടന്ന് കേള്‍വിയുടെ ആസ്ഥാന കേന്ദ്രമെന്ന് പറയാവുന്ന ഒരു അരിയുടെ വലുപ്പം മാത്രമുള്ള കോക്ലിയയില്‍ എത്തുന്നു. കോക്ലിയയില്‍ ഇരുപതിനായിരം കേള്‍വി കോശങ്ങള്‍ ആണുള്ളത്. കേള്‍ക്കുന്ന ശബ്ദത്തിന്റെ പിച്ച് അനുസരിച്ച് രണ്ട് കോക്ലിയയിലെ കറന്‍സ്‌പോന്‍ഡിംഗ് ആയ ഭാഗത്തെ (Tonotopic organisation) കേള്‍വി കോശത്തില്‍ വൈദ്യുതി തരംഗങ്ങള്‍ രൂപപ്പെടുകയും ആ തരംഗങ്ങള്‍ കേള്‍വിയുടെ നാഡി ആയ Auditory Nerveലൂടെ കടന്ന് നമ്മുടെ തലച്ചോറിലുള്ള Auditory Centre എന്ന് പറയുന്ന സ്ഥലത്തെത്തുകയും നമുക്ക് കേട്ടു എന്നു തോന്നുകയും ചെയ്യുന്നു. ഒരു സെക്കന്‍ഡിന്റെ വളരെ ചെറിയ സമയമേ ഇതെല്ലാം നടക്കാന്‍ എടുക്കൂ.

ശബ്ദം കടന്നുപോകുന്ന ഏതുഭാഗത്തെ പ്രശ്‌നം കൊണ്ടും കേള്‍വിക്കുറവ് ഉണ്ടാകാം. ചെവിയുടെ മധ്യഭാഗത്തെ പ്രശ്‌നം കൊണ്ടാണ് ഉണ്ടാകുന്നതെങ്കില്‍ മരുന്നോ ശസ്ത്രക്രിയയോ കൊണ്ട് പരിഹരിക്കാം. എന്നാല്‍, ചെവിയുടെ ഉള്‍ഭാഗത്തെ പ്രശ്‌നം കോക്ലിയയിലെ തകരാറ് കൊണ്ടാണ് കേള്‍വിക്കുറവുണ്ടാകുന്നതെങ്കില്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒരു മരുന്നും ലഭ്യമല്ല. പരിഹാരം ശ്രവണസഹായി മാത്രം. ശ്രവണ സഹായി വെക്കുന്നതിന് മുമ്പ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോക്ക് സമാനമായ സൗണ്ട് ട്രീറ്റഡ് റൂമില്‍ വെച്ച് ഓഡിയോളജിക്കല്‍ എക്യുപ്‌മെന്റിന്റെ സഹായത്തോടെ മാത്രമെ കൃത്യമായ കേള്‍വിക്കുറവ് കണ്ടെത്താന്‍ സാധിക്കൂ.
ട്യൂണിംഗ് ഫോര്‍ക് (Tuning Fork) കൊണ്ട് കേള്‍വിശക്തി കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിദ്യാസമ്പന്നര്‍ അടക്കമുള്ളവര്‍ കരുതുന്നത്. ട്യൂണിംഗ് ഫോര്‍ക്കിലൂടെ കേള്‍വിശക്തി കണ്ടെത്താന്‍ സാധിക്കില്ല. മറിച്ച്, ചെവിയുടെ മധ്യഭാഗത്തെ പ്രശ്‌നം കൊണ്ടാണോ ഉള്‍ഭാഗത്തെ പ്രശ്‌നം കൊണ്ടാണോ കേള്‍വിക്കുറവ് എന്ന ഏകദേശ ധാരണ ഉണ്ടാക്കാന്‍ മാത്രമെ ഇതിലൂടെ സാധിക്കൂ.

ശ്രദ്ധിക്കാനുള്ളത്, ഏത് പ്രായക്കാരായാലും അമിത ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്ന ശീലം അവസാനിപ്പിക്കുക എന്നതാണ്. ശബ്ദം കുറച്ച് മാത്രം പാട്ടും മറ്റും കേള്‍ക്കുക. പുതിയ തലമുറ ഇന്നത്തെ സുഖത്തിന് മാത്രമാണ് അമിത പ്രാധാന്യം നല്‍കുന്നത്. നാളെയുണ്ടാകുന്ന ഭവിഷ്യത്തുകളെ സംബന്ധിച്ച് പലപ്പോഴും ചിന്തിക്കുകയോ സ്വഭാവത്തില്‍ മാറ്റംവരുത്താനോ തയ്യാറാകാത്തവരാണ്.
(സീനിയര്‍ ഓഡിയോളജിസ്റ്റ്, റോയല്‍ ഡാര്‍വിന്‍ ഹോസ്പിറ്റല്‍, ആസ്‌ത്രേലിയ)
.