Connect with us

Articles

വഖ്ഫ് ബോര്‍ഡ്: ചില അപ്രിയ സത്യങ്ങള്‍

Published

|

Last Updated

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ് കേരളത്തിലെ സര്‍ക്കാര്‍ പൊതുമേഖലാ സംവിധാനങ്ങളെല്ലാം. എന്നാല്‍, മറ്റു സംസ്ഥാനങ്ങളുടെ വഖ്ഫ് ബോര്‍ഡുകള്‍ക്ക് മുഴുവന്‍ താഴെയാണ് കേരളാ വഖ്ഫ് ബോര്‍ഡ്. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്ക് പൂര്‍വികര്‍ ചെയ്ത വഖ്ഫുകളുടെ വിഹിതം മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയല്ലാതെ വല്ലതും ചെയ്യുന്നുണ്ടോ നമ്മുടെ വഖ്ഫ് ബോര്‍ഡ്? കര്‍ണാടകയിലും മറ്റും വഖ്ഫ് ബോര്‍ഡാണ് സമുദായത്തിന്റെ മുഴുവന്‍ കാരുണ്യ പ്രവൃത്തികളിലും ആശ്രയമായി നിലകൊള്ളുന്നത്.

നിലവിലുള്ള വഖ്ഫ് ബോര്‍ഡിന്റെ കാലാവധി തീരാറായി. ഏത് നിലയിലാണ് അതിലുള്ളവര്‍ അംഗങ്ങളായത് എന്ന് അവര്‍ക്കും അവരെ തിരഞ്ഞെടുത്തവര്‍ക്കും പൊതു ജനങ്ങള്‍ക്കും അറിഞ്ഞുകൂടാ. വിവരാവകാശ നിയമപ്രകാരം ഇവരെ എല്ലാം നിയമിച്ച തസ്തിക ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. നിലവിലുള്ള കമ്മിറ്റി നിലവില്‍ വന്നതിന്റെ തൊട്ടുമുമ്പായി വഖ്ഫിന്റെ നിയമം പരിഷ്‌കരിച്ചിട്ടുണ്ട്. അതനുസരിച്ച് ഒരുസുന്നി പണ്ഡിതന്‍, ഒരു പാര്‍ലിമെന്റ് അംഗം, രണ്ട് അസംബ്ലി മെമ്പര്‍മാര്‍, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ഒരു ശിയാ പണ്ഡിതന്‍, രണ്ട് സ്ത്രീകള്‍, രണ്ട് മുതവല്ലിമാര്‍, ഒരു നിയമജ്ഞന്‍ എന്നിങ്ങനെയാണ് വരേണ്ടത്.

ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഈ ആക്ട് എത്രമാത്രം പ്രായോഗികമാണെന്നത് കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ പുനരാലോചന നടത്തേണ്ടതാണ്. കേരളത്തില്‍ പൊതുവെ ശിയാ വഖ്ഫ് ഇല്ലാത്ത സ്ഥിതിക്ക് ആ പേരില്‍ തസ്തിക അപ്രസക്തമാണ്. എന്നാല്‍, ഇത്തവണ വഖ്ഫ് ബോര്‍ഡില്‍ ശിയാ പണ്ഡിത തസ്തികയില്‍ ഒരാളുണ്ട്. അത് നിലവിലുള്ള ചെയര്‍മാനോ അതല്ല മുജാഹിദ് പ്രതിനിധിയായ അബ്ദുല്ലക്കോയ മദനിയോ എന്ന സന്ദേഹം മാത്രമേ ഉള്ളൂ. സുന്നി പണ്ഡിതന്‍ എന്ന നിലയില്‍ നിയമിതനായത് മദനിയാണെങ്കില്‍ ചെയര്‍മാന്‍ ശിയാ പ്രതിനിധിയാവണം. പണ്ഡിതന്‍ എന്ന തസ്തികയില്‍ ഇരിക്കുന്നയാള്‍ “പത്തുകിതാബെ”ങ്കിലും ഓതിയവനാവണം. സ്ത്രീകളുടെ പ്രതിനിധികളായി നേരത്തെ ഒരു മുജാഹിദ് വനിതയും മറ്റൊരു അഭിഭാഷകയുമുണ്ടായിരുന്നു. പുതിയ സര്‍ക്കാര്‍ ഒരാളെ നോമിനേറ്റ് ചെയ്തതോടെ മുജാഹിദ് വനിത പുറത്താക്കി. അത് സര്‍ക്കാര്‍ മാറിയപ്പോഴുണ്ടായ ഒരു ചെറിയ മാറ്റം. സര്‍ക്കാര്‍ മാറിയപ്പോള്‍ എം എല്‍ എമാരും മാറിയത്രേ. പാണ്ഡിത്യം ചോദ്യം ചെയ്ത് പരാതി വന്നപ്പോള്‍ ചെയര്‍മാന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും കേള്‍ക്കുന്നു. ശിയാ പ്രതിനിധിക്ക് ശിയാ ലോ അറിഞ്ഞാല്‍ മതിയെന്നാണത്രെ പുതിയ കണ്ടെത്തല്‍.

