Connect with us

Articles

സംവരണ ഭേദഗതി ഒരു ആര്‍ എസ് എസ് കെണി

Published

|

Last Updated

ഭരണഘടനയുടെ 124-ാമത് ഭേദഗതിയാണ് സഭയില്‍ അവതരിപ്പിച്ചത്. കേവലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തിലെ കുറച്ചു കുട്ടികള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനും ഉദ്യോഗത്തിനും സംവരണം ഏര്‍പ്പെടുത്തുക എന്ന കേവല ലക്ഷ്യമല്ല അതിന് ഉള്ളതെന്ന സത്യം എത്ര പേര്‍ക്കറിയാം? അതറിഞ്ഞിട്ടാണ് അതിനവര്‍ കൂട്ട് നിന്നതെങ്കില്‍ അവര്‍ കുറ്റക്കാര്‍ തന്നെയാണ്. ഭരണഘടനാ നിര്‍മാതാക്കളുടെ ധാര്‍മികത സംബന്ധിച്ച സങ്കല്‍പ്പത്തിനെതിരാണിത്. ഭരണഘടനയില്‍ സംവരണം സംബന്ധിച്ചുള്ള 15,16 വകുപ്പുകളാണ് ഇവിടെ അടിസ്ഥാനഭേദഗതിക്ക് വിധേയമായിട്ടുള്ളത്. 15-ാം വകുപ്പിലെ നാല്, അഞ്ച് ഉപവകുപ്പുകളിലാണ് സംവരണത്തിന് അര്‍ഹര്‍ ആരൊക്കെ എന്ന് നിര്‍ദേശിക്കുന്നത്. ഈ ഭേദഗതിയില്‍ ഒരു ഉപവകുപ്പ് ആറാമതായി ചേര്‍ക്കുകയാണ് ചെയ്യുന്നത്. 16-ാം വകുപ്പില്‍ നാലാം ഉപവകുപ്പാണ് ഇത് നിര്‍വചിക്കുന്നത്. അതില്‍ പുതുതായി അഞ്ചാം ഉപവകുപ്പ് കൂടി ചേര്‍ത്തിരിക്കുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നാണ് നിലവിലുള്ള ഉപവകുപ്പുകളില്‍ പറയുന്നത്. സാമ്പത്തിക മാനദണ്ഡം ഇല്ല തന്നെ. ഈ ഭേദഗതി അനുസരിച്ച് സാമ്പത്തികമായി പിന്നാക്കമായിട്ടുള്ളവരെ കൂടി സംവരണത്തിന് അര്‍ഹരായി ഉള്‍പ്പെടുത്തുന്നു. പ്രചരിപ്പിക്കപ്പെടുന്നത് പോലെ ഇവിടെ 10 ശതമാനം എന്ന നിബന്ധന ഒന്നുമില്ല. അത് നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാണ് അധികാരം. ഈ വിഭാഗങ്ങള്‍ക്ക് എത്ര ശതമാനം വരെയും സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയും. നാല്, അഞ്ച് ഉപവകുപ്പുകളില്‍ പറയുന്ന വിഭാഗങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്ക് മാത്രമേ ഇതിനവകാശമുള്ളൂ എന്ന് വ്യക്തമായി പറയുന്നു. അഥവാ ഈ സീറ്റുകള്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമേ ലഭ്യമാകൂ. ഇതാണ് ഒരു ഭരണഘടനാലംഘനം.
ഈ ഭേദഗതിക്കുള്ള ന്യായീകരണമായി പറയുന്ന കാര്യങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണമില്ലാത്ത വിഭാഗങ്ങളിലെ ജനങ്ങളില്‍ ഒരു വിഭാഗം വിദ്യാഭ്യാസത്തിലും തൊഴിലിലും പുറന്തള്ളപ്പെടുന്നു എന്നാണ്. ഏത് അന്വേഷണ റിപ്പോര്‍ട്ടിന്റെ, പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. മറിച്ചുള്ള കാക്കാ കലേക്കര്‍, മണ്ഡല്‍, സച്ചാര്‍ കമ്മീഷനുകള്‍ നമ്മുടെ സാമൂഹിക സ്ഥിതിയെപ്പറ്റി അവതരിപ്പിച്ച വസ്തുതകളെ നിരാകരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനശിലകളായ മൗലികാവകാശങ്ങളുടെ ഭേദഗതി പോലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് നിലനില്‍ക്കാന്‍ പാടില്ല.

