വിപണിയില്‍ താരമാകാന്‍ പോസ്റ്റല്‍ ‘ക്യു ആര്‍ കാര്‍ഡ്’

കൊച്ചി
Posted on: January 20, 2019 12:58 pm | Last updated: January 20, 2019 at 12:58 pm

തപാല്‍ വകുപ്പിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച ഇന്ത്യാ പോസ്റ്റ് പേമെന്റ് ബേങ്ക് സംവിധാനം വിപുലപ്പെടുത്തുന്നു. രണ്ട് മാസത്തിനകം രാജ്യത്തെ 1,55,000 തപാല്‍ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന തപാല്‍ ബേങ്ക് വഴിയുള്ള സേവനങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഐ പി പി ബി അക്കൗണ്ട് എടുക്കുന്നവര്‍ക്കെല്ലാം ഇപ്പോള്‍ നല്‍കുന്ന ക്യൂ ആര്‍ കാര്‍ഡ് കൊണ്ടുള്ള സേവനങ്ങള്‍ കുറേക്കൂടി വിപുലപ്പെടുത്താനാണ് തപാല്‍ വകുപ്പിന്റെ പദ്ധതി. നിലവില്‍ നല്‍കിവരുന്ന ക്യൂ ആര്‍ കോഡ് കാര്‍ഡ് പേ ടി എം മാതൃകയില്‍ എല്ലാ സേവനങ്ങള്‍ക്കുമുപയോഗപ്പെടുത്താനാണ് ആലോചന.

ബേങ്കിടപാടുകളും ഷോപ്പിംഗും ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഈ കാര്‍ഡ് വഴി ലഭ്യമാകും. കാര്‍ഡ് കാണാന്‍ ബേങ്കുകളിലെ എ ടി എം കാര്‍ഡുമായി സാമ്യമുണ്ടെങ്കിലും ബേങ്കുകളുടെ എ ടി എമ്മുകളില്‍ നിന്ന് ഇതു കൊണ്ട് പണം പിന്‍വലിക്കാനാകില്ല.
എന്നാല്‍ മറ്റെല്ലാ സൗകര്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാനാകുന്ന സംവിധാനമാണ് വൈകാതെ നിലവില്‍ വരിക. ഇപ്പോള്‍ ബേങ്കുകളുടെ സൈ്വപ്പിംഗ് മെഷീന്‍ ഉപയോഗിച്ചാണ് കടകളില്‍ നിന്നും മറ്റും പണം ഈടാക്കുന്നത്. ഐ പി പി ബി സംവിധാനം വിപുലപ്പെടുമ്പോള്‍ വ്യാപാരികള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്ന് ഐ പി പി ബി മര്‍ച്ചന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആപ്പ് വഴി ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത ഫോണില്‍ വരുന്ന ഒ ടി പി മെസേജ് ഉപയോഗിച്ച് ഇടപാടുകള്‍ സുതാര്യമാക്കാം. സാധാരണ ബേങ്ക് ഇടപാടുകള്‍ക്ക് പുറമെ മൊബൈല്‍ ഡി ടി എച്ച് റീ ചാര്‍ജ്, സംഭാവന, ഇന്‍ഷ്വറന്‍സ്, മ്യൂച്ചല്‍ ഫണ്ടുകള്‍, പെന്‍ഷന്‍വിതരണം, വെള്ളം, വൈദ്യുതി, ഗ്യാസ്, ഫോണ്‍ ബില്ലുകള്‍ വിവിധനികുതികള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഫീസടവുകള്‍ എന്നിവയും ഭാവിയില്‍ ക്യു ആര്‍ കോഡ് കാര്‍ഡുകള്‍ വഴി ലക്ഷ്യമിടുന്നു.

മൊബൈല്‍ ഫോണുമായി പോസ്റ്റ്മാന്‍മാര്‍ വീടുകളിലെത്തുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ഇടപാടുകള്‍ നടത്താന്‍ ഇത് മൂലം എളുപ്പം സാധിക്കും.ബാങ്കുകളുടെ എ ടി എമ്മുകളേക്കാളും ക്യു ആര്‍ കാര്‍ഡ് സുരക്ഷിതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
എ ടി എമ്മും പിന്‍കോഡും ഒരേസമയം നഷ്ടപ്പെട്ടാല്‍ അത് ലഭിക്കുന്നയാള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ ക്യു ആര്‍ കാര്‍ഡുമായുള്ള എന്ത് ഇടപാടും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലെ ഒ ടി പി മെസേജ് പ്രകാരമായതിനാല്‍ സുരക്ഷിതത്വം കൂടുതലാണ്. സംസ്ഥാനത്ത് 14 ശാഖകള്‍ ഉള്ള ഐ പി ബി ബാങ്കിന് നിലവില്‍ രാജ്യത്തൊട്ടാകെ 650 ശാഖകളാണുള്ളത്. ഭാവിയില്‍ എല്ലാ പോസ്റ്റോഫീസുകളും ഇന്ത്യാ പോസ്റ്റ്‌പേമെന്റ് ബാങ്കുമായി ബന്ധിപ്പിക്കും. നിലവിലെ പോസ്റ്റല്‍ അക്കൗണ്ട് ഐ പി പി ബി അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ സൗകര്യമുണ്ട്.

ആധാര്‍ നമ്പറും ഫോണ്‍ നമ്പറും നല്‍കി ബയോമെട്രിക് സംവിധാനത്തില്‍ വിരല്‍ അമര്‍ത്തിയാണ് ഫോറം ആവശ്യമില്ലാത്ത ഡിജിറ്റല്‍ അക്കൗണ്ട് തുടങ്ങുന്നത്. ചൈന, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, കൊറിയ, ദക്ഷിണാഫിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ പോസ്റ്റ്‌പേമെന്റ്‌സ് ബാങ്ക് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സി വി സാജു

കൊച്ചി