വഖ്ഫ് എന്താണ് എന്നതും വഖ്ഫ് സംരക്ഷണം എങ്ങിനെയാണെന്നും ഇവിടെ ആര്‍ക്കും അറിയാതെ പോയി. ഇത് സംമ്പന്ധമായി 10 വര്‍ഷം മുമ്പ് വഖ്ഫ് ബോര്‍ഡ് പ്രസിദ്ധീകരിച്ച പുസ്തകം പറയുന്നത് കാണുക:
വഖ്ഫ് – അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ച് ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായി മതപരവും ധര്‍മപരവുമായ ഉദ്ദേശ്യം ലക്ഷ്യം വെച്ച് സ്ഥാവര ജംഗമ സ്വത്തുക്കള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശാശ്വതമായി സമര്‍പ്പിക്കുന്നതിനെയാണ് വഖ്ഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യങ്ങളും ഉദ്ദേശ്യങ്ങളും സ്ഥായിയായിട്ടുള്ളതും അര്‍പ്പണം ശാശ്വതവും അര്‍പ്പിക്കപ്പെടുന്ന വസ്തു വാഖിഫിന്റെ അഥവാ അര്‍പ്പിക്കുന്ന ആളുടെ സ്വന്തമായിരിക്കണം. ഇത് കൂടാതെ ഉപയോഗം മൂലം അപ്രകാരമായിത്തീര്‍ന്ന സ്വത്തുക്കളും ഇസ്‌ലാം മതപരവും ഭക്തിപരവും ധര്‍മപരവുമായ വിഷയങ്ങള്‍ക്ക് വേണ്ടിയുള്ള ഗ്രാന്റും “വഖ്ഫ്” എന്ന നിര്‍വചനത്തില്‍ പെടും.

വഖ്ഫ് ബോര്‍ഡ്
സംസ്ഥാനത്തെ എല്ലാ വഖ്ഫുകളുടെയും പൊതുവായ മേല്‍നോട്ടം വഖ്ഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണ്. വഖ്ഫുകളുടെ ശരിയായ പരിപാലനവും വഖ്ഫുകള്‍ അവയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതും വഖ്ഫ് ആക്ട് പ്രകാരം അതാത് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി രൂപവത്കരിച്ച ബോര്‍ഡുകളുടെ കര്‍ത്തവ്യമാണ്. ഇപ്രകാരം വഖ്ഫ് ആക്ട് മൂലം നിര്‍ണയിച്ചിട്ടുള്ള അധികാരത്തിന്റെ സാമാന്യതക്ക് കോട്ടം തട്ടാതെ വഖ്ഫുകളുടെ ഭരണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ഭരണ പദ്ധതിയുണ്ടാക്കുകയും ആക്ടിലെ വ്യവസ്ഥകള്‍ക്കു വിധേയമായി മുതവല്ലിമാരെ നിയമിക്കുകയും നീക്കം ചെയ്യുകയും നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കുന്നതിന് നടപടികളെടുക്കുകയും ചെയ്യുക വഖ്ഫ് ബോര്‍ഡിന്റെ ചുമതലയാണ്. വഖ്ഫ് സ്വത്തുക്കള്‍ തീരായോ ദാനമായോ പണമായോ അന്യാധീനപ്പെടുത്താന്‍ മുതവല്ലിമാര്‍ക്ക് അധികാരമില്ല. വഖ്ഫ് ബോര്‍ഡിന്റെ നിയമാനുസൃതമായ നടപടിക്ക് ശേഷമുള്ള അനുമതി കൂടാതെ ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള ആധാരങ്ങളും രേഖകളും നിലനില്‍ക്കുന്നതല്ല. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ വഖ്ഫിന് ഗുണകരമെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം വഖ്ഫിന്റെ സ്ഥാവര സ്വത്തുക്കള്‍ തീരായോ ദാനമായോ പണമായോ ഒത്തുമാറ്റമായോ കൈമാറ്റം ചെയ്യുന്നതിന് നിയമമനുസരിച്ച് അനുമതി നല്‍കാനുള്ള അധികാരം വഖ്ഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണ്. വഖ്ഫുകളുടെ കണക്കുകളും രേഖകളും റിക്കാര്‍ഡുകളും പരിശോധിക്കുകയും സര്‍വോപരി വഖ്ഫുകളുടെ ശരിയായ ഭരണത്തിനും നിലനില്‍പ്പിനും ആവശ്യമായ എല്ലാപ്രവൃത്തികളും പൊതുവില്‍ നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് വഖ്ഫ് ബോര്‍ഡിന്റെ ഉദ്ദേശ്യം. (ഇപ്പോള്‍ ഒരു കൈമാറ്റവും വരില്ലെന്നതാണ് നിയമം)

വഖ്ഫുകളും വഖ്ഫ് ബോര്‍ഡും
വഖ്ഫുകളും വഖ്ഫ് ബോര്‍ഡും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇവ തമ്മില്‍ സഹകരണത്തിന്റെ അടിസ്ഥാനത്തിലുള്ള യോജിച്ച പ്രവര്‍ത്തനമാണ് വഖ്ഫുകളുടെയും വഖ്ഫ് ബോര്‍ഡിന്റെയും ഉന്നതിക്ക് നിദാനം. ഒരുപക്ഷേ, വഖ്ഫ് ബോര്‍ഡ് തെറ്റിദ്ധരിക്കപ്പെട്ട ഒരവസ്ഥയിലാണ്. അത് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അജ്ഞതയില്‍ നിന്ന് ഉടലെടുത്തതാണ്. വിഹിതം പിരിക്കുന്നതിനുള്ള ഒരു പ്രസ്ഥാനമായി മാത്രം ബോര്‍ഡിനെ കാണുന്നതാണ് ഈ തെറ്റിദ്ധാരണക്ക് കാരണം.എന്നാല്‍, വിപുലവും അതിപ്രധാനവുമായ അനേകം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു സ്ഥാപനമാണ് വഖ്ഫ് ബോര്‍ഡ്. വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിലും വഖ്ഫ് കെട്ടിടങ്ങളിലെ വാടകക്കാരെ ഒഴിപ്പിക്കുന്നതിലും ലാന്റ് അക്വിസിഷന്‍ നടപടികളിലും മറ്റും ബോര്‍ഡ് ഒരു കക്ഷിയാകേണ്ടതുണ്ട്. ബോര്‍ഡിന് നോട്ടീസ് നല്‍കാതെയുള്ള വസ്തുക്കളുടെ അക്വിസിഷന്‍ പോലും നിലനില്‍ക്കാത്തതാണ്. വാഖിഫിന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. വഖ്ഫ് സംബന്ധമായി ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടാനുള്ള പ്രധാന വേദിയാണ് ബോര്‍ഡ്. ബോര്‍ഡുമായുള്ള ബന്ധം വഖ്ഫുകളുടെ ചിട്ടയായ പ്രവര്‍ത്തനത്തിന് മാര്‍ഗദര്‍ശകമായി മാത്രമേ ഭവിക്കാന്‍ പാടുള്ളൂ. ചുരുക്കത്തില്‍ വഖ്ഫ് ബോര്‍ഡ് ഒരു സംരക്ഷക പ്രസ്ഥാനവും ഉത്തേജക ശക്തിയുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

വഖ്ഫുകളുടെ പ്രവര്‍ത്തനങ്ങള്‍
മുസ്‌ലിംകളുടെ മതപരവും ജീവകാരുണ്യപരവുമായ ആചാരാനുഷ്ഠാനങ്ങളുടെ നിര്‍വഹണത്തിനാവശ്യമായ സംഗതികളാണ് വഖ്ഫുകള്‍ പ്രധാനമായും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പള്ളികള്‍ സ്ഥാപിച്ച് അവിടെ പ്രാര്‍ഥനാ കര്‍മങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നു. മതവിദ്യാഭ്യാസത്തിന് മദ്‌റസകളും ദര്‍സുകളും നടത്തുന്നു. ആതുര ശുശ്രൂഷാ സ്ഥാപനങ്ങളും സ്‌കൂളുകളും കോളജുകളും അനാഥാലയങ്ങളും സ്ഥാപിച്ച് നടത്തുന്നു. സാംസ്‌കാരികോന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മറ്റു സ്ഥാപനങ്ങളും വഖ്ഫുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ ഭാഗമാണ്. ഇത്തരത്തില്‍ മുസ്‌ലിം സമുദായത്തിലും ഇതര സമുദായങ്ങളിലുമുള്ള ജന വിഭാഗങ്ങളുടെ സര്‍വതോന്മുഖമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ധാരാളം വഖ്ഫ് സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. (വഖ്ഫുകളുടെ സംരക്ഷണ നിയമം പേജ് 6)

കേരളത്തിലെ വഖ്ഫുകളില്‍ ഭൂരിഭാഗവും നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ളതാണ്. 1921ന് മുമ്പുള്ള വഖ്ഫുകളിലൊന്നും നവീനാശയക്കാര്‍ക്ക് അവകാശമില്ല. 21ന് ശേഷമുള്ള മൊത്തം വഖ്ഫുകള്‍ എടുത്ത് നോക്കിയാലും 10 ശതമാനം പോലും സലഫീ ചിന്താഗതികള്‍ക്കുണ്ടാവില്ല. കാരണം അവര്‍ക്ക് വഖ്ഫില്‍ തന്നെ വിശ്വാസമില്ല. കൂടുതല്‍ വഖ്ഫുകളും പരലോക ഗുണത്തിന് മതാപിതാക്കളുടെ പേരില്‍ വഖ്ഫ് ചെയ്തതായിരിക്കും. പിന്നെ, നേര്‍ച്ച കഴിക്കാനും മൗലിദിനും റാത്തീബിനും ആണ്ടടിയന്തിരങ്ങള്‍ക്കും ഖബറിനരികില്‍ ഖുര്‍ആന്‍ പാരായണം നടത്താനുമെല്ലാം വഖ്ഫ് ചെയ്തതാണ്. ഈ ഒരു കാര്യവും മുജാഹിദുകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജീവിതകാലത്ത് സ്വന്തം ചെയ്തത് മാത്രമേ പരലോകത്ത് ഉപകരിക്കുകയുള്ളൂ എന്നാണ് അവരുടെ വിശ്വാസം. എന്നാല്‍, ഈ വഖ്ഫുകളുടെയെല്ലാം വിഹിതം വാങ്ങി ബോര്‍ഡിലൂടെ സഹായം പിടിച്ചു പറ്റാന്‍ മാത്രമാണവര്‍ അംഗങ്ങളാകുന്നത്.

കേരളത്തിലെ ഉറൂസ് നടത്തുന്ന മഖാമുകളടക്കം പല വഖ്ഫുകളും പഴയകാല ഭൂമികളും ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്തത് വിഹിതം നല്‍കുന്നത് ഭയന്നിട്ടല്ല. മറിച്ച് ആ വിഹിതം വാങ്ങി നവീനാശയക്കാര്‍ക്ക് ഭരിക്കാനും അവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുമാണ് ഇപ്പോള്‍ വഖ്ഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

കര്‍ണാടകയിലും മറ്റും നടക്കുന്ന രൂപത്തിലാണെങ്കില്‍ ഒരു നിയമവുമില്ലാതെ തന്നെ ജനങ്ങള്‍ വഖ്ഫ് രജിസ്‌ട്രേഷന്‍ എളുപ്പത്തില്‍ ചെയ്യും. അക്കാര്യം കമ്മിറ്റികള്‍ മാറിവന്നിട്ടും കേരളാ വഖ്ഫ് ബോര്‍ഡ് ചിന്തിക്കുന്നില്ല. പള്ളികളുടെയും മദ്‌റസകളുടെയും അറ്റകുറ്റപ്പണി, മദ്‌റസ നിര്‍മിച്ചു കൊടുക്കല്‍, മുസ്‌ലിം സമുദായത്തില്‍ ഉന്നത വിദ്യഭ്യാസം നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, മദ്‌റസ- പള്ളി ജീവനക്കാര്‍ക്ക് വിവാഹത്തിനും ചികിത്സക്കുമുള്ള സഹായം, നവ മുസ്‌ലിംകള്‍ക്ക് വീട് നിര്‍മാണത്തിനുള്ള സഹായം തുടങ്ങി എന്തൊക്കെ ചെയ്യാനുണ്ട്? വിഹിതം ലഭിച്ച പണമെല്ലാം വഖ്ഫ് ബോര്‍ഡ് എന്ത് ചെയ്യുന്നു? ഇതൊക്കെ ഓരോ പൗരനും അറിയേണ്ടതും കര്‍മശാസ്ത്രപരമായി അതിന്റെ വിധി വിലക്കുകള്‍ സമുദായത്തെ ബോധ്യപ്പെടുത്തേണ്ടതുമാണ്.