സംവരണ തത്വമനുസരിച്ച് ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് സംവരണം ചെയ്യപ്പെടാത്ത സീറ്റുകള്‍ നല്‍കണം. അതിനെ ഓപ്പണ്‍ ക്വോട്ട എന്ന് പറയുന്നു. കഴിവുള്ളവര്‍ ഉണ്ടെങ്കില്‍ ആ സീറ്റുകള്‍ മുഴുവന്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് ലാഭിക്കാം. ഈ ഭേദഗതി വഴി അതിലൊരു ഭാഗം മുന്നാക്കക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെടുന്നു. സാമൂഹികമായി മുന്നാക്കമായ വിഭാഗങ്ങള്‍ക്കായി സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ധാര്‍മികതക്ക് എതിരാണ്. ഒരു ലളിതമായ ഉദഹരണം പറയാം. ഒരു പഞ്ചായത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. മറ്റുള്ള സീറ്റുകള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. അതില്‍ ഒരു ഭാഗം വരുമാനം കുറഞ്ഞ പുരുഷന്മാര്‍ക്ക് മാത്രമായി സംവരണം ചെയ്തു എന്ന് കരുതുക. ഇത് സ്ത്രീകളുടെ തുല്യതക്കായുള്ള സംവരണതത്വത്തിനെതിരാണ്. ഈ ഭേദഗതി വരുന്നതിന് മുമ്പ് 100 ശതമാനം സീറ്റിലും മത്സരിക്കാന്‍ കഴിയുമായിരുന്ന സ്ത്രീകളുടെ സാധ്യത ഈ സംവരണം വഴി കുറയുന്നു. ഇത് തന്നെയാണ് ഈ ഭേദഗതിയിലും സംഭവിക്കുന്നത്. ചരിത്രപരമായി സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗത്തെ മറ്റുള്ളവര്‍ക്കൊപ്പമാക്കാനാണ് സംവരണം. മുന്‍കാലങ്ങളില്‍ മുന്നാക്ക വിഭാഗക്കാര്‍ മുഴുവന്‍ സ്ഥാനങ്ങളും കൈയടക്കി വെക്കുകയായിരുന്നു. അവര്‍ക്കൊപ്പമാകണമെങ്കില്‍ കേവലം ഇന്നത്തെ ജനസംഖ്യാനുപാതികമായി സംവരണം പോരാ എന്നര്‍ഥം.
ഈ ഭേദഗതി മനുസ്മൃതിയുടെ വഴിയിലുള്ള ഒരു ഗൂഢാലോചനയാണ് എന്ന അരവിന്ദ് കെജ്‌രിവാളിന്റെ വാദം ശരിയാകുന്നു. മനുസ്മൃതിയല്ല ഇന്ത്യന്‍ ഭരണഘടന എന്ന് അടുത്ത കാലത്തു കൂടി നരേന്ദ്രമോദിയെ അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. സംവരണം ഒരിക്കലും ദാരിദ്ര്യനിര്‍മാര്‍ജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ ഉള്ള വഴിയായല്ല ഭരണഘടന കാണുന്നത് എന്ന തത്വവും ഇവിടെ ലംഘിക്കപ്പെടുന്നു. സാമൂഹികമായ പിന്നാക്കാവസ്ഥ എന്ന സത്യം മറച്ചുപിടിച്ചു കൊണ്ട് സാമ്പത്തികാസമത്വം ആണ് പ്രധാനം എന്ന് സ്ഥാപിക്കുന്നതിനുള്ള ശ്രമം ആണിത്. സാമൂഹികമായി പിന്നാക്കമായവര്‍ക്കുയരാനുള്ളതാണ് സംവരണം. അവരെ അധികാരത്തിന്റെ താക്കോല്‍ സ്ഥാനത്തിരുത്താനുള്ളതാണ് സംവരണം.
ജാതി നിര്‍മൂലനം എന്ന അംബേദ്കര്‍ പുസ്തകം 2015ല്‍ പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ അരുന്ധതി റോയി ഇങ്ങനെ എഴുതി: “നിങ്ങള്‍ മലാല യൂസഫ്‌സായിയെപ്പറ്റി കേള്‍ക്കുകയും എന്നാല്‍ സുരേഖ ബോധമാംഗെയെ പറ്റി കേട്ടിട്ടുമില്ലെങ്കില്‍ നിങ്ങള്‍ നിശ്ചയമായും അംബേദ്കറെ വായിക്കണം.” സുരേഖയുടെ കുടുംബം പുല്ലുമേഞ്ഞ വീട് മാറ്റികുറച്ച് സൗകര്യങ്ങളുള്ള ഒരു ഇഷ്ടികവീടുണ്ടാക്കി, അവിടെ വൈദ്യുത കണക്ഷന് വേണ്ടി ആഗ്രഹിച്ചു എന്നതായിരുന്നു സുരേഖയുടെ കുടുംബം ചെയ്ത തെറ്റ്. മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചി ഗ്രാമത്തിലെ സവര്‍ണര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. ഭാഗികമായി അന്ധനായ ഒരാണ്‍കുട്ടി ഉള്‍പ്പെടെയുള്ള അഞ്ചംഗ കുടുംബത്തെ അവര്‍ കൂട്ടക്കൊല ചെയ്തു.
മികവുറ്റ യൂനിവേഴ്‌സിറ്റികളിലേക്ക് പോകുന്ന പ്രതിഭാശാലികളായ രോഹിത്‌വെമുലെ മുതല്‍ ബാലമുകുന്ദ് ബാത്രി വരെ ആത്മഹത്യ ചെയ്യേണ്ടി വന്നത് അവര്‍ ദളിതരായതുകൊണ്ടാണ്. പഠിച്ചു വളരുകയും ഉയരുകയും ചെയ്യുന്ന ദളിതനെ ഉള്‍ക്കൊള്ളാന്‍ അഭിനവ ദ്രോണാചാര്യന്മാര്‍ക്ക് കഴിയുന്നില്ലെന്ന് രോഹിത് വെമുലയുടെ തൂങ്ങിയാടുന്ന മൃതദേഹം നിശ്ശബ്ദമായി വിളിച്ചു പറഞ്ഞതല്ലേ? തമിഴ് എഴുത്തുകാരനായ ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന നോവലില്‍ സിവില്‍ സര്‍വീസ് അഭിമുഖത്തിന് പോകുന്ന നായാടി വിഭാഗത്തില്‍പ്പെട്ട ഒരു യുവാവിനെ അവതരിപ്പിക്കുന്നുണ്ട്. അഭിമുഖത്തിലെ ഒരു ചോദ്യം “താങ്കള്‍ തീരുമാനമെടുക്കാനുള്ള അധികാരിയായിരിക്കുമ്പോള്‍ ഒരു നായാടി പ്രതിയായ ഒരു കേസ് വരുന്നു. അതില്‍ ന്യായം എതിര്‍പക്ഷത്താണ്. താങ്കള്‍ ഏത് പക്ഷത്താകും, ന്യായത്തിന്റെയോ നായാടിയുടെയോ?” അതിനുള്ള മറുപടി ആയി “സാര്‍, ന്യായം എന്നുവെച്ചാലെന്താണ്?” എന്നു ഞാന്‍ പറഞ്ഞു. “വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്നു പറഞ്ഞാല്‍ അതിന്റെ കാതലായി ഒരു ധര്‍മം ഉണ്ടായിരിക്കണം. ധര്‍മങ്ങളില്‍ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്, ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ട് വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്” പകല്‍വെളിച്ചത്തില്‍ പുറത്തുവരാന്‍ പോലും അവകാശമില്ലാത്ത ആ മനുഷ്യര്‍ അനുഭവിക്കുന്ന വിവേചനദുഃഖം മനസ്സിലാക്കാന്‍ അനുഭവിക്കുക തന്നെ വേണം. അത് അനീതിയാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകണം.
അംബേദ്കറുടെ മുഖ്യ ആകുലത ജാതി വ്യവസ്ഥയുടെ പരമ്പരാഗതവും സാമൂഹികവുമായ ധാര്‍മികതക്ക് മേല്‍ ഭരണഘടനാ ധാര്‍മികതക്ക് സവിശേഷ സ്ഥാനം നല്‍കുന്നതിനും നിയമമാക്കുന്നതിനുമായിരുന്നു. 1946 ഡിസംബര്‍ 17ന് ഭരണഘടനാ അസംബ്ലിയില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: “ഭരണഘടനാ ധാര്‍മികത എന്നത് സ്വാഭാവികമായ മനോവികാരമല്ല. അതിനെ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. നമ്മുടെ ജനത ഇനിയും അതേപ്പറ്റി പഠിക്കേണ്ടതുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം. ഇന്ത്യയില്‍ ജനാധിപത്യമെന്നത് ജനാധിപത്യവിരുദ്ധമായ ഇന്ത്യന്‍ മണ്ണിനു മേലുള്ള മേല്‍വസ്ത്രം മാത്രമാണ്”. ഈ ജനാധിപത്യവിരുദ്ധമായ മണ്ണ് ജാതി വ്യവസ്ഥയാണ്. അതിനെ തകര്‍ക്കാനാണ് അംബേദ്കര്‍ ജാതി ഉന്‍മൂലനം എന്ന സങ്കല്‍പ്പം മുന്നോട്ടുവെക്കുന്നത്.

