രാഷ്ട്ര നന്മക്ക് രാഷ്ട്രീയ സാക്ഷരത കൈവരിക്കുക: എസ് എസ് എഫ്

Posted on: January 20, 2019 1:18 pm | Last updated: January 20, 2019 at 1:20 pm
ഉത്തർപ്രദേശിലെ ലഖ്നൗവിലെത്തിയ എസ്.എസ്.എഫ് ഹിന്ദ് സഫറിനെ സ്വാമി സരംഗ്ജിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

ലക്‌നൗ: ഇന്ത്യ പൂര്‍ണ സാക്ഷരരും സുരക്ഷിതവുമാവേണ്ട കാലം അതിക്ക്രമിച്ചുവെന്നും അതിവേഗം ആ ലക്ഷ്യം നേടിയെടുക്കാന്‍ വിദ്യാര്‍ഥി സമൂഹം പ്രതിജ്ഞാബദ്ധമായി മുന്നിട്ടിറങ്ങണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷയും വളര്‍ച്ചയും ലക്ഷ്യം വെക്കുന്ന ഭരണകൂടങ്ങള്‍ക്കേ രാജ്യത്തെ വികസിപ്പിക്കാന്‍ കഴിയൂ. മത വൈരവും വര്‍ഗീയ കലഹങ്ങളും രാജ്യപുരോഗതിക്ക് തടസം മാത്രമേ സൃഷ്ടിച്ചിട്ടുള്ളു. സമ്പന്നമായ ഇന്ത്യന്‍ മാനവ വിഭവ ശേഷിയെ സൗഹൃദാന്തരീഷത്തില്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ആ വലിയ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി എസ് എസ് എഫ് കഠിന പരിശ്രമം നടത്തുമെന്നും എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ശൗഖത്ത് ബുഖാരി പറഞ്ഞു.
ജനാധിപത്യ അവകാശങ്ങള്‍ ഹിംസാത്മകവും വൈകാരികവുമായ രാഷ്ടീയത്തിനതീതമായ വിനിയോഗിക്കണം. അന്ധമായ കക്ഷി രാഷ്ട്രീയ നിലപാടുകള്‍ക്ക്‌മേല്‍ മൂല്യങ്ങളുടെ രാഷ്ട്രീയ സാക്ഷരത കൈവരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലക്‌നോവില്‍ നടന്ന സ്വീകരണത്തില്‍ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സ്വാമി സരംഗ്ജി മുഖ്യാതിഥിയായി.
സാക്ഷരമെന്നതിന്റെ വിപരീതമാണ് രാക്ഷസം, കലാപങ്ങളും അക്രമങ്ങളും രാക്ഷസീയസ്വഭാവമാണ്, അതിനെ മറികടക്കാന്‍ വിദ്യഭ്യാസ പുരോഗതിയിലൂടെ മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. സാക്ഷര സൗഹൃദ ഭാരതത്തിനായ് എന്ന എസ്.എസ്.എഫ് മുദ്രാവാക്യം എന്ത് കൊണ്ടും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൗലനാ ശിഹാബുദ്ധീന്‍ രിസ്‌വി, ഖാരി’അ് സാക്കിര്‍ അലി ഖാദിരി എസ് എസ് എഫ് ദേശീയ നേതാക്കളായ സുഹൈറുദ്ധീന്‍ നൂറാനി, അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.
എട്ട് സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര ഇന്ന് ബിഹാറില്‍ പ്രവേശിച്ചു. ദര്‍ബംഗയിലാണ് ബിഹാറിലെ ആദ്യ സ്വീകരണം.

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ സ്വീകരണം: