Connect with us

Prathivaram

മുങ്ങിത്താഴാം, ആത്മീയയുക്തിയുടെ കയങ്ങളില്‍

Published

|

Last Updated

ഒരു സമഗ്ര ജീവിത പദ്ധതി ആയിരിക്കവെ ഭൗതികതക്കും ആത്മീയതക്കും തുല്യപങ്ക് കൊടുക്കായ്ക എന്നത് മതത്തിന്റെ ഒരു പോരായ്കയല്ലേ എന്ന് ചിന്തിക്കുന്ന ജമാഅത്തുകാര്‍ ഉണ്ടാകുക സ്വാഭാവികമാണ്. പ്രാഥമിക തോന്നലുകളുടെ പുറംപാളികള്‍ തുളച്ചുകീറി, താത്വികചിന്തയുടെ മര്‍മസ്ഥലികളിലൂടെ സ്വച്ഛമായി ഇത്തിരിനേരം നടന്നുനീങ്ങുമ്പോള്‍ നമുക്ക് കാര്യങ്ങള്‍ തെളിഞ്ഞുവരുമായിരിക്കും, നോക്കാം.
മതവ്യവസ്ഥിതിയില്‍ ആത്മീയതയും ഭൗതികതയും തുല്യമായി വെട്ടിയിടണം എന്നാണല്ലൊ നമ്മുടെ മനസ്സിന്റെ മന്ത്രണം. പക്ഷെ, ഭൗതികജീവിതത്തിന് ആത്മീയ ലോകവുമായുള്ള ആപേക്ഷികത അളന്നുനോക്കാവുന്നതല്ലേയുള്ളൂ നമുക്ക്. വാസ്തവത്തില്‍, എന്താണ് ഈ ഭൗതിക ജീവിതത്തില്‍ ഇത്ര ആനക്കാര്യമായി എടുക്കാന്‍ മാത്രമുള്ളത്.
ഇതുവായിക്കുന്ന മാന്യ സഹോദരീസഹോദരന്മാരെ,
നിങ്ങളുടെ വലതുകൈപ്പത്തി ഇടതുനെഞ്ചിനോട് ചേര്‍ത്തുവെക്ക്. വാ മൂടിക്കെട്ടിയ കുടുക്കയില്‍ കുടുങ്ങിയ ഒരു ചുണ്ടെലി രക്ഷപ്പെടാന്‍ നിരന്തരം പിടയുന്ന പിടച്ചിലിന്റെ ഒച്ച കേള്‍ക്കാമോ നിങ്ങള്‍ക്ക്? ജീവന്റെ ഏകാതനമായ സംഗീതമാണത്. ഈ ഇരിപ്പില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്ക്, ഈ മിടിപ്പ് എത്രനാള്‍ ഇനിയുണ്ടാകും? അറുപത് കൊല്ലം? അമ്പത്? മുപ്പത്? പത്ത്? എത്ര ദിവസം? എത്ര നാഴിക? എത്ര വിനാഴിക? കൃത്യമായ ഒരു ഉറപ്പ് പറയാന്‍ പറ്റുന്ന ആരാണ് ഈ കൂട്ടത്തിലുള്ളത്. ഇനി നിങ്ങളുടെ രണ്ട് കൈകള്‍ കൊണ്ട് ശരീരമാസകലം ഒന്ന് തടവിനോക്കിയേ? ഈ പിരിശപ്പെട്ട ശരീരം കിളച്ചിട്ട മണ്ണില്‍ അളിഞ്ഞുതുടങ്ങുന്ന ഒരു രംഗം സജീവമായി നിങ്ങള്‍ മനക്കണ്ണില്‍ കണ്ടാട്ടെ. ആ മണ്ണില്‍ പൊടിഞ്ഞലിഞ്ഞ നമ്മള്‍ എത്രകാലം അവിടെ കിടക്കേണ്ടി വരുമെന്ന് കണക്ക് കൂട്ടിയാട്ടെ. ആ കിട്ടുന്ന സങ്കലനഫലത്തെ നിങ്ങള്‍ ആ മണ്ണിന് പുറത്ത് കഴിച്ചുകൂട്ടിയ ആയുഷ്‌കാലവുമായി അളന്നെടുത്താട്ടെ. അപ്പടിത്തന്നെ പിന്നോട്ടും അളന്നു പിടിച്ചാട്ടെ. ഡേറ്റ്ഓഫ് ബര്‍ത്തിന് മുമ്പുള്ള പത്ത് മാസം ഉമ്മാന്റെ ഉള്ളില്‍ പുളഞ്ഞുകളിച്ചു. അതിന്റെ മുമ്പും ഒരു നമ്മള്‍ ഇല്ലേ? അല്ലാഹു ആദിമകാലത്ത് നമ്മളെയെല്ലാം ഒരുമിച്ചുകൂട്ടി ഞാന്‍ നിങ്ങളുടെ റബ്ബല്ലയോ എന്ന് ചോദിച്ചില്ലേ? അതേതാകാലം? ഏത് സമയ സ്‌കെയില്‍ വെച്ചാണ് നമ്മളത് അളന്നുപിടിക്കുക. ആട്ടെ, ആ പോയിന്റ്മുതല്‍ മയ്യിത്തായി മണ്ണില്‍ കിടക്കുന്ന അവസാന നിമിഷവും, ഇനി പുനര്‍ജീവിച്ച് അറ്റമില്ലാത്ത പാരത്രിക ലോകത്തിന്റെ കാലയളവും എല്ലാം കൂട്ടിക്കിട്ടുന്ന സംഖ്യകളോട്, ഭൂമി ജീവിതത്തിന്റെ ച്ചിരിക്കാലയളവിനെ ഉരച്ചളക്ക്. പിശി പിശീ… ഒന്നൂല്ലാന്ന് തന്നെ പറയാം, അല്ലേ?!
ഭൗതികജീവിതത്തെ അപേക്ഷിച്ച് ആത്മീയലോകത്തിനുള്ള പ്രാധാന്യം, അതല്ലെങ്കില്‍ ആത്മീയലോകത്തെ അപേക്ഷിച്ച് ഭൗതിക ലോകത്തിന്റെ പീക്കിരിത്വം മനസ്സിലാവണമെങ്കില്‍ നല്ല കാഴ്ച വേണം. അല്പ ബുദ്ധികള്‍ക്ക് ഭൗതികലോകം ആന സംഭവമായി തോന്നും. അവര്‍ക്ക്, ഉണ്ടായിട്ടും തിന്നാതെ, കുടിക്കാതെ, ഉറങ്ങാതെ സഹിച്ച്, ത്യജീച്ച് ജീവിക്കുന്ന സൂഫികളെ കാണുമ്പോള്‍ ചിരിയാണ് വരിക. മന്ദുക്കള്‍ എന്ന് വിളിക്കാന്‍ തോന്നും. നല്ലോണം തിന്ന്, കുടിച്ച്, ഉറങ്ങി, പത്രാസോടെ തന്നെ ദൈവത്തെ ആരാധിച്ച് ജീവിച്ചുകൂടെ മരപ്പൊട്ടന്മാരെ എന്ന് ചോദിക്കാനാണ് അവര്‍ക്ക് തോന്നുക. സത്യത്തില്‍, അവര്‍ ഭ്രാന്തന്മാര്‍ തന്നെയാണ്; പക്ഷേ ബുദ്ധിയുള്ള ഭ്രാന്തന്മാര്‍. അല്‍ ഉഖലാഉല്‍ മജാനീന്‍! പേടുബുദ്ധിയേക്കാള്‍ നല്ലത് ഭ്രാന്തുബുദ്ധിയാണ് എന്ന് തിരിച്ചറിയണമെങ്കില്‍ ആത്മീയതയുടെ അകക്കണ്ണ് തുറന്നു കിട്ടണം. പേര്‍ഷ്യന്‍ കവി പാടുന്നുണ്ട്:
നിങ്ങള്‍ ബുദ്ധിമാന്മാര്‍ ആകാമ്പോണ്ട; കാരണം നിങ്ങള്‍ ഭ്രാന്തരെ ഓര്‍ത്ത് സങ്കടപ്പെടേണ്ടി വരും.
നിങ്ങള്‍ ഭ്രാന്തര്‍ ആയിക്കോ, എന്നാല്‍ നിങ്ങളെ ഓര്‍ത്ത് ബുദ്ധിമാന്മാര്‍ വിഷമിച്ചുകൊള്ളും.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പാടുന്നതും ബുദ്ധിയെ പറ്റിയാണ്. ഭൗതികതക്ക് പുല്ല്‌വില കല്പിച്ച് നീ സുഹ്ദ് (പരിവ്രാജ്യം) വരിച്ചോ എന്ന പദ്യത്തിന്റെ അവസാന ഭാഗം വരുന്നത്, എങ്കില്‍ നീ “അത്യുല്‍ ബുദ്ധിമാനായി”മാറും എന്നാണ്. തലയിലും തലയ്ക്ക് മുകളിലും പടര്‍ന്ന് പന്തലിച്ചിരിക്കുന്ന ഭൗതികതയെ ചുരുട്ടിക്കൂട്ടി കാലിനുള്ളില്‍ ഞെരിക്കാന്‍ പ്രേരിപ്പിക്കുന്ന ആ കാവ്യകൃതിക്ക് മഹാനോര്‍ നല്‍കിയ പേരുതന്നെ “ഹിദായതുല്‍ അദ്കിയായ്” എന്നാണ്. മൂര്‍ച്ചബുദ്ധിക്കാര്‍ക്കുള്ള വഴികാട്ടി എന്ന് ! ഇതെല്ലാം വിടര്‍ന്ന പൂക്കളാണ്. ഇതിന്റെയെല്ലാം വിത്ത് ചെന്നു കിടക്കുന്നത് മാണിക്യപ്പൂവിന്റെ മുത്തുവാക്കുകളിലാണ്. ഹദീസിലില്ലേ, അല്‍ കയ്യിസു മന്‍ ദാന നഫ്‌സഹു എന്ന്. ശരീരത്തെ ഭൗതികജീവിതത്തിന്റെ മാദകമാം പ്രവാഹത്തില്‍ നിന്ന് പിടിച്ചുനിര്‍ത്തുന്ന/ മരണാനന്തര ജീവിതത്തിന് പണിയെടുക്കുന്നവനാണ്. “കയ്യിസ്” എന്നാണ് പറയുന്നത്. കയ്യിസെന്നാല്‍ വിവേകശാലി!
ഭൂമിവാസം പ്രധാനമാണെന്നും ഇവിടെ പ്രായോഗികമായി ജീവിക്കണമെന്നും പരോപകാരം കൊണ്ട് ജീവിതം സമ്പന്നമാക്കണമെന്നും മനസ്സിലാക്കാന്‍ തൊലിബുദ്ധി മതി; കാമ്പുബുദ്ധി വേണ്ട! ആര്‍ക്കും എളുപ്പം മനസ്സിലാവുന്ന ആവറേജ് ലേയറിനപ്പുറം തുരന്നുകടന്ന് ആഴങ്ങളിലലിയാന്‍, ആത്മീയദാഹമുള്ള ജമാഅത്തുകാര്‍ക്കാകും, അവരതിന് ശ്രമം നടത്തണം. സദസ്സിന്റെ കൈയടിയോ പൊതുജനത്തിന്റെ ഇസ്തിരിച്ചിരിയോ പ്രതീക്ഷിക്കാതെയുള്ള നിലപാടുകളെടുക്കാന്‍ നെഞ്ചുറപ്പ് കാട്ടണമെന്ന് മാത്രം. അവസാന കാലം വരുമ്പോള്‍ ദീനനുസരിച്ച് ജീവിക്കുന്നവന്‍ പരിഹസിക്കപ്പെടുമെന്നും അന്ന് ദീനീജീവിതം കനല്‍ക്കട്ട കൈയില്‍ പിടിക്കലാണെന്നതുമൊക്കെ ഇത്തരുണത്തില്‍ ജമാഅത്തുകാര്‍ ഓര്‍ത്തിരിക്കണം. ഭൗതിക ജീവിതത്തെ വെറും മായയുടെ കളിയായും കേളിയായും വഞ്ചനാഗേഹമായുമൊക്കെ ഖുര്‍ആന്‍ എത്രയിടത്ത് ആക്ഷേപിക്കുന്നുണ്ട് എന്നറിയാമോ? മഴയില്‍ കിളിര്‍ത്ത് വെയിലില്‍ ഉണങ്ങി പിണ്ടിയാകുന്ന സസ്യചാക്രികതയോട് മനുഷ്യജീവിതത്തെ സമീകരിക്കുന്ന എത്രയെങ്ങാനം വചനങ്ങളാണ് ഖുര്‍ആനിലുള്ളത്. ഹദീസിലുള്ളതും ഇപ്പറഞ്ഞുവെച്ചതിന്റെ എക്സ്റ്റന്‍ഷന്‍ തന്നെയാണ്. ഒരാള്‍യാത്ര പോവുന്നു- വഴിയില്‍ നല്ല വെയില്‍. അതാ ഒരു മരം. നല്ല തണലും. അയാള്‍ ഇത്തിരി നേരം അവിടെ വിശ്രമിക്കുന്നു. പിന്നെ പോവുന്നു. ഈ ഇച്ചിരി നേരത്തെ തണല്‍ കൊള്ളല്‍ മാത്രമാണ് ഭൗതിക ജീവിതം. ആര്‍ക്കും വേണ്ടാത്ത ചെവിമുറിഞ്ഞ കാട്ടുകഴുതയുടെ ശവമില്ലേ, അതിനേക്കാള്‍ വില കുറഞ്ഞതാണ് ഈ ദുന്‍യാവ്. അതിന് ച്ചിരിപ്പോന്ന കൊതുകിന്റെ ചിറകിനോളം വിലകൊടുത്തോ അല്ലാഹു? ഇല്ല! ദുന്‍യാവില്‍ ഒരു പരദേശിയെപ്പോലെ അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെ നീ കഴിഞ്ഞോ. നീ നിന്നെ ഖബറാളികളുടെ കൂട്ടത്തില്‍ എണ്ണിക്കോ..
ഭൗതിക ജീവിതത്തിന്റെ ഒന്നുമല്ലായ്മ ഉള്‍ക്കൊള്ളുന്നതിനെ തടയുന്ന സംഗതികള്‍ നമ്മിലും നമ്മുടെ ചുറ്റും നൂറ്റിപ്പത്ത് ശോഭയില്‍ കത്തിനില്‍ക്കുന്നുണ്ടെന്ന കാര്യം പ്രത്യേകം ഓര്‍മപ്പെടുത്തുകയാണ്. ഒന്നു നമ്മുടെ ശരീരം തന്നെയാണ്. ഹവകളുടെ (ജഡിക മോഹങ്ങളുടെ) ഒരു പൊട്ടക്കിണറാണത്. മറ്റൊന്ന്, നമ്മെ സദാ കണ്ണ് നട്ട നമ്മുടെ ചുറ്റും നമുക്കുള്ളിലും ചുറഞ്ഞ് വരിഞ്ഞ് നില്‍ക്കുന്ന ചെകുത്താനാണ്. വേറൊന്ന്, ഇന്ദ്രിയങ്ങളെ കൊത്തിവലിക്കാനായി ഉടുത്തൊരുങ്ങി നൃത്തം ചെയ്യുന്ന ദുന്‍യാവാണ്- അതിലെ കാമക്രോധമോഹമോദമദ മണ്ണാങ്കട്ടകളാണ്. അതിലേക്കെല്ലാമാണ്, “അദ്ദുന്‍യാ ഹുല്‍വതുന്‍ ഖളിറതുന്‍” തുടങ്ങിയ വചനങ്ങളുടെ ഊന്നല്‍. അല്ലാതെ ദുന്‍യാവ് ഹരിതാഭമാണ ്‌കെട്ടോ ആവത് അര്‍മാദിച്ചോ, മധുരിതമാണ് കെട്ടോ, മതിമറന്ന് ഊമ്പിക്കുടിച്ചോ… ഇതല്ല. മറിച്ച് സൂക്ഷിച്ചോ, കരുതിക്കോ എന്ന ഉണര്‍ത്തലാണ്.