മുന്നാക്ക സംവരണത്തെ പാര്‍ലിമെന്റില്‍ ഭരണ/ പ്രതിപക്ഷ/ ഇടത്/ സോഷ്യലിസ്റ്റ് ഭേദമന്യേ പിന്തുണക്കുമ്പോള്‍ വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വരിഷ്ഠ പാരമ്പര്യത്തിന്റെ മേല്‍ക്കോയ്മയെയാണ് സൂചിപ്പിക്കുന്നത്. കാക്കാ കലേക്കര്‍, മണ്ഡല്‍, സച്ചാര്‍ കമ്മീഷനുകള്‍ നമ്മുടെ സാമൂഹിക സ്ഥിതിയെപ്പറ്റി അവതരിപ്പിച്ച വസ്തുതകളെ തള്ളി, സാമൂഹിക യാഥാര്‍ഥ്യങ്ങളെ അവഗണിച്ച് സര്‍ക്കാറിന്റെ വോട്ട് ബേങ്ക് സംവരണ നയത്തെ പിന്തുണക്കുമ്പോള്‍ എല്ലാവരും ഈ ബ്രാഹ്മണ പാരമ്പര്യത്തിന്റെ വക്താക്കളെന്ന് സ്വയം പ്രഖ്യാപിക്കുകയാണ്. ഇത് ജാതി അടിസ്ഥാനത്തിലുള്ള സംവരണം എന്നതിന്റെ അന്ത്യം കുറിക്കാനുള്ള ശ്രമമാണ്. ഇപ്പോള്‍ കേവലം 10 ശതമാനമേ ഉള്ളൂ എങ്കിലും തത്വത്തില്‍ ഇത് അംഗീകരിച്ചാല്‍ നിലവിലുള്ള സംവരണം കൂടി സാമ്പത്തികാടിസ്ഥാനത്തിലാക്കാന്‍ സമൂഹത്തിലും കോടതിയിലും സമ്മര്‍ദം വരും.

ഭരണഘടനയുടെ ഈ അടിസ്ഥാനതത്വം ബലികഴിക്കാന്‍ സംഘ്പരിവാറിന് കഴിഞ്ഞാല്‍ മറ്റേത് വകുപ്പും മാറ്റാന്‍ അവര്‍ക്ക് ശേഷി കിട്ടും. ഇത് ജാതി അടിസ്ഥാനത്തിലുള്ള സംവരണം എന്നതിന്റെ അന്ത്യം കുറിക്കാനുള്ള ശ്രമമാണ്. അത് എല്ലാ അര്‍ഥത്തിലും ഒരു കെണിയാണ്. ആര്‍ എസ് എസിന്റെ കെണി. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് സംവരണം പുനഃപരിശോധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന പരാമര്‍ശം ഇതിനു മുമ്പ് നടത്തിയിരുന്നു. മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികാടിസ്ഥാനത്തില്‍ 10 ശതമാനം നല്‍കണം എന്നാണ് അദ്ദേഹവും ആവശ്യപ്പെട്ടത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഇപ്പോള്‍ തിരക്കുപിടിച്ച് സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തുന്നതിനു വേണ്ടിയുള്ള പരിശ്രമം കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്നത്. ആര്‍ എസ് എസ് അജന്‍ഡ ഒളിച്ചുകടത്തുക തന്നെയാണിതെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞത് സത്യമാണ്.
കോണ്‍ഗ്രസ് എപ്പോഴും ചഞ്ചലരാണ്, അടിസ്ഥാനപരമായി ബ്രഹ്മണ്യത്തെ അംഗീകരിക്കുന്നവരാണ്. ഇടതുപക്ഷമോ? അങ്ങനെ നമുക്ക് തെറ്റിദ്ധാരണ ഉണ്ടാകേണ്ട കാര്യമില്ല, പ്രത്യേകിച്ച് സി പി എം എന്ന പാര്‍ട്ടി. 1957 ലെ ആദ്യമന്ത്രിസഭയുടെ ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമാക്കണം എന്ന് ഇ എം എസ് ആവശ്യപ്പെട്ടതാണ്. പിന്നീട് സി പി ഐ ആയി മാറിയ വിഭാഗത്തില്‍ പെട്ടവരാണ് അത് തടഞ്ഞത്. മണ്ഡല്‍ വിവാദ കാലത്തും സി പി എം അതിനെ പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. എന്നാല്‍ സി പി ഐ അതിനെ പൂര്‍ണമായും പിന്താങ്ങുകയും ചെയ്തു. ജാതിക്കു മേല്‍ വര്‍ഗത്തെ പ്രതിഷ്ഠിക്കുക എന്ന കേവല യാന്ത്രികവാദമാണിതിന് കാരണം എന്ന കണ്ടെത്തല്‍ പുറമേക്ക് പറയുന്നത് മാത്രം. യഥാര്‍ഥത്തില്‍ അതിന് ഭ്രാഹ്മണ്യത്തിന്റെ മേല്‍കൈ തന്നെയാണ് കാരണം. ആ പാര്‍ട്ടിയുടെ ഉന്നത സഭയായ പോളിറ്റ് ബ്യുറോയില്‍ ഇന്നുവരെ ഒരു ദളിതന്‍ ഇല്ലാതിരുന്നതെന്തുകൊണ്ട് എന്ന് എസ് എഫ് ഐക്കാരനായിരിക്കുമ്പോള്‍ രോഹിത് വെമുല അന്നത്തെ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ചോദിക്കുന്നുണ്ട്. യോഗ്യതയുള്ളവര്‍ വരാത്തതാണ് കാരണം എന്നായിരുന്നു മറുപടി. സ്വകാര്യ മേഖലയില്‍ സംവരണം വേണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കോര്‍പറേറ്റുകള്‍ പറയുന്ന മറുപടിയും ഇതാണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് രോഹിത് പാര്‍ട്ടിയുമായി വിട പറയുന്നത്. എന്നാല്‍ ലോഹ്യയുടെ പിന്‍ഗാമികള്‍ എന്നവകാശപ്പെടുന്ന സോഷ്യലിസ്റ്റുകള്‍ കേവലം വോട്ട് ബേങ്കിന് വേണ്ടി മറുകണ്ടം ചാടുമ്പോള്‍ ആരെയാണ് പിന്നോക്കവിഭാഗക്കാര്‍ ആശ്രയിക്കുക?

സംവരണ വിഭാഗങ്ങള്‍ യോജിച്ച് നിന്ന് രാജ്യത്ത് ഈ സംവരണത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ഒരു ഘട്ടമാണിത്. സംവരണ വിഭാഗങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ ആശ്രയിക്കാന്‍ കഴിയുന്നത് കോടതിയെയാണ്. മണ്ഡല്‍ കേസിലും ഇന്ദിരാ സാഹ്‌നി കേസിലും ഭരണഘടനാ വിരുദ്ധമാണ് ഇതെന്ന് രാജ്യത്തെ പരമോന്നത നീതിന്യായപീഠം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷം വരുന്ന സമൂഹങ്ങളുടെ അവസര തുല്യതയും അവരുടെ ഭരണപങ്കാളിത്തവും ഉറപ്പുവരുത്തുന്ന ചരിത്രപരമായിട്ടുള്ള ഈ ഭരണഘടനാ തത്വത്തെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങള്‍ക്കെതിരെ സംവരണ വിഭാഗം ദേശീയ തലത്തില്‍ ചിന്തിക്കുകയും സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിക്കുകയും ചെയ്യേണ്ട ഒരു ഘട്ടമാണിത്. ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ കൃത്യമായ നിലപാടാണ് എടുത്തിരിക്കുന്നത്. ഈ ഭേദഗതി ഒരു കെണിയാണെന്ന് തിരിച്ചറിഞ്ഞു. അതിനെതിരെ ഇരു സഭകളിലും ശക്തമായ നിലപാടെടുക്കുകയും ചെയ്തു.

തീരെ പ്രതീക്ഷിക്കാത്ത ഒരു നേട്ടം ഇതുകൊണ്ടുണ്ടായി. സംവരണം മൂലം സര്‍ക്കാര്‍ സര്‍വീസുകളില്‍ കഴിവില്ലാത്തവര്‍ വരുന്നു, അതിന്റെ നിലവാരം കുറയുന്നു എന്ന് വിലപിക്കുന്നവര്‍ ധാരാളം ഉണ്ട്. (അതിന്റെ നിലവാരം എന്തെന്ന് ആര്‍ക്കാണറിയാത്തത് എന്നത് മറ്റൊരു ചോദ്യം) സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം വരുമ്പോള്‍ ഈ വാദം അവസാനിച്ചു. പക്ഷേ, അവരുടെ ഉള്ളില്‍ അത് കാണും. സാമൂഹികമായി താഴ്ന്നവര്‍ വരുന്നതാണ് നിലവാരത്തകര്‍ച്ചക്ക് കാരണം എന്നാണവര്‍ പറഞ്ഞിരുന്നതിന്റെ ആന്തരാര്‍ഥം . ഇപ്പോള്‍ അതില്ലല്ലോ.

സി ആര്‍ നീലകണ്ഠന്‍

Latest