കേരളത്തിലെ വഖ്ഫുകളില്‍ 90 ശതമാനവും സലഫീവിരുദ്ധരായ സുന്നീ വീഭാഗത്തിന്റെതാണ്. അതിന്റെ മുഴുവന്‍ ആധാരങ്ങളിലും സലഫീ ചിന്താഗതിക്കാരായ മുജാഹിദ് (വഹബി) ജമാഅത്ത് (മൗദൂദി) തബ്‌ലീഗ് (ഇല്‍യാസീ) തുടങ്ങിയവര്‍ക്കും ഖാദിയാനീ (അഹ്മദിയാക്കള്‍) ദഹ്‌രി (യുക്തിവാദികള്‍) പോലോത്തവര്‍ക്കും ഉപകാരമെടുക്കാനോ ഭരണസമിതിയില്‍ വരാനോ പാടില്ലെന്ന് വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. അപ്രകാരം പരമ്പരാഗതമായി നടന്നു വരുന്ന ആരാധനാകര്‍മങ്ങള്‍, റാത്തീബ്, മൗലിദ്, നേര്‍ച്ചകള്‍ തുടങ്ങിയ കാര്യങ്ങള്‍ എണ്ണത്തിലോ വണ്ണത്തിലോ രൂപത്തിലോ ഭാഷയിലോ ഒരു മാറ്റവും വരുത്താതെ സമയാസമയങ്ങളില്‍ നടത്തി വരേണ്ടതാണെന്ന് ആധാരത്തിലും ആധാരാസ്പദമാക്കുന്ന ഭരണഘടന (നിയമാവലി)യിലും എഴുതിയിട്ടുണ്ടാവും.

എന്നാല്‍, ഈ പറയുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും വകമാറ്റാതെ വിഷയം കൈയാളാനും പറ്റുന്ന സുന്നീ പണ്ഡിതര്‍ വഖ്ഫ് ബോര്‍ഡിലുണ്ടോ? ഒരു സുന്നീ വിഷയം കൈകാര്യം ചെയ്യാന്‍ 90 ശതമാനം വരുന്ന സുന്നീ വഖ്ഫ് ഭരിക്കുന്നവര്‍ എന്ത് ചെയ്യും? കര്‍മശാസ്ത്ര നിയമമനുസരിച്ച് വഖ്ഫ് സംരക്ഷണം വളരെ വിലയേറിയതും പ്രയാസകരവുമാണ്. അവകാശധ്വംസനത്തിനും പൊതുമുതല്‍ ദുരുപയോഗപ്പെടുത്തുന്നതിനുമെതിരെ ജനങ്ങള്‍ ശബ്ദിക്കേണ്ടിയിരിക്കുന്നു. ആര് ഭരിക്കുന്നുവെന്നത് നീതിക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നോക്കേണ്ടതില്ല.

അത് ഒരു “ശിയാവഹാബി”യും മൂന്ന് ജനപ്രതിനിധികളും ഒരു വക്കീലും രണ്ട് സ്ത്രീകളും രണ്ട് രാഷ്ട്രീയക്കാരും പിന്നെ ഒരു കംപ്യൂട്ടര്‍ എന്‍ജിനീയറും ചേര്‍ന്ന് തീരുമാനിക്കേണ്ടതാണോ? ഇവിടെ രാഷ്ട്രീയ മുക്തമായി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റുന്ന ഒരു പണ്ഡിതനെ എടുക്കാതെ കേന്ദ്ര വഖ്ഫ് കൗണ്‍സിലും കേരള സര്‍ക്കാറും മുസ്‌ലിം സമൂഹവും എങ്ങിനെ ഈ ബോര്‍ഡ് വെച്ച് പൊറുപ്പിക്കും?

തറയിട്ടാല്‍ ഹസന്‍ സഖാഫി

Latest