അപ്പോള്‍ ആഖിറത്തെ അപേക്ഷിച്ച് ഭൗതികലോകം പുല്ലുചല്ലാണെന്ന ബോധ്യം മനസ്സിലുറക്കണമെങ്കില്‍/ അതുവഴി ദുന്‍യാവിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടിക്കടി വെട്ടിക്കുറക്കുകയും കൂടുതല്‍ ആഖിറത്തോട് ആഭിമുഖ്യമുള്ളവരായിത്തീരുകയും ചെയ്യണമെങ്കില്‍ ഈ പറഞ്ഞ ശത്രുമണ്ഡലങ്ങളെയെല്ലാം കീഴടക്കി ആത്മീയയുക്തിയുടെ കയങ്ങളില്‍ നാം മുങ്ങിത്താഴണം. ആ രൂപത്തില്‍ മനുഷ്യനെ പാകപ്പെടുത്തും വിധമാണ് ഇസ്‌ലാം മതത്തിന്റെ കിടപ്പ്. അത് അതേ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ജമാഅത്തുകാര്‍ക്ക് ഒരുപാട് കടമ്പകളുണ്ട് എന്ന് വിനയത്തോടെ ഉണര്‍ത്തുകയാണ്.
കണ്ടുപഠിക്കാന്‍ പറ്റിയ മാതൃകകളില്ല എന്നതാണ് പ്രധാനം. പുണ്യവാളന്മാര്‍ പാടില്ലല്ലോ. അല്ലാഹു ഒരുവിധം മോശമല്ലാത്ത മട്ടില്‍ പ്രകൃതിവിഭവങ്ങളും അതിനെ പ്രായോഗികമായിവിതരണം ചെയ്യാവും വിധമുള്ള മതഘടനയും നല്‍കി. ഇനിയും നമ്മള്‍ അവനെ കഷ്ടപ്പെടുത്തരുത്. നമ്മള്‍ ദാരിദ്ര്യ നിര്‍മാര്‍ജനം, പരോപകാരം എന്നീ തലത്തിലേക്ക് മാത്രം മതത്തെ വലിച്ചുനീട്ടി ചൊല്ലലും പാടലും ഒക്കെ പരമാവധി കുറച്ച് കൂടുതല്‍ കൂടുതല്‍ പ്രായോഗികോന്മുകരാകൂ എന്ന് പറയാന്‍ വെമ്പുന്ന ജമാഅത്തുകാര്‍ വെറുതെയെങ്കിലും ഒരു പുതിയ പാതയിലൂടെ ചിന്തിച്ചു തുടങ്ങണമെന്ന് പറയാനാശ തോന്നുന്നു. അല്ലാത്ത പക്ഷം നന്നായി മരിക്കാനുള്ള മാര്‍ഗം എന്ന മൗലികബിന്ദുവില്‍ നിന്ന് തെന്നി നന്നായി ജീവിക്കാനുള്ള മറയായി മാറും. മതത്തിന്റെ പേരില്‍ നാടകവും സിനിമയും ഒപ്പനയും ഗ്രൂപ്പുഡാന്‍സും ഒക്കെ ലഗാനില്ലാതെ ഹലാലായി വരുന്ന ഒരു പിടുത്തംവിട്ട കാലാവസ്ഥ ജമാഅത്തില്‍ വന്നുചേര്‍ന്നത് അതുകൊണ്ടല്ലേ എന്നു തുടങ്ങി ഒരുപാട് കാര്യം ചിന്തിക്കാനുണ്ട്. അടുത്തയാഴചയാക്കിയാലോ?

ഫൈസല്‍ അഹ്‌സനി ഉളിയില്‍

faisaluliyil@gmail.com

---- facebook comment plugin here -----

Latest